നോവലെഴുതാൻ ശ്രമിച്ചവർക്കും നോവലിനെ പിന്തുടരുന്നവർക്കുമറിയാം, നോവലെഴുത്ത് എന്നത് അല്പം ബുദ്ധിമുട്ടേറിയ പണിയാണ്. അതിന് ദീർഘമായ ഒരു ഇന്നിംഗ്സിനുവേണ്ട ക്ഷമ ആവശ്യമാണ്. നൂറു മീറ്റർ ഓടുന്നതുപോലെയല്ല മാരത്തോൺ ഓടുന്നത്. മാരത്തോണിൽ ഒരുപാട് കിലോമീറ്റർ ഓടാനുണ്ട്. വളരെ പതുക്കെ ഓടിത്തുടങ്ങുന്നു, പതുക്കെപ്പതുക്കെ മുന്നേറുന്നു. ചിലർ വഴിയിൽ വീണു പോകുന്നു, വീണിടത്തുനിന്ന് എഴുന്നേറ്റോടുന്നു. അവസാനം ഏറ്റവും സ്റ്റാമിനയുള്ളവർ ഫിനിഷ് ചെയ്യുന്നു. അതാണ് മാരത്തോണിന്റെ സ്വഭാവം.
ഈ സ്വഭാവം നോവലെഴുത്തിനുമുണ്ട്. നോവലെഴുത്ത് ഒരുപാട് വിഭവശേഷി ആവശ്യപ്പെടുന്ന കാര്യമാണ്. പല സമയത്തും നാം പരാജയപ്പെട്ടതായി നമുക്ക് തോന്നും. നീണ്ടുനിൽക്കുന്ന ക്ഷമ നമുക്കാവശ്യമാണ്. കഥാപാത്രങ്ങളെ വാർത്തെടുക്കാനുള്ള കഴിവ് വേണം. ഒരു കെട്ടിടം പണിയുന്നതുപോലെ ചിട്ടയോടെ കാര്യങ്ങൾ സമഗ്രമായി ചെയ്യാനുള്ള കഴിവ് വേണം.
ഒരു പ്രചോദനമോ ചെറിയൊരു ആശയമോ പോരാ ഒരു നോവലെഴുത്തിന്.
