പാരിസ്ഥിതികനീതി, വികസനനീതി എന്നീ വിജാതീയ യാഥാർഥ്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് മാനുഷികതയ്ക്കുവേണ്ടി ഒരു എഴുത്തുകാരൻ നടത്തുന്ന സാമൂഹിക വിചാരണയും ആത്മപരിശോധനയുമാണ് "അമരകോശം." ഭോപാലും ചെർണോബും എൻമകജെയും പോലെ ആഗോളതലത്തിൽ നടന്നുകഴിഞ്ഞ പാരിസ്ഥിതികമായ ആഘാതത്തിന്റെ സമാരംഭംകുറിച്ച ഇരാവതിക്കരയിലെ ഒരു നാടിന്റെ കഥപറയുകയാണ് നോവലിസ്റ്റ് ജ്യോതിശങ്കർ.
"പ്രകൃതിയുടെ മേൽ മനുഷ്യൻ അടിച്ചേൽപ്പിക്കുന്ന അധികാരം പിറവിയെടുക്കുന്നത് മനുഷ്യർ മനുഷ്യർക്കുമേൽ സ്ഥാപിക്കുന്ന അധീശത്വത്തിൽനിന്നാണെന്ന് " സാമൂഹിക ഇക്കോളജിയുടെ ഉപജ്ഞാതാവായ ബുക്ക്മിൻ പറഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യവും അതു കഴിഞ്ഞു അഭിമുഖീകരിക്കേണ്ടിവന്ന ഭഷ്യക്ഷാമവും പട്ടിണിമരങ്ങളും സാമ്പത്തികത്തകർച്ചയും ഇന്ത്യയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിഘാതമായി മാറിയപ്പോൾ നെഹ്റു നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതികളാണ് ഇന്ത്യയെ കൂട്ടമരണങ്ങളിൽനിന്ന് ഒരളവുവരെ പിടിച്ചുനിർത്തിയത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടത്തിയ ഉജ്ജ്വലമായ പ്രസംഗത്തിൽ നെഹ്റു പറഞ്ഞു:
"ഇന്ത്യയിലെ ഓരോ മനുഷ്യന്റെയും കണ്ണീർ നമുക്ക് തുടയ്ക്കണം. അതിനു തൊഴിൽവേണം. ദാരിദ്യം ഇല്ലാതാക്കണം."
