സന്ദേഹങ്ങളും തീർപ്പുകളും

World of Letters

സന്ദേഹങ്ങളും തീർപ്പുകളും


"നാമിങ്ങറിയുവതൽപ്പം എല്ലാമോമനേ ദേവസങ്കൽപ്പം' എന്നു കുഞ്ഞിനോടു പറയുന്ന കുമാരനാശാൻ ആസ്തികനാണ്. ചിന്തയാം മണിമന്ദിരത്തിൽ വിളങ്ങുമീശനെ വാഴ്ത്തിയവൻ നാസ്തികതയിലേക്കോ ഈശ്വരനെക്കുറിച്ചു മൗനം പുലർത്തുന്നിടങ്ങളിലേക്കോ സഞ്ചരിക്കുന്നുവെന്നു പറയാൻ ആരും മടിക്കും. കുമാരനാശാൻ നാരായണഗുരുവിനൊപ്പം വേദാന്തിയായിരുന്നെന്ന ധാരണയും പ്രബലമാണ്. ശാന്തിയൗപനിഷദോക്തികൾ തന്നെ നൽകും എന്ന വിശ്വാസം അദ്ദേഹം ഉറപ്പിക്കുന്ന കാവ്യസന്ദർഭവുമുണ്ടല്ലോ? അതേ കാവ്യത്തിൽ തന്നെ ഉത്പത്തി കർമ്മഗതിപോലെ വരും ജഗത്തിൽ എന്നെഴുതുന്ന കവി ഉപനിഷത്തുക്കളുടെമാത്രമല്ല, ഹിന്ദുമതത്തിലെ കർമ്മഫലസിദ്ധാന്തത്തിന്റെകൂടി വിശ്വാസിയായിരുന്നെന്നും വാദിക്കാം. ഇതെല്ലാം അദ്ദേഹത്തിന്റെ കവിതകളിൽ നിന്നുള്ള രേഖാപരമായ തെളിവുകളാണ്. ആശാൻ പിൽക്കാലത്ത് എഴുതിയ ‘മതപരിവർത്തനരസവാദ’ത്തിൽ ഈഴവർ മതം മാറണമെന്ന നിർദ്ദേശത്തെ അദ്ദേഹം എതിർക്കുന്നതായും കാണാം. ഇതാണോ യഥാർത്ഥ കുമാരനാശാൻ?

കുമാരനാശാൻ
കുമാരനാശാൻ

ചണ്ഡാലഭിക്ഷുകി, കരുണ തുടങ്ങി പിൽക്കാലത്തെ ആശാൻ കവിതകളിലെമ്പാടും ബുദ്ധമതാദർശം ഉയരുന്നതു കാണാം. നീണ്ട ഇരുപത്തിയൊന്നു വർഷങ്ങളായി എഡ്വിൻ ആർനോൾഡിന്റെ ‘The Light of Asia’ എന്ന കൃതി ശ്രീബുദ്ധചരിതം എന്ന പേരിൽ വിവർത്തനം ചെയ്യാനുള്ള ശ്രമങ്ങളിലായിരുന്നു ആശാൻ. അതിന്റെ എട്ടു ഭാഗങ്ങളിൽ അഞ്ചു ഭാഗങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തുകഴിഞ്ഞിരുന്നു. റെഡീമർ ബോട്ടപകടത്തിൽ പെട്ടു മരിച്ച കവിയുടെ ജഡത്തിൽ നിന്നും കണ്ടെടുക്കപ്പെട്ട കൃതികളിൽ ഈ പരിഭാഷയുടെ അഞ്ചാംഭാഗവും ഉണ്ടായിരുന്നുവെന്ന് പി.കെ. ബാലകൃഷ്ണൻ എഴുതുന്നുണ്ട്. കൂടെക്കൊണ്ടു നടന്നിരുന്ന വിവർത്തനകൃതി കവിമനസ്സ് അതിൽ എത്രമാത്രം വ്യാപൃതമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ബാലകൃഷ്ണൻ പറയുന്നു. ആശാന്റെ പരിഭാഷായത്‌നത്തിന് ഓജസ്സ് സംഭരിക്കാനുള്ള യജ്ഞത്തിന്റെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കാണുന്നു. ഇങ്ങനെ, ആശാന്റെ ബുദ്ധമതത്തോടുള്ള താത്പര്യങ്ങളെ വളരെ സവിശേഷമായ പ്രാധാന്യത്തോടെ നോക്കിക്കണ്ടവരുണ്ട്. ‘പ്രരോദനം’ എന്ന കാവ്യത്തിൽ ബുദ്ധജ്ഞാനശാസ്ത്രം നേരിട്ടു സൂചിതമാകുന്നുണ്ട്. ബുദ്ധദർശനമാണോ വേദാന്തദർശനമാണോ ആശാന് സ്വീകാര്യമായിരുന്നതെന്ന തർക്കങ്ങളിലേക്കു നയിക്കാവുന്ന സ്ഥിതിയാണിത്. ഹിന്ദുത്വവാദത്തിന്റെ ആക്രമണോത്സുകമായ കടന്നുകയറ്റത്തിന്റെ സമകാലത്ത് ഈ പ്രശ്‌നം കൂടുതൽ സവിശേഷമായ മാനങ്ങൾ ആർജ്ജിക്കുന്നതും കാണാം. നാരായണഗുരുവിന്റെ വേദാന്തചിന്തയെ മുൻനിർത്തി ആ യതിവര്യനെ ഹിന്ദുത്വയിലേക്കു സ്വാംശീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുന്ന കാലത്ത് ചിന്നസ്വാമിയുടെ നിലപാടുകളും ചർച്ചയിലെത്തുക സ്വാഭാവികവുമാണ്.


Related Articles