ആദ്യംതന്നെ പ്രാചീനമായ ഒരു സംവാദത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. സ്ഥലം ഗ്രീസ്. കാലം ക്രി.മു. അഞ്ചാം നൂറ്റാണ്ടാവണം. തത്ത്വചിന്തകനായ സോക്രട്ടീസും ഗണിതജ്ഞനായ തിയോഡറസും തമ്മിൽ സംസാരിക്കുകയാണ്. അതിനിടയിൽ തീയറ്റീറ്റസ് എന്നൊരു ചെറുപ്പക്കാരനെപ്പറ്റി തിയോഡറസ് സൂചിപ്പിക്കുന്നു. വിനയവും ധൈര്യവും ധർമ്മബോധവും ഗ്രഹണശക്തിയും ഒത്തിണങ്ങിയ ആ ചെറുപ്പക്കാരന് ഒന്നേ കുറവുള്ളൂ; സൗന്ദര്യം. പരന്ന മൂക്കും പുറത്തേയ്ക്ക് ഉന്തിയ കണ്ണുകളുമുള്ള അയാൾ അക്കാര്യത്തിൽ സോക്രട്ടീസിനെപ്പോലെയാണ് എന്നാണു തിയോഡറസ് കൂസലില്ലാതെ പറയുന്നത്. ഈ സംസാരത്തിനിടയിൽ തീയറ്റീറ്റസ് അങ്ങോട്ടു കടന്നുവരുന്നു. കുശലപ്രശ്നങ്ങൾക്കൊപ്പം തിയോഡറസ് സൂചിപ്പിച്ച വൈരൂപ്യത്തിലെ സാദൃശ്യം എന്ന വിഷയംതന്നെ സോക്രട്ടീസ് ആദ്യം എടുത്തിടുന്നു. ജ്യാമിതിയുമായോ മറ്റോ ബന്ധപ്പെട്ട കാര്യമാണെങ്കിൽ തിയോഡോറസ് പറഞ്ഞത് അംഗീകരിക്കാം; എന്നാൽ അദ്ദേഹം ചിത്രകാരനൊന്നുമല്ലാത്തതിനാൽ ഈ സാദൃശ്യവിചാരത്തിന് ആധികാരികതയില്ല എന്നു സോക്രട്ടീസ് പരിഹാസത്തോടെ തിരിച്ചടിക്കുന്നു.1
ഇത് പ്ലാറ്റോയുടെ തീയറ്റീറ്റസ് എന്നുതന്നെ പേരുള്ള സംവാദത്തിലെ ആദ്യഭാഗമാണ്. സോക്രട്ടീസ് മറ്റു പലരുമായി നടത്തിയ സംഭാഷണങ്ങളാണല്ലൊ പ്ലാറ്റോയുടെ സംവാദങ്ങളിലെ ഉള്ളടക്കം. ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിച്ച് വിമർശപരമായ ചിന്തയ്ക്കു പ്രേരിപ്പിക്കുന്ന പ്രശസ്തമായ സോക്രട്ടിക് രീതിതന്നെ അവയിൽ. ഇവിടെ സോക്രട്ടീസ് തന്നെക്കുറിച്ചു തിയോഡറസ് നടത്തിയ ലാവണ്യപരമായ വിധിനിർണ്ണയത്തെ ആധികാരികമല്ലെന്നു പറഞ്ഞു നിഷേധിക്കുന്നു. സോക്രട്ടീസ് വല്ലാതെ വിരൂപനായിരുന്നെങ്കിലും അദ്ദേഹത്തിൽ ആന്തരികമായ ഒരു സൗന്ദര്യം പ്രകാശിച്ചിരുന്നു എന്ന പഴയ കേട്ടുകേൾവിയെപ്പറ്റി ഉംബർട്ടോ എകോ സൂചിപ്പിക്കുന്നുണ്ട്. സൗന്ദര്യം പലപ്പോഴും കണ്ണുകൊണ്ടു കാണുന്നതിന് അനുരൂപമല്ല എന്ന പ്ലാറ്റോയുടെ സിദ്ധാന്തം വിശദീകരിക്കുമ്പോഴാണ് എകോ ഇക്കാര്യം പറയുന്നത്.2
