പത്തു വർഷങ്ങള്ക്കുമുൻപുള്ള ഒരു കർക്കിടകത്തിലാണ് സുഹൃത്തും സഹപ്രവർത്തകനും പ്രാദേശിക ചരിത്രഗവേഷകനുമായ രാജീവ് പള്ളിക്കോണം കോട്ടയം കാരാപ്പുഴ അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ വടക്കുപുറത്തു ഗുരുതിയെക്കുറിച്ചുള്ള കഥ പറയുന്നത്.
വിശ്വസിച്ചവരുടെ ചതിയിൽ വെട്ടേറ്റ് വീണൊടുങ്ങിയ ആ അനിയൻ തമ്പുരാൻ ദുരന്തപര്യവസായിയായ ഒരു നാടോടിക്കഥയിലെ നായകനായി മനസ്സിൽ നിന്നൊഴിയാതെ കിടന്നു.
മഴ പെയ്യുന്ന ഒരു കർക്കിടകസന്ധ്യയിലാണ് അമ്പലക്കടവ് ദേവീക്ഷേത്രത്തിൽ ആദ്യമായി ചെന്നത്. ഭ്രഷ്ടനായ രാജാവിനെപ്പോലെ ക്ഷേത്രമതിലിനു പുറത്ത് വടക്കുവശത്തായി രക്ഷസ്സ് എന്നു പേരെഴുതിയ ഒരു കൊച്ചു കുടീരം. വാതിലിന് ഇരുവശത്തായി ചുവരിൽ ഉറപ്പിച്ച കൽവിളക്കുകളിൽനിന്ന് കറുത്ത കണ്ണീരൊഴുകിയ പാടുകള്‍. അടച്ചിട്ട മരവാതിലിനു പിന്നിൽ അമർഷവും പകയും ക്രോധവും അടക്കിപ്പിടിച്ചിരിക്കുന്ന തമ്പുരാൻ.
ചോദിച്ചവരിൽ പലർക്കും അങ്ങനെയൊരു തമ്പുരാനെക്കുറിച്ചോ ആ സങ്കല്പത്തെക്കുറിച്ചോ വ്യക്തമായി അറിയില്ലെന്നത് കൗതുകകരമായി തോന്നി. നേർത്ത ഇരുട്ടിൽ, മഴ നനഞ്ഞ് നിൽക്കുന്ന ആ കൊച്ചുശ്രീകോവിലിന്റെ ദൃശ്യം കാരണമറിയാത്തൊരു വേദന ഉള്ളിൽ ചുരത്തുന്നതുപോലെ.
വടക്കുപുറത്തു ഗുരുതി എന്ന ചടങ്ങിനാണ് പിന്നീടവിടെ ചെന്നത്. പന്തങ്ങളുടെ വെളിച്ചത്തിൽ തമ്പുരാനെ കുടിയിരുത്തിയ കുടീരത്തിന്റെ വെളുത്ത ചുവരുകള്‍ ക്രോധത്താൽ അലറുന്നു.
തെക്കുംകൂറിന്റെ ചരിത്രം പറയുന്ന പുസ്തകങ്ങളിലൂടെ അപ്പൻതമ്പുരാന്റെ രൂപം കൂടുതൽക്കൂടുതൽ മിഴിവുറ്റതായി. കേരളത്തിന്റെ ചരിത്രത്തിൽ ഒരു കടുകുമണിയുടെ പ്രാധാന്യം പോലുമില്ലാത്ത ഒരു വ്യക്തി. ഭരണാധികാരിയായിരുന്നില്ല, വീരനായകനല്ല, കാര്യം നേടാനുള്ള കുതന്ത്രങ്ങളറിയില്ല, സഹോദരസ്നേഹവും പത്നീസ്നേഹവും ദേശസ്നേഹവും ധർമ്മബോധവും സൗഹൃദത്തിലുള്ള വിശ്വാസവുമൊക്കെ കൊണ്ടുനടന്ന വെറുമൊരു സാധാരണക്കാരൻ.
അതിശക്തനായ മാർത്താണ്ഡവർമ്മയോടുള്ള സൗഹൃദത്തിൽ വിശ്വസിച്ച് സ്വന്തം ദേശം കാക്കാൻ ഒരുങ്ങിപ്പുറപ്പെട്ട് ചതിയിൽ പ്രാണൻ വെടിയാന്‍ വിധിക്കപ്പെട്ട ജന്മം. താൻ സ്നേഹിച്ച സ്വന്തം ദേശത്തിന്റെ മനസ്സിൽനിന്നുപോലും മാഞ്ഞുപോയ ഹതഭാഗ്യനായ ആത്മാവ്.
ധർമ്മിഷ്ഠനും കാര്യപ്രാപ്തിയുള്ളവനും ദീർഘവീക്ഷണമുള്ളയാളുമായിരുന്നു അനിയൻ തമ്പുരാന്.
പണ്ടുപണ്ട് ഒരിടത്ത് നല്ലവനായ ഒരു രാജാവുണ്ടായിരുന്നു എന്നു തുടങ്ങുന്ന ഏതു കഥയുടെയും അവസാനം രാജാവ് ശത്രുക്കളെ പരാജയപ്പെടുത്തി പ്രജകളുടെ സ്നേഹം ഏറ്റുവാങ്ങി കാലാകാലം സന്തോഷത്തോടെ രാജ്യം ഭരിക്കും. അനിയൻ തമ്പുരാന്റെ കഥയിൽ വിധി തിരിച്ചായിരുന്നു.
