പീഡിതന്റെ വേദനയും ആത്മസംഘർഷങ്ങളും ഒപ്പിയെടുത്ത ഇബ്രാഹിം സുലൈമാൻ അൽറുബായിഷിന്റെ Ode to The Sea എന്ന കവിത ഒരു വർഷത്തിനുശേഷമുണ്ടായ വെളിപാടിൽ കോഴിക്കോട് സർവ്വകലാശാല ബിരുദപഠന സിലബസിൽ നിന്ന് പുറന്തള്ളിയിരിക്കുന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ ക്യാമ്പെന്നു വിശേഷിപ്പിക്കപ്പെട്ട കരീബിയൻ കടൽത്തീരത്തെ ഗ്വാണ്ടനാമോ തടവറയുടെ ഭീതിതാന്തരീക്ഷത്തിൽ ടോയ്‌ലറ്റ് പേപ്പറിൽ ടൂത്ത്‌പേസ്റ്റുകൊണ്ടായിരിക്കണം ഒറ്റപ്പെട്ടവന്റെ ആ മനോവ്യഥകൾ കുത്തിക്കുറിക്കപ്പെട്ടത്. തടവറക്കവിതകൾ അന്യമല്ലാത്ത മലയാളി മനസ്സിന് തിരയടങ്ങാത്ത കടലിനോടു മാത്രം പറയാനാകുന്ന ആ വിങ്ങലുകൾ ഏറെ അനുതാപത്തോടെ ഏറ്റു വാങ്ങാനാവും. ഭീകര പരിവേഷം ചാർത്തി ഒരു സമൂഹത്തെ മുഴുവൻ പതുക്കെപ്പതുക്കെ പുറമ്പോക്കിലേക്ക് തള്ളുന്ന രോഗബാധിത സമൂഹത്തിന്റെ ക്രൗര്യങ്ങൾ നേരനുഭവങ്ങളേക്കാൾ ഹൃദയാനുഭവങ്ങളായി ഏറ്റുവാങ്ങാനാവുന്ന ബൗദ്ധികനിലവാരമുള്ളവൻ കൂടിയാണല്ലോ മലയാളി. അതുകൊണ്ടുതന്നെ ഈ കവിതാ നിരാസത്തെ അപലപിക്കാത്തവരെ നോക്കി 'നിങ്ങളുടെ നിഷ്പക്ഷ നിശ്ശബ്ദത അശ്ലീലമാണ്' എന്നും 'ബുദ്ധിജീവികൾ വിക്കുകയാണ്' എന്നും തുറന്നടിക്കാൻ മലയാളി സർഗ്ഗമനസ്സ് തയ്യാറാവുന്നതും സ്വാഭാവികം. കവിയുടെ ജീവചരിത്രമോ സ്വഭാവവൈശിഷ്ട്യമോ അല്ല, കവിതയുടെ വികാരമാണ്, കവിത ഉരുവംകൊണ്ട അനുഭവത്തിന്റെ തീക്ഷ്ണതയാണ് അനുവാചകൻ തിരയേണ്ടത് എന്നതും വലിയൊരളവുവരെ സത്യം. എക്കാലത്തും വ്യവസ്ഥകളെ ഉല്ലംഘിച്ചവനാണ് കവി എന്നും അയാളുടെ ജീവിതത്തിൽ പൊതുസമൂഹത്തിന്റെ അംഗീകൃത വ്യവസ്ഥകൾക്കു നിരക്കാത്ത ഏറെ ഇടങ്ങൾ കണ്ടെത്തിയെന്നുവരാമെന്നും, അതുകൊണ്ടുതന്നെ അയാളൊരു തീവ്രവാദിയായിരിക്കുന്നെങ്കിൽ ഒട്ടുമേ അപാകതയില്ലെന്നും വേണമെങ്കിൽ അതേറ്റവും അനുയോജ്യം എന്നുവരെയും വാദിക്കാം. ഏറ്റവും വലിയ ജനാധിപത്യരാജ്യങ്ങളിലൊന്നെന്നും മനുഷ്യാവകാശ സംരക്ഷകരെന്നും അഭിമാനിക്കുന്ന അമേരിക്കയുടെ ഇരട്ടമുഖത്തിനു നിദർശനമായി ഗ്വാണ്ടനാമോ തടവറയെ ചൂണ്ടിക്കാണിക്കുന്നതും ഏറെ ശരി.
