കന്നഡയിലെ  നവതരംഗകാലം

World of Letters

കന്നഡയിലെ നവതരംഗകാലം


എഴുപതുകളുടെ തുടക്കത്തിൽ, മലയാളചലച്ചിത്രരംഗത്ത് നവതരംഗങ്ങൾ പ്രത്യക്ഷപ്പെടുന്നതിനും മുന്നേതന്നെ, നമ്മുടെ തൊട്ടടുത്ത ഭാഷയായ കന്നഡയിലെ വെള്ളിത്തിരയിൽ പുതുചലനങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവരം' എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നതിനും രണ്ടു വർഷം മുമ്പ് കന്നഡസിനിമയിലെ നവചലനങ്ങളുടെ നാന്ദികുറിക്കുന്ന പട്ടാഭിരാമ റെഡ്ഢിയുടെ സംസ്‌കാര പുറത്തിറങ്ങുന്നു. ഗിരീഷ് കർണാഡിന്റെയും ബി.വി. കാരന്തിന്റെയും സംയുക്തസംവിധാനസംരംഭമായ വംശവൃക്ഷ തൊട്ടടുത്ത വർഷത്തിലും. സത്യജിത്ത്‌റേയിലൂടെയും മറ്റും അക്കാലത്ത് ഇന്ത്യൻ ചലച്ചിത്രമേഖലയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്ന നവയഥാതഥവാദത്തിന്റെ അനുരണനങ്ങൾ ഈ സൃഷ്ടികളിലൂടെ കന്നഡയിലെ ചലച്ചിത്രരംഗത്തേക്കും ആനയിക്കപ്പെടുകയായിരുന്നു. സംസ്‌കാരയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗം പാരമ്പര്യത്തിൽനിന്നും വിമോചനം നേടുന്നതായി അടൂർ ഗോപാലകൃഷ്ണൻ പറയുന്നുണ്ട്. എഴുപതുകളുടെ തുടർന്നുള്ള വർഷങ്ങളിൽ കന്നഡഭാഷയിൽ നിർമ്മിക്കപ്പെട്ട ചില പ്രധാനപ്പെട്ട ചലച്ചിത്രങ്ങൾ പുറത്തുവന്നു, ചോമനദുഡി 1975-ലും ഘടശ്രാദ്ധ 1977-ലും. പട്ടാഭിരാമറെഡ്ഢി, ബി.വി. കാരന്ത്, ഗിരീഷ് കാസറവള്ളി, യു.ആർ. അനന്തമൂർത്തി, ശിവരാമകാരന്ത്, ഗിരീഷ് കർണാഡ്, സ്‌നേഹലതാറെഡ്ഢി, ലങ്കേഷ് തുടങ്ങി കന്നഡയിലെ നാടകത്തിന്റെയും സാഹിത്യത്തിന്റെയും ഇതര കലകളുടെയും മേഖലകളിൽക്കൂടി എണ്ണപ്പെടേണ്ട വ്യക്തികളാണ് ചലച്ചിത്രരംഗത്തെ പുതിയ ഉണർവ്വിന്റെ പിന്നിലും പ്രവർത്തിച്ചത്. ജനാധിപത്യത്തിന്റെയും സമത്വവാദത്തിന്റെയും മൂല്യങ്ങളോടു ചേർന്നു നിന്നുകൊണ്ട് ഈ പ്രതിഭകൾ എഴുപതുകളുടെ തിളയ്ക്കുന്ന ചൂടിൽ നമ്മുടെ അയൽനാട്ടിൽ സൃഷ്ടിക്കാൻ ശ്രമിച്ച പുതിയ ചലച്ചിത്രസംസ്‌കാരത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ ലേഖനം.

സംസ്‌കാര

യു.ആർ. അനന്തമൂർത്തിയുടെ നോവലെന്ന നിലയ്ക്ക് സംസ്‌കാര നേരത്തേതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംസ്‌കാരത്തിന്റെ നാനാർത്ഥങ്ങളെ വഹിക്കുന്ന രചനയായിരുന്നു അത്. മനഃസംസ്‌കരണത്തിന്റെ കഥ. മതാചാരങ്ങൾ മുറുകെ പിടിച്ചവരെ സംസ്‌കരിക്കാൻ, ശുദ്ധീകരിക്കാൻ, കറയില്ലാത്തവരാക്കാൻ, സ്വതന്ത്രരാക്കാൻ മതത്തിനു പുറത്തെ ലൗകികജീവിതം സമർത്ഥമാകുന്നതിന്റെ കഥ. താൻ അകപ്പെട്ടിരുന്ന അടഞ്ഞ ലോകത്തിനു പുറത്തുള്ള കാഴ്ചകളിലേക്കു നയിക്കപ്പെടുന്നവൻ അനുഭവിക്കുന്ന സംഘർഷങ്ങളും ഇതിൽ എഴുതപ്പെട്ടു. ഇത് യാഥാസ്ഥിതികത്വത്തെ ഞെട്ടിച്ചു. സ്തബ്ധമാക്കി. സംസ്‌കാര ചലച്ചിത്രമാകുമ്പോൾ യാഥാസ്ഥിതികത്വം കൂടുതൽ വിറളിയെടുത്തു. തുടക്കത്തിൽ, ചലച്ചിത്രം നിരോധിക്കപ്പെട്ടു. പിന്നീട്, ദേശീയ പുരസ്‌കാരങ്ങൾനേടി.


Related Articles