തത്ത്വചിന്തകരും കവികളും തമ്മിൽ കലഹിച്ചപ്പോൾ

World of Letters

തത്ത്വചിന്തകരും കവികളും തമ്മിൽ കലഹിച്ചപ്പോൾ


"ല യുക്തിബദ്ധമോ അതോ, അയുക്തികമോ? തത്ത്വചിന്തയും നന്മയും വസിക്കുന്ന ആത്മാവിന്റെ മഹത്തായ മണ്ഡലത്തിലാണോ കലയുടെ സ്ഥാനം? അതോ ഇന്ദ്രിയാസക്തിയോടും അപക്വമായ വികാരാവേശത്തോടും ചേർന്ന് ആത്മാവിന്റെ അധമമായ മേഖലയിലാണോ അതു വസിക്കുന്നത്? ഇതായിരുന്നു പ്ലാറ്റോ ഉന്നയിച്ച ചോദ്യം. ഇതോടെ, ചരിത്രത്തിൽ ആദ്യമായി ലാവണ്യശാസ്ത്രത്തിന്റെ അടിസ്ഥാനപ്രശ്നം വ്യക്തമായ  രൂപം കൈക്കൊണ്ടു.”1

കഴിഞ്ഞ നൂറ്റാണ്ടിലെ ലാവണ്യശാസ്ത്രചിന്തകൻ ബെനഡെറ്റോ ക്രോച്ചേയുടെ നിരീക്ഷണമാണിത്. വാസ്തവത്തിൽ ഇവിടെ ഒന്നിലേറെ പ്രശ്നങ്ങളുണ്ട്. തത്ത്വചിന്തയും നന്മയും ചേരുന്ന മഹത്തായ തലം, ഇന്ദ്രിയാസക്തിയും അപക്വമായ വികാരാവേശവും ചേരുന്ന അധമമായ തലം എന്നിവ ചേരുന്ന ആത്മാവ് എന്ന പ്ലാറ്റോയുടെ സങ്കല്പനംതന്നെ ഏതു ചോദ്യത്തിനുമുള്ള ഉത്തരം കാലേകൂട്ടി നമുക്കു നല്കുന്നുണ്ട്. ഈ പ്രശ്നം തത്കാലം മാറ്റിവയ്ക്കാം. കലയെ യുക്തിചിന്തയിലൂടെ അറിയാനാകുമോ, അതോ അതിന്റെ അടിസ്ഥാനം ഇന്ദ്രിയസംവേദനം മാത്രമാണോ എന്നതാണ് ഇനിയുള്ള ഒരു പ്രശ്നം. കലയും ധാർമ്മികതയും തമ്മിലുള്ള ബന്ധമെന്താണ് എന്നതു മറ്റൊരു പ്രശ്നം. ഈ ചോദ്യങ്ങൾ ലാവണ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ പ്രധാനഘട്ടങ്ങളിലെല്ലാം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പത്തു പുസ്തകങ്ങളായി വിഭജിക്കപ്പെട്ട പ്ലാറ്റോയുടെ റിപ്പബ്ലിക് എന്ന സംവാദത്തിലും അതിന്റെ അടയാളങ്ങൾ ഉടനീളമുണ്ട്. പ്രത്യേകിച്ച് രണ്ട്, മൂന്ന്, പത്ത് എന്നീ പുസ്തകങ്ങളിൽ കവിത, വാസ്തുവിദ്യ, ചിത്രരചന, സംഗീതം എന്നിവയുടെ സ്വഭാവമെന്തെന്നും അവയിൽ സ്വീകാര്യവും അസ്വീകാര്യവുമായവ ഏതൊക്കെയെന്നും നിശിതമായി നിർണ്ണയിക്കുന്നു. നീതി, നന്മ മുതലായ മൂല്യങ്ങളെക്കുറിച്ചും അവയെ ആധാരമാക്കി നിർമ്മിക്കേണ്ട ആദർശരാഷ്ട്രത്തെക്കുറിച്ചുമാണ് റിപ്പബ്ലിക് പ്രധാനമായും ചർച്ച ചെയ്യുന്നത്. പതിവുപോലെ ഈ സംവാദത്തിൽ പങ്കെടുക്കുന്ന ഒരാൾ സോക്രട്ടീസ്തന്നെ. അക്കാലത്തെ ഒരു സോഫിസ്റ്റായ ത്രസിമാക്കസ്, വൃദ്ധവ്യാപാരിയായ സെഫാലസ്, സെഫാലസിന്റെ പുത്രൻ പൊളമാർക്കസ്, പ്ലാറ്റോയുടെ സഹോദരന്മാരായ അഡൈമാന്റസ്, ഗ്ലോക്കൺ എന്നിവർ പലപ്പോഴായി ഒപ്പം ചേരുന്നു.

ബെനഡെറ്റോ ക്രോച്ചേ
ബെനഡെറ്റോ ക്രോച്ചേ

Related Articles