യാത്ര എ.സി. വാഹനത്തിലായിരുന്നു; അത് ആംബുലൻസായിരുന്നു എന്നുമാത്രം. അയാൾ കട്ടിയുള്ള സ്വെറ്റർ ധരിച്ചിരുന്നു. അതു കഴിഞ്ഞാൽ ഡയപ്പറും അതിനുമേൽ ഇട്ടിരിക്കുന്ന ലുങ്കിയും മാത്രം. ഇരുപത്തിയാറ് മണിക്കൂർ നേരത്തെ ട്രെയിൻയാത്രയ്ക്കുവേണ്ടി രാത്രി എട്ടുമണി കഴിഞ്ഞു പത്തു മിനുട്ടായപ്പോൾ പുറപ്പെട്ടു. പിന്നാലെ ഒരു ഇന്നോവ കാറിൽ ഭാര്യയും മകനും മകന്റെ ഭാര്യയും. മണി ഒമ്പത് കഴിഞ്ഞപ്പോൾ അവർ റെയിൽവേ സ്റ്റേഷനിലെത്തി. പ്ലാറ്റ്ഫോമിൽ സ്ട്രെച്ചറിൽ മലർന്നുകിടക്കുമ്പോൾ വണ്ടി വരുന്നതിനെക്കുറിച്ചുള്ള പരിഭ്രമമൊഴികെ അയാളുടെ ഉള്ളിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. ഒരുപക്ഷേ, മറ്റെല്ലാ പരിഭ്രമങ്ങളെയും ആ ഒരു പരിഭ്രമംകൊണ്ടു മൂടിവച്ചതാവാം.
വണ്ടി കൃത്യസമയത്തു വന്നു. എ.സി. കംപാർട്ട്മെന്റിലാണ് കയറേണ്ടത്. ട്രെയിൻ ആംബുലൻസ് എന്നു പേരിട്ടിരിക്കുന്ന സൗകര്യത്തിന് ഭാരിച്ച ചെലവാണ്. വീട്ടിൽ വന്നു സ്ട്രെച്ചറിൽ ആംബുലൻസിൽ കയറ്റിക്കൊണ്ടുപോകും. എ.സിയിൽ ഒരു ഡോക്ടറും രണ്ടു മെയിൽ നേഴ്സുമാരും രോഗിയും കൂടെ വരുന്ന ബന്ധുക്കളുമുൾപ്പെടെ ഏഴുപേർക്കുള്ള സീറ്റ് ബുക്കുചെയ്തിട്ടുണ്ട്. വെന്റിലേഷൻ സൗകര്യത്തിനു പുറമെ പ്രത്യേക ഓക്സിജൻ സിലിണ്ടറുകളും കരുതിയിട്ടുണ്ട്. എത്തേണ്ട സ്റ്റേഷനിൽ വണ്ടി എത്തിയാൽ സ്ട്രെച്ചറിൽത്തന്നെ പുറത്തിറക്കി ഹോസ്പിറ്റലിലോ താമസസ്ഥലം ഒരുക്കിയിട്ടുണ്ടെങ്കിൽ അവിടെയോ എത്തിക്കും. വണ്ടിയിൽ കയറി തനിക്കുള്ള സീറ്റിൽ കിടത്തുംവരെ അയാൾക്ക് പരിഭ്രമംതന്നെയായിരുന്നു. അപ്പോഴേക്കും ഓക്സിജൻ ലെവൽ താണ് 83-ൽ എത്തിയിരുന്നു. വെന്റിലേഷനിൽനിന്ന് ഓക്സിജൻ കണക്റ്റുചെയ്ത് ബൈപാപ്പും വച്ച് അഞ്ചുമിനുട്ട് കഴിഞ്ഞപ്പോൾ സമാധാനമായി. പിന്നെ അയാൾ വളരെ വേഗം ഉറങ്ങിപ്പോയി. രാത്രിയിൽ എപ്പോഴോ ഉണർന്നു. സ്ഥലകാലബോധം കൈവരാൻ കുറച്ചു സമയമെടുത്തു. എല്ലാവരും നല്ല ഉറക്കത്തിലാണെന്നു മനസ്സിലായി. ഓരോന്നോരോന്നോർത്തു കിടക്കെ പിന്നെയും ഉറങ്ങിപ്പോയി. രാവിലെ എഴുന്നേൽക്കുമ്പോഴേക്കും മറ്റുള്ളവരും എഴുന്നേറ്റിരുന്നു. നേഴ്സുമാരിലൊരാൾ മലയാളിയാണ്. മറ്റേയാളും ഡോക്ടറും ഡൽഹിക്കാരാണ്. ഡേവിസ് എന്നു പേരായ മലയാളി നേഴ്സ് ചോദിച്ചു:
“ഉറക്കത്തിന് ബുദ്ധിമുട്ടൊന്നുമുണ്ടായില്ലല്ലോ?”
