'ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെടുന്ന നോവലുകളിലെല്ലാം സെക്സിന്റെ അതിപ്രസരമാണല്ലോ’ എന്നത് സുഹൃദ് സംഭാഷണങ്ങളില്‍ ഉയര്‍ന്നുവരുന്ന ഒരു ചോദ്യവും ചര്‍ച്ചയുമാണ്. വിനോയ് തോമസിന്റെ 'പുറ്റി’ലും കെ.എന്‍. പ്രശാന്തിന്റെ 'പൊന’ത്തിലും പി.വി. ഷാജികുമാറിന്റെ 'മരണവംശ’ത്തിലും ആര്. രാജശ്രീയുടെ 'ആത്രേയക’ത്തിലുമെല്ലാം പച്ചയായ രതിചിത്രണമാണല്ലോ എന്ന കൂട്ടിച്ചേര്‍ക്കലും. പൊനത്തിലും മരണവംശത്തിലും വന്യമായ രതിയുടെ വിവരണങ്ങള്‍ എമ്പാടുമുണ്ട്. ആത്രേയകത്തിലാണെങ്കില് നായകന്റെ ഷണ്ഡത്വത്തോളമെത്തുന്ന തളര്‍ച്ചമാറ്റി ഉത്തേജിപ്പിക്കുന്നതിനുള്ള, വാജീകരിക്കുന്നതിനുള്ള ചികിത്സയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പിന്നെ ദ്രൗപദിയെ, കൃഷ്ണയെ, പാഞ്ചാലിയെ ശരിക്കുള്ള പാഞ്ചാലിയാക്കുന്നതിനുള്ള ചികിത്സയും അതുമായി ബന്ധപ്പെട്ട രതിസംബന്ധമായ വിവരണവും മുഖ്യ പ്രതിപാദ്യമാണ്. ആത്രേയകത്തിലെ നായകന്റെ ശേഷിക്കുറവ് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തിന്റെ വക്കിലോളമെത്തിക്കുന്നുണ്ട്. നായകനായ നിരമിത്രന്റെ പുരുഷത്വപരിശോധന രണ്ടു രാജ്യങ്ങളുടെയും നേതൃത്വത്തില്‍ സാഘോഷം നടക്കുന്നു. നിരമിത്രനെ താല്‍ക്കാലികമായെങ്കിലും വാജീകരിച്ച് പരീക്ഷയില്‍ ജയിക്കാന്‍ പ്രാപ്തനാക്കുകയും അങ്ങനെ യുദ്ധത്തില്‍നിന്ന് നാടിനെ രക്ഷിക്കുകയും ചെയ്തത് ആത്രേയകം എന്ന ഔഷധഗ്രാമത്തിലെ ഇള എന്ന യുവചികിത്സകയാണ്. അവളുടെ ഔഷധക്കൂട്ടുകളും ഔഷധപ്രയോഗവും ദ്രൗപദിയെ ഓരോ സുരതത്തിനുംശേഷം വീണ്ടും കന്യകാസമാനയാക്കുന്നു.
രതി രഹസ്യമായി നടക്കുന്ന ഒരേര്‍പ്പാടല്ലേ, അതിങ്ങനെ പരസ്യമായി വിശദീകരിക്കണോ എന്നും ചോദ്യം. ഔചിത്യമാണ് സാഹിത്യത്തിന്റെ അനിവാര്യ ഗുണമെന്നതിനാല്‍ അനവസരത്തില്‍, അനുചിതമായി കഥയില്‍ രതിവിവരണമുണ്ടെങ്കില് ഗര്‍ഹണീയമാണ്. പച്ചയായി രതിയെക്കുറിച്ച് പറയുന്ന മണിപ്രവാളകാലത്തെ വൈശികതന്ത്രവും ചന്ദ്രോത്സവവും അച്ചീചരിതങ്ങളും, പിന്നെ വെണ്മണി സാഹിത്യവുമൊക്കെ വിമര്‍ശിക്കപ്പെടുന്നതോ എന്നും ചോദ്യം. ലൈംഗികകാര്യങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളും വിവാദങ്ങളുംകൊണ്ട് മലീമസമാണ് നമ്മുടെ സംസ്ഥാനമെന്ന് പലപ്പോഴും വിലാപങ്ങള്‍ കേള്‍ക്കാം. പരസ്പരതാത്പര്യത്തോടെയുളള വിവാഹേതരബന്ധം കുറ്റകരമല്ലെന്ന് സുപ്രീം കോടതിതന്നെ പലതവണ ചൂണ്ടിക്കാട്ടിയിട്ടും അത് പാപമാണെന്നും പരിഹാസ്യമാണെന്നും ഒറ്റപ്പെടുത്താനും ഇകഴ്ത്താനും ഉള്ള കാരണമാണെന്നും സമൂഹം കരുതുന്നു. അങ്ങനെയെന്തെങ്കിലും എവിടെയെങ്കിലും നടക്കുന്നുണ്ടോയെന്നറിയാനും നിറംചേര്‍ത്ത് പ്രചരിപ്പിക്കാനും തക്കംപാര്ത്തുനില്ക്കുന്നവര് ഏറെയാണ്. വിവാഹം കഴിക്കാത്തവര്‍ക്ക് ലൈംഗികബന്ധമുണ്ടായിക്കൂടെന്നും സമൂഹത്തിന് നിര്‍ബന്ധമുണ്ട്. വിവാഹം കഴിക്കാതെയുള്ള സഹവാസം ആലോചിക്കാനേ വയ്യ. വിവാഹവും ലൈംഗികബന്ധവും സന്താനോത്പാദനത്തിന് മാത്രമാണെന്നും അതിനാല്‍ കുടുംബാസൂത്രണം വേണ്ടേവേണ്ടെന്നും കരുതുകയും വാദിക്കുകയും ചെയ്യുന്ന വരുണ്ട്. ലൈംഗികകാര്യങ്ങളില്‍ അങ്ങേയറ്റം കാപട്യവും യാഥാസ്ഥിതികത്വവുമുള്ള ഒരു സമൂഹമാണ് മലയാളികളുടേത് എന്നും അത് തകര്‍ക്കപ്പെടണമെന്നും സാഹിത്യത്തിന് അക്കാര്യത്തില്‍ ഏറെ ചെയ്യാനുണ്ടെന്നും ഉച്ചൈസ്തരം വാദിച്ചുപോന്നയാളാണ് കേസരി എ. ബാലകൃഷ്ണപിള്ള. ഒമ്പത് പതിറ്റാണ്ടുമുമ്പ് അദ്ദേഹം ചൂണ്ടിക്കാട്ടിയ ആ കാപട്യസാഹചര്യം ഏറക്കുറെ ഇന്നും നിലനില്‍ക്കുന്നതിനാലാണ് സാഹിത്യത്തിലെ രതിവിവരണ ങ്ങള്‍ക്ക് സ്വാഭാവികതയും ഔചിത്യവുമുണ്ടെന്നാലും ആക്ഷേപിക്കപ്പെടുന്നത്.
