കാട്ടുതീക്കരികിലെ കുളിമുറിപ്പാട്ടുകാരി

World of Letters

കാട്ടുതീക്കരികിലെ കുളിമുറിപ്പാട്ടുകാരി


ഏഥൻസിൽ വിമാനമിറങ്ങുമ്പോൾതന്നെ ഗ്രീസിലെ വനമേഖലയിൽ കാട്ടുതീ പടരുന്നുവെന്നും പോകാൻ ഉദ്ദേശിച്ച ചില സ്ഥലങ്ങളിലേക്കുള്ള സന്ദർശനം സാധ്യമാകില്ലെന്നും മനസ്സിലായി. ഹൈവേയുടെ പലഭാഗങ്ങളും തീകാരണം അടച്ചിട്ടിരിക്കുന്നു. അതിനാൽ ചില ഗ്രീക്ക് ഗ്രാമങ്ങളിലേക്കുള്ള സന്ദർശനം എത്തിയ ഉടൻതന്നെ മുടങ്ങി. സഹയാത്രികനായ ലത്തീഫും (ഡോ. വി. അബ്ദുൽ ലത്തീഫ്) ഞാനും യാത്രയുടെ തുടക്കത്തിലേ ഇതുമൂലം അല്പം വിഷണ്ണരായി. 2023–ൽ മൂന്നുതവണയാണ് ഗ്രീസിൽ കാട്ടുതീ പടർന്നത്. 80,000 ഹെക്ടർ വനം കത്തിയമർന്നു. മനുഷ്യരും മൃഗങ്ങളും മരങ്ങളും സൂക്ഷ്മജീവികളും വെന്തില്ലാതായി. യാത്ര തുടങ്ങുംമുമ്പ്‌ കണ്ട കാട്ടുതീച്ചിത്രങ്ങൾ അവശേഷിപ്പിച്ച ചാരത്തിന്റെയും പച്ചയിറച്ചിയുടെയും ചൂരും കത്തിയമരുമ്പോൾ പച്ചമരങ്ങൾ വിണ്ടുകീറിപ്പൊട്ടുമ്പോഴുള്ള കൊടുംനിലവിളികളും ഞങ്ങളുടെ സഹസഞ്ചാരികളായി. അലക്‌സാൺഡ്രോപോളിയിലെ ചർച്ച്‌ കാട്ടുതീയിൽ കത്തിയമരുമ്പോൾ "ദൈവചിത്രവുമായി' ഒരു ചെറുപ്പക്കാരൻ കരഞ്ഞുകൊണ്ടോടുന്ന, മാധ്യമങ്ങളിൽ വന്ന ഒരു ഫോട്ടോഗ്രാഫും മനസ്സിലേക്കു വന്നു. മധ്യഗ്രീസിൽ യു.എൻ. പൈതൃകസ്മാരകമായി പ്രഖ്യാപിച്ച വിയോത്തിയയിലെ ഹോസിയോസ് ലൂക്ക മൊണാസ്ട്രി കാട്ടുതീ നക്കിത്തോർത്തിക്കഴിഞ്ഞിരുന്നു. യാത്രയുടെ പ്രാരംഭ ആസൂത്രണവേളയിൽ പോകാൻ ഉദ്ദേശിക്കുന്ന ലിസ്റ്റിൽ ആദ്യമുണ്ടായിരുന്ന സ്ഥലങ്ങളിലൊന്നായിരുന്നു ഇത്‌. അങ്ങനെ പല സ്ഥലങ്ങളും കാഴ്ചകളും പാതകളും ഇനിയില്ലെന്ന തോന്നൽ ഒരു കാട്ടുതീവേവിലേക്ക്‌ ശരീരത്തെയും മനസ്സിനെയും തള്ളിയിട്ടു. സ്‌കൂളിൽ അബ്ദുൽ അലി മാഷ്‌ ഈണത്തോടെ ചൊല്ലിത്തന്ന "കാട്ടുതീയിൽപ്പെട്ട കുടുംബം' എന്ന കവിതയിലെ,

അരണ്യം തന്നിൽ പിടിപെട്ടതു വഹ്നിദേവൻ
കരഞ്ഞുതുടങ്ങിനാൾ ജരിതതാനുമപ്പോൾ.
നിർഘൃണനായ പിതാവിവറ്റെയുപേക്ഷിച്ചാൻ
ദുഃഖിക്കുമാറായി ഞാൻ പൈതങ്ങളിവരോടും...

ഈ വരികളും ഒപ്പംകൂടി. യാത്രയിൽ അങ്ങനെയാണ്, ചിലപ്പോൾ മുലപ്പാലിനെക്കാൾ പഴയ ഓർമ്മകളും അനുഭവങ്ങളുംകൂടി സഹസഞ്ചാരം നടത്തും.


Related Articles