തമ്പുരാനെ വധിക്കാനുള്ള ചതിക്കു കൂട്ടുനിന്നശേഷം തെക്കുംകൂറിലെ പ്രമാണിമാർക്കുണ്ടായ പ്രേതബാധ ധർമ്മിഷ്ഠനായ ആ തമ്പുരാനെ ചതിച്ചെന്ന കുറ്റബോധത്തിൽനിന്നാണുളവായതാകാം.
തമ്പുരാൻ നടന്ന വഴികളിലൂടെ പലവട്ടം സഞ്ചരിച്ചു. തലമുറകള്‍ ചവിട്ടി പതം വന്ന പാതകള്‍, ഒറ്റനോട്ടത്തിൽ ഒഴുക്കെങ്ങോട്ടെന്ന് തിരിച്ചറിയാനാവാത്ത വിശാലമായ ജലപ്പരപ്പുകള്‍ ... എല്ലായിടങ്ങളിലും തമ്പുരാൻ വിട്ടൊഴിയാതെ പിന്തുടർന്നു. അദ്ദേഹത്തിന്റെ അമർഷങ്ങളും ദുഃഖങ്ങളും പതിയെപ്പതിയെ എന്റേതുകൂടിയായി.
നിസ്സഹായനായി നിന്നുപോയ നിത്യജീവിതത്തിലെ പല സന്ദർഭങ്ങളിലും ദയനീയമായൊരു രോദനം എനിക്കുള്ളിൽ നിശ്ശബ്ദമായി ഉയിർക്കൊണ്ടു.എന്റെ തമ്പുരാനേ...
ആ വിളിക്കപ്പുറത്ത്, തമ്പുരാൻ എനിക്കെതിരേ നിന്ന് കാലത്തിന്റെ കണക്കുപുസ്തകത്തിലെ ഒഴിഞ്ഞുകിടക്കുന്ന താളുകള്‍ ചൂണ്ടിക്കാട്ടി മന്ദഹസിച്ചു. അവിടങ്ങളിൽ എഴുതപ്പെടാനിരിക്കുന്ന അക്കങ്ങളുടെ മൂല്യം ആർക്കറിയാം എന്നതായിരുന്ന ആ മന്ദഹാസത്തിന്റെ ധ്വനി.
കാണുന്നതിലും കേള്‍ക്കുന്നതിലും വായിക്കുന്നതിലുമൊക്കെ തമ്പുരാൻ ഇടപെട്ടുകൊണ്ടിരുന്ന വേളയിലെപ്പോഴോ ഒരിക്കൽ ഒരു കുടുംബത്തെ പരിചയപ്പെട്ടു. ഇരമ്പിയാർത്തെത്തുന്ന ജലം തന്റെ വീടിനെ വിഴുങ്ങുമെന്ന് ഭയപ്പെട്ടിരുന്ന ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു ആ കുടുംബത്തിൽ. ഭയം തളം കെട്ടിയ അവന്റെ
കൃഷ്ണമണികളിൽ തമ്പുരാന്റെ മുഖം.
ഉള്ളിലെവിടെയോ ‘സിംഹമുദ്ര’യുടെ ആദ്യ മുരള്‍ച്ച ഉയിരെടുത്തത് അന്നാണ്. തമ്പുരാന്റെ കണ്ണിലൂടെ ലോകത്തെ വായിച്ചുതുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ പതിയെപ്പതിയെ വ്യക്തമായി വന്നു. എന്നിട്ടും ആദ്യാക്ഷരം കുറിക്കാന്‍ പിന്നെയും സമയമെടുത്തു. എഴുത്തുവഴികളിൽ നിസ്സഹായനായപ്പോഴെല്ലാം ഇടനെഞ്ചുപൊട്ടി ഞാന്‍ വീണ്ടും വിളിച്ചു:
എന്റെ തമ്പുരാനേ...
മടുപ്പിക്കുന്ന അക്ഷരപ്പോരാട്ടവേളയിൽ മുന്നിലും പിന്നിലും തുണയായി തമ്പുരാന് നിന്നെന്നുതന്നെ ഞാന്‍ വിശ്വസിക്കട്ടെ.
എഴുത്തിൽ ചില സ്വാതന്ത്ര്യങ്ങള്‍ ബോധപൂർവംതന്നെ എടുത്തിട്ടുണ്ട്. തിരുവിതാംകൂർ പക്ഷപാതികളായ ചരിത്രകാരൻമാരുടെ വീക്ഷണകോണിലൂടെയുള്ള ചരിത്രമല്ല ഈ നോവലിന് ആധാരമാക്കിയത്. പൊലീസിൽ ഡിവൈ എസ് പി (ഇന്റലിജന്‍സ്) തസ്തികയിൽ ഒരു വനിത ഇതുവരെ വന്നിട്ടില്ലെന്നാണറിവ്. (ഇനി ആ കസേരയിൽ ഒരു വനിത വരട്ടെ).
ശിവൻ എടമന
