നരഭോജിപ്പുഴുക്കൾ

World of Letters

നരഭോജിപ്പുഴുക്കൾ


പിറ്റേന്ന് ആ ഗ്രാമം ഒന്നാകെ പേടിയോടെയായിരുന്നു ഉണർന്നത്. പതിവുപോലെ അതിരാവിലെ പാലുമായി പൊയ്ക്കൊണ്ടിരുന്ന ഗോവിന്ദൻ അന്ന് രാവിലെ ഇരുട്ടിൽ വയൽ വഴി പോകാനുള്ള ഭയം കാരണം ചെറു വെളിച്ചം വന്നതിനുശേഷമായിരുന്നു ആ വഴി പാലുമായി വന്നത്. വീട്ടിൽനിന്ന് വയൽറോഡെത്തുമ്പോൾ ഇടതുഭാഗത്ത് ദൂരെയായുള്ള കനാൽപൈപ്പിന് നേരേയായി​രുന്നു ഗോവിന്ദന്റെ കണ്ണുകൾ ‍നീണ്ടത്. അവിടെ തലേന്ന് കണ്ടതുപോലെയുള്ള കാഴ്ചകൾ ഒന്നുമില്ല എന്നത് നേരിയ ആശ്വാസം തന്നെങ്കിലും വയൽറോഡിനു നടുവിൽ എത്തിയപ്പോൾ ഒരു ദുർഗന്ധം ഗോവിന്ദന്റെ മൂക്കിനെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. പതിയെ അയാൾ ചുറ്റും നോക്കുമ്പോൾ വലതുഭാഗത്ത് ഇന്നലെ കാണാതിരുന്ന കോലം തല ഉയർത്തി നിൽക്കുന്നതാണ് ഗോവിന്ദൻ കണ്ടത്. പെട്ടെന്നത് കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും അത് മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇന്നലെ അത് കാണാനില്ലായിരുന്നു എന്നതും ഓർത്തപ്പോൾ ഗോവിന്ദന്റെ ഉള്ളിൽ ചെറിയൊരു ഭയം ഉടലെടുത്തു. ഇന്നലെ ഇത്രയൊക്കെ സംഭവി​ച്ചിട്ടും ആരാവും ഇത്ര ധൈര്യത്തിൽ അവിടെ വന്നു കോലം എടുത്തുവെച്ചിട്ടുണ്ടാവുക എന്ന് ആലോചിച്ചുകൊണ്ട് കടന്നുവന്ന വഴിയൊന്നും തിരിഞ്ഞുനോക്കാതെ ചെറുവെളിച്ചത്തിൽ അയാൾ വേഗത്തിൽനടന്നു. പതിവില്ലാതെ അന്ന് കവലയിൽ പാലിനായി വന്നെത്തിയ ആളുകളും കുറവായിരുന്നു. അത്ര നേരമായിട്ടും കണ്ടെത്താത്ത ശവം ഗ്രാമത്തെ ഒന്നടങ്കം ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട് എന്ന് വേണം പറയാൻ. കവലയിൽ എത്തിയ ഗോവിന്ദൻ പാൽ അളന്നു കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് രാവിലത്തെ ബസ് കവലയിലേക്ക് വരുന്നത്. അതിൽനിന്ന് ഇറ​ങ്ങിയ ഒരാൾ അവർക്ക് നേരേ ഓടിവന്ന് പേടിയോടെ ആ നെല്ലിപ്പാടം ഗ്രാമത്തെ മുഴുവൻ ഭയപ്പെടുത്തുന്ന ഒരു കാര്യം പറഞ്ഞു:

“ഇന്നലെ കണ്ടെത്തിയത് വിരലല്ല, ഒരു പുരുഷ ലിംഗമാണ്. പൊലീസ് അറിയിച്ചതാണ്. ഇന്ന് പൊലീസ്നായയുമായി അവർ ഇങ്ങോട്ട് വരുന്നുണ്ട്.” അതു കേട്ട കവലയിലുള്ളവരൊക്കെയും ഞെട്ടലോടെ പരസ്പരം നോക്കി. പാൽ കൊടുത്തുകൊണ്ടി​രുന്ന ഗോവിന്ദന്റെ കൈകൾ വിറച്ചുതുടങ്ങി. അപ്പോഴും ആ ശവം കണ്ട ഒരേയൊരാൾ താനാണെന്നതും പിന്നീട് ആ ശവം കാണാനില്ല എന്നതും ഗോവിന്ദനെ നന്നായി ഭയപ്പെടുത്തുന്നുണ്ടായിരുന്നു. വിറയാർന്ന കൈകൾകൊണ്ട് അയാൾ എല്ലാവർക്കും പാലളന്ന് നൽകി തിരിച്ചു വീട്ടിലേക്കുള്ള വയൽ വഴിയിലേക്ക് നടന്നു. വയൽ തുടങ്ങുന്ന ഭാഗത്തേക്കെത്തുമ്പോൾ ഗോവിന്ദൻ വലത് ഭാഗത്തായുള്ള കനാൽപൈപ്പിലേക്ക് ചെറുവിറയലോടെ നോക്കി. സൂര്യൻ ഉദിച്ചുതുടങ്ങിയെങ്കിലും പുലർച്ചെയുള്ള കോടമഞ്ഞിന്റെ തണുപ്പ് മാറിയിട്ടുണ്ടായിരുന്നില്ല. ഇളം തണുപ്പുള്ള കാറ്റേറ്റ്, ആ ശവം എവിടെ പോയിട്ടുണ്ടാകുമെന്ന ചിന്തയിൽ പേടിച്ചുവിറച്ച് അയാൾ വയൽറോഡിന് നടുവിൽ നിന്നു. വയലിനു ചുറ്റും കാക്കക്കൂ​ട്ടവും പരുന്തും വട്ടമിട്ട് പറന്നു കരയാൻ തുടങ്ങിയിരുന്നു. പതിവില്ലാത്ത ആ കാഴ്ച കണ്ടപ്പോൾത്തന്നെ ഗോവിന്ദന് അവ അസാധാരണമായ എന്തോ കണ്ടിട്ടുണ്ടെന്ന് മനസ്സിലായി. ദുർഗന്ധം വീണ്ടും ഗോവിന്ദന്റെ മൂക്കിലേക്കടിച്ചുകയറി. അതെ, എന്തോ ചത്തു ചീഞ്ഞ മണം. ശവം ഈ പരിസരത്തെവിടെയോ ഉണ്ടെന്ന ബോധ്യത്തിൽ പേടിയോടെ ഗോവിന്ദൻ വീട്ടിലേക്കുള്ള നടത്തത്തിന്റെ വേഗത കൂട്ടി. പ്രായത്തിന്റെ അവശത ആ മനുഷ്യനെ ഭയത്തോടൊപ്പം നന്നായി തളർത്തിയിട്ടുണ്ട്. പതിയെ വയൽ കടന്ന് വീട്ടിലെത്തി മുറ്റത്തോട് ചേർന്നുള്ള തൊഴുത്തിലെ തന്റെ ഏക സമ്പാദ്യമായ പശുക്കിടാങ്ങൾക്ക് പുല്ല് നൽകി അയാൾ മെല്ലെ വീടിന്റെ വരാന്തയിൽ വന്നിരുന്നു. അയാളുടെ ചിന്തയിൽ ഈ കാര്യങ്ങൾ മാത്രമായിരുന്നു.


Related Articles