മനുഷ്യനടക്കമുള്ള എത്രയോ ജീവജാലങ്ങൾ മണ്ണടിഞ്ഞു കിടക്കുന്ന ഭൂമിക്കു മുകളിലാണ് നാമിങ്ങനെ ജീവിച്ചിരിക്കുന്നത്. നിൽക്കുന്ന തറയ്ക്കു കീഴെ മഹാദുരന്തങ്ങളിലോ യുദ്ധങ്ങളിലോ മരിച്ചുപോയവരുടെ ദേഹങ്ങൾ കിടക്കുന്നുണ്ടാവാം. വീണ്ടെടുക്കാൻ കഴിയാതെപോയവരുടെ മൃതദേഹങ്ങളിലായിരിക്കാം നാം ചിലപ്പോൾ കാലൂന്നിനിൽക്കുന്നത്. കോവിഡിനും കോളറയ്ക്കും പ്ലേഗിനും മുൻപ് നാം അറിയാത്ത എത്രയോ മഹാമാരികൾ ഇവിടെ ദുരിതം വിതച്ചു കടന്നുപോയിട്ടുണ്ടാകണം. മനുഷ്യരോ മൃഗങ്ങളോ പേരറിയാത്ത കീടങ്ങളോ സൂക്ഷ്മജീവികളോ രോഗാണുക്കളോ ഒക്കെയായിരിക്കാം അവയുടെ കാരണങ്ങൾ. ഒന്നും നമുക്കറിയില്ല. ഭൂചലനങ്ങളും പ്രളയവുമൊക്കെ വലിയ തോതിൽ നാശനഷ്ടങ്ങൾ വരുത്തിവച്ച ഭൂമിയാണിത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലും വലിയ വ്യതിയാനങ്ങൾ വരുത്തിയാണ് ഓരോ മഹാദുരന്തവും കടന്നുപോകുന്നത്. ദുരന്തങ്ങൾ വരുത്തിവച്ച മാനസികാഘാതങ്ങളും കടുത്ത വേദനകളും സഹനങ്ങളും പ്രതിഫലിക്കുന്നവയാണ് മനുഷ്യരുടെ ആവിഷ്കാരങ്ങളെല്ലാം. നാം ഇതുവരെ രൂപപ്പെടുത്തിയ ഈ ജീവിതം അതിജീവനത്തിന്റെയും പ്രതിരോധത്തിന്റേതുമാണ്. സാഹിത്യം അവയുടെ അക്ഷരരൂപമാർജ്ജിക്കുന്നു.
