നൊബേലിലെ ടോൾസ്‌റ്റോയിക്കഥ

World of Letters

നൊബേലിലെ ടോൾസ്‌റ്റോയിക്കഥ


വർഷാവർഷം നൊബേൽ സമ്മാനം പ്രഖ്യാപിക്കുമ്പോൾ വിശേ​ഷിച്ചും വിളിച്ചുണർത്തപ്പെടുന്ന രണ്ടു പേരുകളാണ് നൊബേൽ "അനുഗ്രഹിക്കാത്ത' ലിയോ ടോൾസ്റ്റോയിയുടേതും മഹാത്മാഗാന്ധിയുടേതും. സമ്മാനം കൊടുത്തുതുടങ്ങിയ 1901-തൊട്ട് ആ ദശകം മുഴുവൻ ജീവിച്ചിരുന്ന ടോൾസ്റ്റോയിയും ദക്ഷി​ണാഫ്രിക്കൻ കാലഘട്ടം തൊട്ടേ സമാധാനദൂതനായി ലോകമെങ്ങും പുകഴ്‌പെറ്റ മഹാത്മാഗാന്ധിയും യഥാക്രമം സാഹിത്യത്തിന്റെയോ സമാധാനത്തിന്റെയോ നൊബേൽ പട്ടികയിലില്ല. ഗാന്ധിജിക്ക് നൊബേ​ൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ-മഹാത്മാവ് അതു സ്വീകരിക്കില്ലായിരുന്നു എന്നാണ് എന്റെ ഊഹം–അക്കാര്യം പരാമർശിക്കുന്നതുപോലും ഏ​തൊ​രു സമാധാനപ്രേമിയെയും നാണംകെടുത്തുമായിരുന്നു. രാഷ്ട്രീയ-രക്തദാഹിയായ ഹെൻറി കിസ്സിൻജെർക്കുപോലും നൽകിയ സമ്മാനമല്ലേ സമാധാനത്തിന് അന്നും "രാഷ്ട്രീയ നൊബേൽ' ആയിരുന്നു നൽകിയിരുന്നത്; ഇന്നും അതെ.

ഈ കുറിപ്പിലെ വിഷയം സാഹി​ത്യനൊബേലും ടോൾസ്റ്റോയിയുമാണ്. ജീവിച്ചിരുന്ന കാലത്ത് (1828-1910) വിശ്വസാഹിത്യത്തിലെ ഏറ്റവും കീർത്തിമാനും "സാഹിത്യവിഗ്രഹ'​വുമായിരുന്നു ടോൾസ്റ്റോയ്. ആ പ്രസിദ്ധിയും സാഹിത്യമികവും സ്വീഡനിൽ എത്തിയിരുന്നില്ലെന്ന് ആരും പറയില്ലല്ലോ. അങ്ങനെയാണ്, ഒരു കൗതുകത്തിന്-കൗതുകത്തിനായിമാത്രം, അല്ലാതെ, എഴുത്തുകാരനും പുരസ്‌കാരവും തമ്മി​ൽ എന്ത്?–ഇതെഴുതുന്നയാൾ ഒര​ന്വേഷണത്തിനു മുതിർന്നത്: എന്തു​കൊണ്ടല്ല ടോൾസ്റ്റോയ്? ടോൾസ്റ്റോയിയുടെ ജീവചരിത്രങ്ങൾ, ഈ വിഷ​യം സംബന്ധിച്ച അക്കാലത്തെ ചരി​ത്രരേഖകൾ, മാധ്യമവാർത്തകൾ, പ്രതികരണങ്ങൾ തുടങ്ങിയവയിലൂടെ കടന്നുപോയി.

സാഹിത്യത്തിനുള്ള പ്രഥമ നൊ​ബേൽ (1901) ഫ്രഞ്ച് കവി സുലി പ്രൂധോമിനായിരുന്നു. ഇന്ന്, നൊബേ​ലിന്റെ, അതും പ്രഥമ നൊബേലിന്റെ പേരിൽമാത്രം ഓർമ്മിക്കപ്പെടുന്ന പ്രൂധോം അക്കാലത്ത് അറിയപ്പെടുന്ന ഫ്രഞ്ച് കവിയായിരുന്നു. ടോൾസ്റ്റോയ് പോലും "എന്താണു കല?' എന്ന പുസ്തകത്തിൽ മതിപ്പോടെ പരാമർശിച്ച കവി. ചോദ്യം പക്ഷേ, ഇതാണ്: ടോൾസ്റ്റോയിയും ഇബ്‌​സനും ജീവിച്ചിരിക്കെ എന്തുകൊണ്ട് പ്രൂധോം? ഉത്തരം: സാഹിത്യബാഹ്യമായ പരിഗണനകൾ.


Related Articles