ബഷീറിലെ മനുഷ്യർ

World of Letters

ബഷീറിലെ മനുഷ്യർ


‘ബഷീർ: വ്യക്തിയും നോവലിസ്റ്റും’ എന്ന ലേഖനത്തിൽ ടി. പത്മനാഭൻ നടത്തിയ നിരീക്ഷണം വളരെ കൃത്യമാണ്. ബഷീർ കൃതികളിലുടനീളം ദൃശ്യമാകുന്ന അതിശക്തമായ ഒരന്തർധാരയുണ്ട്. അത് സ്നേഹത്തിന്റേതാണ്. സൂഫിയും സന്ന്യാസിയുമായിരുന്ന ഈ എഴുത്തുകാരന്റെ ഹൃദയത്തിൽനിന്ന് വിനിർഗ്ഗളിക്കുന്ന മഹത്തായ ഈ വികാരം മനുഷ്യനെമാത്രമല്ല സർവ്വചരാചരങ്ങളെയും അതിന്റെ ഗാഢാശ്ലേഷത്തിൽ വരിഞ്ഞുകെട്ടുന്നു! അതുകൊണ്ടായിരിക്കാം പൂർണ്ണമായും വെറുക്കാൻ കഴിയുന്ന ഒരൊറ്റ കഥാപാത്രത്തെപ്പോലും നിങ്ങൾക്ക് ബഷീർ സാഹിത്യത്തിൽ കണ്ടുമുട്ടാൻ കഴിയാത്തത്; ദുഷ്ടപാത്രങ്ങളോടുപോലും അങ്ങനെയൊരു തരംതിരിവിൽപ്പെടുന്നവരുണ്ടെങ്കിൽ-അലിവ്, സഹാനുഭൂതി എന്നീ വികാരങ്ങൾ നാമറിയാതെതന്നെ നമ്മിൽ ഉയിർകൊള്ളുന്നു! ഓർക്കുക: ‘ഇടിയൻ പണിക്ക’രോടുപോലും നമുക്കു ദയ തോന്നിപ്പോകുന്നില്ലേ? (ബഷീർ:സമ്പൂർണ്ണ കൃതികൾ 1:28-29).

“ബഷീറിനു ചുറ്റും മനുഷ്യർ വേണം. സ്നേഹം സ്വീകരിക്കുകയും നൽകുകയും ചെയ്യുന്ന മനുഷ്യർ വേണം” (1:59) എന്ന് എം. ടി. വാസുദേവൻനായർ ‘എന്റെ പ്രിയപ്പെട്ട കാഥികൻ’ എന്ന ലേഖനത്തിലെഴുതിയതും ഇതോടു ചേർത്ത് വായിക്കണം.

സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതാണു ജീവിതമെന്ന് ഉറച്ചു വിശ്വസിച്ച, നിർല്ലോഭം സ്നേഹപ്പൂക്കൾ ചൊരിഞ്ഞ ഒരു പൂമരമായിരുന്നു ബഷീറെന്ന് ആ സ്നേഹസ്പർശം അനുഭവിക്കാനിടയായ പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


Related Articles