അയ്യോ പാവം

World of Letters

അയ്യോ പാവം


സൂര്യ തുടങ്ങിയത് ഏഴു പേര്‍ ചേര്‍ന്നാണ്. ഈ ഏഴു പേരാണ് സൂര്യയെ വളര്‍ത്തിയതും ഇന്നത്തെ നിലയിലാക്കിയതും. 2020 ല്‍ സൂര്യക്ക് 43 വയസ്സ്. അതില്‍ പ്രസിഡന്റ് കേശവപിള്ളസാര്‍ ആദ്യം പോയി. പിന്നാലെ ജോയിന്റ് സെക്രട്ടറി ജി.കെ.പിള്ള പോയി. തുടര്‍ന്ന് വൈസ് പ്രസിഡന്റ് പി.കെ.പ്രകാശവും ട്രഷറര്‍ ഗോപാലകൃഷ്ണനും യാത്രയായി. ഏറ്റവുമൊടുവില്‍ കൊവിഡ് കാലത്തെ ദുരിതങ്ങള്‍ക്കിടയില്‍ പ്രസന്നനും വിട്ടുപോയി. ബാക്കി ഇനി രണ്ടു പേര്‍. ഗോപാലകൃഷ്ണപിള്ളയും പിന്നെ ഞാനും. പ്രസന്നന്റെ മരണം അകാലത്തിലായിരുന്നെങ്കിലും ആകസ്മികമല്ലായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സംസാരശേഷി നഷ്ടപ്പെട്ട് ആശുപത്രിയും വീടുമായി കഴിയുകയായിരുന്നു. എല്ലും തൊലിയുമായിപ്പോയി. ജീവന്‍ കഷ്ടിച്ചു ശരീരത്തില്‍ ഉണ്ടായിരുന്നെന്നു മാത്രം.

അകാലത്തിലെ മരണം എന്ന് എങ്ങനെ പറയാനാകും? കാലവും അകാലവും നിശ്ചയിക്കുന്നതു നമ്മളാണോ? ദൈവം നിശ്ചയിച്ച ദൗത്യം പൂര്‍ത്തിയായാല്‍ തിരികെവിളിക്കും. അതെങ്ങനെ അകാലമരണമാവും? ഒരു കൊല്ലം മുന്‍പ് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ആശുപത്രിയിലേക്കു മാറ്റി. കുറച്ചേറെ നാള്‍ വെന്റിലേറ്ററില്‍. അന്നുതന്നെ ഡോക്ടര്‍മാര്‍ ആശക്കു വകയില്ലെന്നറിയിച്ചു. വീട്ടില്‍ കൊണ്ടുപൊയ്ക്കൊള്ളാന്‍ പറഞ്ഞു. അന്നു ഡോക്ടര്‍മാര്‍ കൈവെടിഞ്ഞ പ്രസന്നന്‍ പിന്നെയും ഒരു കൊല്ലം ജീവിച്ചു. അതിനു കാരണം ഒരൊറ്റയാള്‍.. ഭാര്യ റെഗീത. അവരുടെ നിശ്ചയദാര്‍ഢ്യം അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവര്‍ പ്രസന്നനെ അങ്ങനെയങ്ങു വിട്ടുകൊടുക്കാന്‍ തയ്യാറല്ല. തന്റെ പ്രണയവും ശുശ്രൂഷയും കൊണ്ട് ജീവിതത്തിലേക്കു തിരികെ കൊണ്ടു വരാമെന്ന വിശ്വാസം. തളര്‍ന്നില്ല, കരഞ്ഞില്ല.

ഒരു ഡോക്ടര്‍ക്കും നഴ്‌സിനും ചെയ്യാനാവുന്നതില്‍ കൂടുതല്‍ അവര്‍ക്കു ചെയ്യാനായി. ഒരു ഡോക്ടര്‍ പലപ്പോഴും കടമയാണു നിര്‍വഹിക്കുന്നത്. കടമയോടൊപ്പം ദിവ്യമായ പ്രണയം കൂടിയായപ്പോള്‍ ഇവിടെ അത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. സംസാരശേഷി ഒഴികെ എല്ലാം വീണ്ടെടുത്തു. നടക്കാം, വായിക്കാം, എഴുതാം.


Related Articles