"നൂറുശതമാനം സ്വാതന്ത്ര്യവും എപ്പോഴും ചാരാനൊരു ചുമലും വേണ്ട ഒരു ഫെമിനിസ്റ്റാണ് ഞാന്‍"

World of Letters

"നൂറുശതമാനം സ്വാതന്ത്ര്യവും എപ്പോഴും ചാരാനൊരു ചുമലും വേണ്ട ഒരു ഫെമിനിസ്റ്റാണ് ഞാന്‍"


കഴിഞ്ഞ ഒന്നൊന്നര വര്‍ഷത്തില്‍ എന്റെ ജീവിതം ഒരുപാടു മാറി. വര്‍ഷങ്ങളായുള്ള കൊച്ചിവാസം ഉപേക്ഷിച്ച് ഞങ്ങള്‍ മണിലാലിന്റെ (മണിലാല്‍ പടവൂര്‍) നാടായ കണിച്ചുകുളങ്ങര എന്ന ഗ്രാമത്തില്‍ വന്ന് താമസം തുടങ്ങി. ജീവിതത്തിന്റെ പോക്ക് വലിയ തമാശയാണ്. ഒരാണിന്റെ–അതേതാണിന്റെയാലും–നാട്ടില്‍പ്പോയി സെറ്റില്‍ ചെയ്യുന്നതരം ആളായി ഒരിക്കലും ഞാന്‍ എന്നെ കണ്ടിരുന്നില്ല. പക്ഷേ, ഇപ്പോള്‍ കണിച്ചുകുളങ്ങരയല്ലാതെ ഒരു നാട്ടില്‍ ജീവിക്കുന്നത് എനിക്കാ​ലോചിക്കാന്‍ കഴിയുന്നില്ല. ഇതും മാറിയേക്കാം. കാരണം ഞാന്‍ ജീവിതത്തെ കൊണ്ടുപോവുകയായിരുന്നില്ല, ജീവിതം അതിനു തോന്നുന്നപോലെ എന്നെ കൊണ്ടുപോവുകയായിരുന്നു.

പട്ടിയും പൂച്ചയുമൊക്കെയുണ്ടെങ്കില്‍ കൊച്ചിയില്‍ വീട് വാടകയ്ക്കു കിട്ടാന്‍ വലിയ പ്രയാസമാണ്. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ കണിച്ചുകുളങ്ങരയ്ക്ക് മാറിയതുതന്നെ. മണിലാലിന്റെ തറവാടുവീടിനു പിറകിലായി ഞങ്ങളുടെ കസിന്‍ ഉണ്ണിയുടെ വീടും പറമ്പും ലീസിനെടുത്തു. ലീസ് ഒക്കെ കഴിഞ്ഞ​പ്പോഴാണ് ലീസ് എന്നത് ‘വീട് വിത്ത് ഉണ്ണി' ആണെന്ന് മനസ്സിലാ​യത്. മിക്ക വീക്കെന്‍ഡിലും വയനാടുനിന്ന് അവനി​ങ്ങെത്തും. പി.ആര്‍. സുമേഷ് എന്ന ഞങ്ങളുടെ ഉണ്ണി വയനാട് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. പണ്ടുമുതലേ എന്റെ എഴുത്തിന്റെ വലിയ ഫാനുമാണ്.

ഈ സമാഹാരത്തിലെ മൂന്നു നാലു കഥകള്‍ ഞാന്‍ ഈപ്പറഞ്ഞ ഒന്നര വര്‍ഷത്തില്‍ എഴുതിയതാണ്. എനിക്കുതന്നെ അതില്‍ വലിയ അത്ഭുതമുണ്ട്. കാരണം ഇരുപതുവര്‍ഷത്തിലധികമായ എന്റെ എഴുത്തുജീവിതത്തില്‍ പതിനഞ്ചില്‍ത്താഴെ കഥകളേ ഞാന്‍ എഴുതിയിട്ടുള്ളൂ. ‘വര്‍ഷത്തില്‍ ഒന്ന്' പോലുമില്ല! ഈ സ്ഥലം എന്നെ കൂടുതല്‍ ക്രിയേറ്റീവാക്കി എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷേ, പുതിയ താമസം കഥകളുടെ ഒരു പുതിയ ലോകം എനിക്കു മുന്നില്‍ തുറന്നു. അത് കേള്‍ക്കുന്ന കഥകള്‍തന്നെ ആവണമെന്നില്ല. കാണുന്ന മനുഷ്യരാവാം, കാഴ്ചകളാവാം. കാഴ്ചകൾ കൂടുതൽ പച്ചയായിരുന്നു. മനുഷ്യരും. ജീവിച്ച ജീവിതവും അതിന്റെ കടുത്ത അദ്ധ്വാനവും വരകളും ചുളിവുകളുമായി അവരുടെ മുഖത്തുണ്ടാവും. കണിച്ചുകുളങ്ങരയില്‍നിന്നും ആലപ്പുഴയിലേക്ക് തീരദേശപാത വഴിയുള്ള സ്ഥിരം ബസ് യാത്രയ്ക്കിടയില്‍ കണ്ട ഒരു മനുഷ്യന്റെ മുഖത്തില്‍നിന്നാണ് ഞാന്‍ ‘ശലോമോന്റെ സുഭാഷിതങ്ങൾ' എന്ന കഥ എഴുതിയത്.


Related Articles