എഴുത്തിന്റെ നാഡീഞരമ്പ്

World of Letters

എഴുത്തിന്റെ നാഡീഞരമ്പ്


ദുർമരണം പ്രാപിച്ചൊരുവൾ ആവാസമുറപ്പിച്ച പാലമരമായിരുന്നു ഞാൻ. നിരന്തരം ആഞ്ഞടിച്ച ചുഴലിക്കാറ്റുകളിൽ അവളും ഞാനും ഒന്നിച്ചുലഞ്ഞു. ഇളക്കിമറിച്ച ഭൂകമ്പ​ങ്ങ​ളിൽ അവളും ഞാനും ഒന്നിച്ചു ചുഴന്നു. എപ്പോഴോ അവളേത്, ഞാനേത് എന്ന വേർതിരിവു മാഞ്ഞു. എന്റെ വരണ്ട പുറം​തൊലി മുറിഞ്ഞപ്പോൾ അവളുടെ വയലറ്റ് രക്തമൊഴുകി. അവളുടെ മഞ്ഞൾക്കണ്ണീരിൽ എനിക്കു കടൽപ്പച്ചവേരുകൾ പൊടിച്ചു. അവളുടെ മയിൽനീലയസ്ഥികളിൽ തൂവെള്ള ശിഖരങ്ങൾ പടർന്നു. അവൾ ഹൃദയച്ചുവപ്പുള്ള ഇലകൾ കൊഴിച്ചു. കടുപ്പ​മുള്ള കല്ലുകൾ പുഷ്പിച്ചു. എഴുത്തു തീർത്തും ജൈവികമായിരുന്നു. അത് ഉയിർക്കലും ഉച്ചാടന​വുമായിരുന്നു.

എഴുത്തിന്റെ ഓരോ പടിയിലും എന്തിനെഴുതുന്നു എന്നു ചോദ്യംചെയ്ത് സാലഭഞ്ജികകൾ പരിഹസിച്ചു. കൃത്യമായ ഉത്തരമില്ലാതെ ഓരോ തവണയും വച്ച കാൽ പിൻവലിച്ചു. ഒടുവിലൊരിക്കൽ ഉത്തരമുണ്ടായി–എനിക്കു വായിക്കാൻ. വയസ്സു ചെല്ലുമ്പോൾ, എഴുതാതെ പോയ കഥകളെക്കുറിച്ചും കവിതകളെക്കുറിച്ചും പശ്ചാത്താപം ഒഴിവാക്കാൻ. മസ്തിഷ്ക​ത്തിലെ കോശങ്ങൾ ഓരോന്നായി കൊഴിഞ്ഞുകഴിഞ്ഞ്, സ്വന്തം സത്യമെന്തായിരുന്നു എന്നുഴറുമ്പോൾ, ഞാൻ എന്റെ ഭാവനമാത്രമായിരുന്നു എന്നു സ്വയം സാന്ത്വനിപ്പിക്കാൻ.

വായനക്കാരിയാക്കിയതും എഴുത്തുകാരിയാക്കിയതും അമ്മയാണ്. അമ്മയുടെ ആത്മസുഹൃത്ത് എം.ഡി. രത്നമ്മ ആയിരുന്നു മാതൃക. പശയിട്ട കോട്ടൺ സാരി ഭംഗിയായി ഞൊറിഞ്ഞുടുത്ത, ചുരുണ്ട മുടി പിന്നിൽക്കെട്ടിയ രത്നമ്മ ടീച്ചറിന്റെ രൂപം എനിക്കു ഞാൻ വരച്ചു ചേർത്തു. എന്റെ പേരച്ചടിച്ച പുസ്തകങ്ങളും എന്റെ പുസ്തകങ്ങൾ നിറഞ്ഞ ബുക്ക് സ്റ്റോളുകളും ഭാവനയിൽ കണ്ടു. എഴുത്താണ് എന്റെ വഴിയെന്ന് ഉള്ളിലൊരുവൾ ഉറപ്പിച്ചു.


Related Articles