തത്ത്വമസി: തത്ത്വവും അനുഷ്ഠാനവും: ആമുഖം

World of Letters

തത്ത്വമസി: തത്ത്വവും അനുഷ്ഠാനവും: ആമുഖം


മ്മുടെ അദ്ധ്യാത്മസാഹിത്യത്തിൽ ഔപനിഷദമായ ഗുപ്തഭാഷകളും, സാങ്കേതിക പ്രാധാന്യമുള്ള പ്രതീകങ്ങളും സുലഭമാണ്. അതിനൊരു ഉദാഹരണമാണ് ശ്രീമദ് ഭഗവദ്ഗീതയുടെ പതിനഞ്ചാം അദ്ധ്യായത്തിൽ ജീവവൃക്ഷത്തെ ഒരാശ്ചര്യമെന്നതുപോലെ വര്‍ണ്ണിച്ചിരിക്കുന്നത്. ഈ അത്ഭുതവൃക്ഷത്തിന്റെ മുഖ്യമായ വേര് ഇരിക്കുന്നത് മുകളിലാണ്. എല്ലാ മരങ്ങളുടെയും മൂലം ഭൂമിയിലായിരിക്കുമ്പോള്‍ അദ്ധ്യാത്മമായ ജീവിതവൃക്ഷത്തിന്റെ ചുവട് മുകളിലാണെന്നു പറയുന്നത് തന്നെ ആശ്ചര്യം. അതിൽ നിന്നും വരുന്ന ശാഖകള്‍ ഇരുവശങ്ങളിലേക്കും പടർന്നുപോകുന്നു. ആ ശാഖകളിൽ അങ്കുരിക്കുന്ന ഇലകള്‍ ഛന്ദസ്സുകളാണ്--വാക്കുകളാണ്. നാലു വശങ്ങളിലേക്കും പോകുന്ന ശാഖകളിൽ നിന്നും താഴോട്ടും കുറെ വേരുകള്‍ പോകുന്നു. ആ വേരുകളാകട്ടെ ഇഹത്തിൽ, ഭൂമിയിൽ ചുറ്റിപ്പിണഞ്ഞ് അതിന്റെ കര്‍മകുടിലതയിൽ മനുഷ്യലോകത്തെ ബന്ധിച്ചിട്ടിരിക്കുന്നു. മുകളിലേക്കു പോകുന്നതായ വേര് നാം അന്വേഷിച്ച് എത്തിയാൽ അതിന്റെ ഉത്ഭവം സൂര്യന്‍ പ്രകാശിക്കുന്നിടത്തല്ല. അതിന്റെ പ്രഭവസ്ഥാനത്ത് ചന്ദ്രനോ നക്ഷത്രമോ പ്രകാശിക്കുന്നില്ല. സ്വയം പ്രകാശമായിരിക്കുന്ന, എല്ലാ വിളക്കിനും വിളക്കായിരിക്കുന്ന, നിത്യജ്യോതിസ്സിൽ നിന്നാണ് അതിന്റെ ഉൽപത്തി. ഈ ചിത്രം വേണ്ടതരത്തിൽ മനസ്സിലാക്കിയാൽ ഭൂതഭൗതികശാസ്ത്രങ്ങളും അദ്ധ്യാത്മശാസ്ത്രങ്ങളും തമ്മിൽ ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്ന പിണക്കമെല്ലാം മാറും. പ്രപഞ്ചരഹസ്യത്തെ അന്വേഷിക്കുന്നതിന് നമുക്ക് ശുദ്ധവും വ്യക്തവുമായ ഒരു മാര്‍ഗ്ഗം ലഭിക്കുകയും ചെയ്യും.

ഇവിടെ നാം ജീവിക്കുന്ന ഉറപ്പുള്ള ഈ മണ്ണുമുതൽ വിണ്ണിനെയും കടന്ന്, വിണ്ണിനും അപ്പുറത്തു പരിലസിക്കുന്ന നിത്യജ്യോതിസ്സുവരെ ഉയര്‍ന്നുനിൽക്കുന്ന ഒരു മരമാണ് ഇത്. ഇഹം, പരം എന്നിവയെ രണ്ട് ധ്രുവങ്ങളാക്കിക്കൊണ്ട് ചരിത്രത്തിന്റെ ആദിയുടെ പിന്നിലേക്കും അന്ത്യത്തിന്റെ മുന്നിലേക്കും കടന്നുപോകുന്നതായ ഒരു രേഖയാണ് ഇവിടെ സങ്കൽപിക്കേണ്ടിയിരിക്കുന്നത്.

ഈ ജീവവൃക്ഷത്തിന്റെ താഴോട്ടുപോകുന്ന വേരുകള്‍ ഐഹികമായ സകല ബന്ധങ്ങളെയും മനുഷ്യരുടെയിടയിl ഉണ്ടാക്കി സംസാരത്തിൽ കെട്ടിനിറുത്തിയിരിക്കുന്നു. ഇതിനെ സംബന്ധിച്ചിടത്തോളം ആശ്ചര്യകരമായിരിക്കുന്നത്, അദ്ധ്യാത്മമായി ഇതിനെ പോഷിപ്പിക്കുന്ന വേര് മുകളിലാണ് എന്നതാണ്. മേഘത്തിൽനിന്നും വരുന്ന ജീവദാതാവായ ജീവനംപോലെ, സൂര്യനിൽ നിന്നും വരുന്ന ജ്യോതിസ്സുപോലെ, ജീവന് അതിന്റെ ആത്മസത്തയെ പകര്‍ന്നുകൊടുക്കുന്ന ആദിസ്രോതസ്സാണ് ഈ വേര്. സൂര്യനെയും കടന്നുപോകുന്നതാണ് പരമമായ ഈ മഹാജ്യോതിസ്സെങ്കിലും, നാം അതിന്റെ ശുദ്ധ ചൈതന്യത്തെ സൂര്യനോട് ഉപമിച്ച് ഒരു ദേവതയാക്കി; ആ സവിതാവിനോട് നടത്തുന്ന പ്രാര്‍ത്ഥനയാണ് ഗായത്രി:


Related Articles