ഭരിക്കാൻ പിറന്ന വംശം

World of Letters

ഭരിക്കാൻ പിറന്ന വംശം


(1975-ൽ ഇംഗ്ലീഷിൽ പുറത്തിറങ്ങിയ 'Freedom at Midnight' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ 'സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' പ്രസിദ്ധീകരിച്ചിട്ട് 50 വർഷം പിന്നിടുന്നു. പുസ്തകത്തിന്റെ ആദ്യത്തെ അദ്ധ്യായത്തിൽനിന്നും)

ഒരു മഹത്തായ രാഷ്ട്രത്തിലാകെ അസംതൃപ്തി മുറ്റിനിന്ന ശീതകാലം. ശോകാത്മകതയുടെ ഒരന്തരീക്ഷം, തണുത്ത മൂടൽമഞ്ഞുപോലെ ലണ്ടന്റെ മേലെ തങ്ങി നിന്നു. അത്ര ഉല്ലാസരഹിതമായോ, അത്രമേൽ മുഷിപ്പനായോ മനോഭാവത്തോടെയോ ബ്രിട്ടന്റെ തലസ്ഥാനം നവവത്സരത്തെ അതിനുമുമ്പ് വളരെ അപൂർവമായി മാത്രമേ എതിരേറ്റിട്ടുള്ളൂ. ആ ഉത്സവദിനപ്രഭാതത്തിൽ ഒരു പുരുഷന് മുഖക്ഷൗരം ചെയ്യാനോ, ഒരു സ്ത്രീക്ക് കുളിത്തൊട്ടിയുടെ അടി നനയ്ക്കാനോ മതിയാവുന്നത്ര ചൂടുവെള്ളം ലഭ്യമാവുന്ന വീടുകൾ ഇല്ലായിരുന്നെന്നു പറയാം. സ്വന്തം ഉപചാരസാമഗ്രികളും കെട്ടിപ്പൂട്ടിപ്പൊതിഞ്ഞ് ലണ്ടൻപോലെ വിങ്ങിനിൽക്കുന്ന തണുത്തുറഞ്ഞ കിടപ്പുമുറികളിൽ വെച്ച് ലണ്ടൻ നിവാസികൾ പുതുവർഷപ്പിറവിക്കു വരവേൽപ്പു നൽകി. അപ്പോൾ തലേദിവസത്തെ മദിരോത്സവത്തിൽനിന്നവശേഷിച്ച മയക്കം അനുഭവപ്പെട്ടവർ വിരളമായിരുന്നു. നവവത്സരാഗമനത്തിന്റെ തലേരാത്രി ആഘോഷിക്കാൻ വിസ്കി വല്ലയിടത്തും കിട്ടിയിരുന്നെങ്കിൽത്തന്നെ അതിന് കുപ്പിക്ക് എട്ടു പവനായിരുന്നു വില.

തെരുവുകൾ മിക്കവാറും വിജനമായിരുന്നു. ഇടവഴികളിൽ തിരക്കിട്ടു നീങ്ങിയതാകട്ടെ, പഴയ യൂണിഫോമും, എട്ടു വർഷം തുടർച്ചയായി തുന്നിക്കൂട്ടി ഏച്ചിണക്കിയ കീറവസ്ത്രങ്ങളും ധരിച്ച മൂകരും ഉന്മേഷരഹിതരുമായ മനുഷ്യക്കോലങ്ങളായിരുന്നു. അങ്ങിങ്ങു പ്രത്യക്ഷപ്പെട്ട ചുരുക്കം കാറുകൾ, വിലപ്പെട്ട റേഷൻ പെട്രോൾ ഉപയോഗിക്കുന്നതിന്റെ കുറ്റബോധം പേറുന്ന അനാഥപ്രേതങ്ങളെപ്പോലെ നീങ്ങി. തെരുവുകളിൽ, യുദ്ധാനന്തര ലണ്ടന്റെ പ്രത്യേകതയായ ദുർഗന്ധം വിങ്ങിനിന്നു. ബോംബു വീണു തകർന്ന ആയിരക്കണക്കിനു കെട്ടിടങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങളിൽനിന്നു ശീതകാലത്തെ മൂടൽമഞ്ഞുപോലെ വീർപ്പുമുട്ടിക്കുന്ന മണം ഉയർന്നുവരുന്നു.


Related Articles