സസ്പെൻസ് ജീൻ: അദ്ധ്യായം ഒന്ന്

World of Letters

സസ്പെൻസ് ജീൻ: അദ്ധ്യായം ഒന്ന്


ഡോക്ടർ ഹരീഷിന്റെ ജീവിതത്തിലെ അസാധാരണമായ ഒരു ദിവസം

രാത്രി ഒന്നരമണി, ജൂൺ 3, 2020

ദുഃസ്വപ്നം കണ്ട് പേടിച്ചുവിറച്ച് എഴുന്നേൽക്കുന്നവർപോലും ആ പേക്കിനാവ് അവസാനിച്ചല്ലോ എന്നതിൽ ആശ്വസിക്കും. എന്നാൽ അതിന് നേർവിപരീതമായിരുന്നു ആ രാത്രിയിലെ എന്റെ അനുഭവം. ആരുടെയോ കരച്ചിൽ കേട്ടാണ് ഞാൻ ഉറക്കത്തിൽനിന്നെഴുന്നേറ്റത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. ഹോസ്റ്റലിൽ രാത്രി കിടന്നുറങ്ങുന്ന ഡോക്ടർമാർക്ക് അഞ്ഞൂറ് മീറ്റർ അകലെയുള്ള ആശുപത്രിയിൽനിന്ന് പ്രവഹിക്കുന്ന ആർത്തനാദങ്ങൾ പുതിയ സംഭവമല്ല. മരണപ്പെടുന്നവരുടെ ബന്ധുക്കളുടെ പൊടു​ന്നനെയുള്ള രോദനം ആരുടെയും ഉറക്കം കെടുത്തും. ദുഃഖാർദ്ര​മായ വയലിൻസംഗീതം കണക്കെ അന്തരീക്ഷത്തിൽ നീണ്ടും കുറുകിയും തങ്ങിക്കിടക്കുന്ന ആ സ്വരങ്ങളിൽ ലയിച്ച്, വിധിയെ പഴിച്ച് വീണ്ടും ഉറങ്ങുകയാണ് എന്റെ പതിവ്. എന്നാൽ ഈ നിലവിളി അടുത്ത മുറികളിലെങ്ങോനിന്നാണ്. ആ ശബ്ദത്തിന് എന്തോ അമാനുഷികതയുമുണ്ട്!


Related Articles