ഇന്ത്യയുടെ പശ്ചിമ തീരത്തുകൂടെ വന്ന ഗ്രീക്ക്-റോമൻ സഞ്ചാരികളും ഭൂമിശാസ്ത്രജ്ഞരും തമിഴകത്തെ ലിമിറികെ/ ലുമിരികെ/ ദമരികെ എന്നൊക്കെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിലെ ബാരുഗാസയിൽ നിന്ന് ഏകദേശം 7,000 സ്റ്റേഡിയ (ഏകദേശം 900 മൈൽ) ദൂരത്താണ് ലിമിറികെ സ്ഥിതി ചെയ്യുന്നത്. ലിമിറികെയിലൂടെയുള്ള ആകെ യാത്രാദൂരം 700 സ്റ്റേഡിയ ആണെന്നും പെരിപ്ലസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്യൂട്ടിംഗർ ടേബിൾ എന്ന ഭൂപടത്തിൽ റോമുമായി വ്യാപാര ബന്ധമുണ്ടായിരുന്ന ഇടമെന്ന നിലയിൽ തമിഴകത്തെ ദമിറികെ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദമിറികെ' എന്നാൽ 'ദമിഴ്-ഇകെ' എന്നാണെന്നും അതിന്റെ അർഥം 'തമിഴ് സംസാരിക്കുന്നവരുടെ നാട്" അല്ലെങ്കിൽ "തമിഴകം" എന്നുമാണെന്നും ഡോ. കാൾഡ്വെൽ വിശദീകരിക്കുന്നുണ്ട്. ടോളമി തന്റെ രചനകളിൽ 'D' എന്ന അക്ഷരത്തിന് പകരം 'L' എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാലാണ് അത് 'ലിമിറികെ' ആയി മാറിയത് എന്നും അദ്ദേഹം കരുതുന്നു.
ലിമിറികെ ആരംഭിക്കുന്നത് 'നൗറ' എന്ന തുറമുഖ നഗരത്തിൽ നിന്നാണെന്ന് പെരിപ്ലസ് വ്യക്തമാക്കുന്നു. ആധുനിക ചരിത്രകാരന്മാർ നൗറയെ കണ്ണൂരായും ഇന്നത്തെ വടക്കൻ ഹോണവാറായും കണക്കാക്കാറുണ്ട്. ടോളമി ലിമിറികെയുടെ ആദ്യ നഗരമായി 'തിണ്ടിസിനെ' അടയാളപ്പെടുത്തുമ്പോൾ, പ്ലിനി സൂചിപ്പിക്കുന്നത് കടൽക്കൊള്ളക്കാരുടെ ശല്യമുള്ള 'നിട്രിയാസ്' എന്ന സ്ഥലത്തിന് തൊട്ടുപിന്നാലെയാണ് മുസിരിസ് ആരംഭിക്കുന്നത് എന്നാണ്. നിത്ര, നൗറ എന്നിവ കൂടാതെ ലിമിരികെയിലെ പ്രധാന തുറമുഖ നഗരങ്ങളായി, തിണ്ടിസ്, മുസിരിസ്, നെൽക്കിണ്ട, ബക്കാറെ എന്നിവയെ രേഖപ്പെടുത്തിയിട്ടുണ്ട്. ലിമിറികെയുടെ വടക്കൻ ഭാഗങ്ങൾ (നൗറ, തിണ്ടിസ്, മുസിരിസ്) 'കേരളപുത്രൻ' എന്ന രാജാവിന്റെ കീഴിലായിരുന്നുവെന്നും പെരിപ്ലസ്സിൽ പരാമർശിക്കുന്നു. തെക്കൻ ഭാഗങ്ങൾ പാണ്ഡ്യ രാജാവിന്റെ (തിണ്ടിസ്, ബക്കാറെ) ഭരണത്തിലായിരുന്നു. തമിഴകത്തിന്റെ തെക്കൻ അതിർത്തിയായി പലപ്പോഴും നെൽകിണ്ടയെയും പരിസര പ്രദേശങ്ങളെയുമാണ് വിദേശ സഞ്ചാരികൾ കണ്ടിരുന്നത്. നെൽകിണ്ട പാണ്ഡ്യ രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു. ചരിത്രകാരനായ ഡോ. കാൾഡ്വെൽ നെൽകിണ്ടയെ പഴയ കേരളത്തിന്റെ തെക്കൻ അതിർത്തിയായ 'കന്നേറ്റിയുമായി'ബന്ധിപ്പിക്കുന്നുണ്ട്.
