തോറ്റ കുട്ടി 

World of Letters

തോറ്റ കുട്ടി 


സ്കൂളടച്ചാൽ കൂട്ടുകാരെല്ലാം അമ്മയുടെ വീട്ടിലേക്ക് അല്ലെങ്കിൽ മറ്റു ബന്ധുക്കളുടെ വീട്ടിലേക്ക് കൂടുമാറുമായിരുന്നു. അവധിക്കാലം അങ്ങനെയാണ്. അവധി കഴിഞ്ഞെത്തുമ്പോൾ എല്ലാവർക്കും വിസ്മയങ്ങളുടെ കഥ പറയാൻ കാണുമായിരുന്നു. വീഗാലാന്റിലെ സ്വിമ്മിംഗ് പൂളിൽ മുങ്ങിപ്പൊന്തിയത് , മീൻ കുഞ്ഞുങ്ങളെ കുപ്പിയിലടച്ച് ശ്വാസം മുട്ടിച്ചത് , മീനാണെന്നു കരുതി തവളപ്പൊട്ടലിനെ വളർത്തി മുട്ടനൊരു തവളയെക്കണ്ട് ഇളിഭ്യനായത് .അങ്ങനെ ഒരുപാടൊരുപാട് . കുറേയൊക്കെ നുണയല്ലേന്ന് തോന്നുമെങ്കിലും കേൾക്കാൻ രസമുണ്ടായിരുന്നു.

എന്നാലൊരിക്കൽ പോലും എന്നെയാരും വീഗാലാന്റ് കാണിച്ചില്ല. സ്കൂളടച്ചാൽ അവളെ ഇങ്ങോട്ട് പറഞ്ഞയക്കണേന്ന് ഒരു ബന്ധുവും വിളിച്ചോർമ്മിപ്പിച്ചില്ല. അവധി ആണെങ്കിലും അല്ലെങ്കിലും ഞാനെപ്പോഴും ചിരട്ടകൊണ്ട് തുലാസുണ്ടാക്കി കായേം പൂവും പറിച്ചടുക്കി പലചരക്കുകട പണിതു. ഓരോന്നും തൊട്ടുനോക്കി ഇതിനെത്രയാ ഇതിനെത്രയാ എന്നു ചോദിച്ച് വിലപേശി. കുറച്ചു സാധനം മാത്രം വാങ്ങുന്ന തൊഴിലാളിയും ഉദാസീനതയോടെ സാധനമെടുത്തു നൽകി വീണ്ടും വീണ്ടും പണമെണ്ണി നോക്കി വലിപ്പിലിടുന്ന മുതലാളിയും ഞാൻ തന്നെയായിരുന്നു. എന്റെ ഇല്ലാത്ത കുട്ടിയെ ആരും കാണാതെ പാലൂട്ടി താരാട്ടുപാടിയുറക്കി , ഒറ്റയ്ക്കു ചിരിച്ച്, ഒറ്റയ്ക്ക് കരഞ്ഞ്, ഒറ്റയ്ക്ക് …

ഏഴാം ക്ലാസിൽ പഠിയ്ക്കുമ്പോൾ ഞാൻ ആദ്യമായിട്ടൊരു ബന്ധുവീടിന്റെ പടി കയറി. ആ പടവുകൾ കയറുന്നിടത്ത് ഇടത്തും വലത്തുമായി പടുകൂറ്റൻ പ്ലാവുകൾ. നല്ല തണൽ. മണ്ണിനുപുറത്ത് കെട്ടുപിണഞ്ഞുകിടക്കുന്ന വീതിയേറിയ വേരുകൾ. മനസ്സിൽ തോന്നി, " ചോറും കൂട്ടാനും കളിക്കാൻ പറ്റിയ സ്ഥലം " .


Related Articles