കോടതികളും ന്യായാന്യായ വിചാരങ്ങളുമായി മുട്ടുകയും ഉരുമ്മുകയും ചെയ്യേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ പലപ്പോഴും എന്നെ വഴിമുട്ടിക്കുകയോ ഉത്തരം കിട്ടാത്ത ഇടങ്ങളില്‍ എത്തിക്കുകയോ ചെയ്തിട്ടുണ്ട്. ചിലത് ഇങ്ങനെ:
കോടതികളേക്കാള്‍ കൂടുതലായി കോടതിവളപ്പുകളുടേതാണ് ഒന്ന്. ചില്ലറ ആവശ്യങ്ങള്‍ക്കായി ഉത്തരഭാരതത്തിലെ മുഫസ്സല്‍ പട്ടണങ്ങളിലെ കച്ചേരികള്‍ സന്ദര്‍ശിക്കേണ്ടി വന്നപ്പോഴൊക്കെ ഈ വളപ്പുകളുടെ കാഴ്ച എന്നെ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. ഒരു വലിയ ക്യാമ്പുപോലെയാണ് ആ വളപ്പുകള്‍. പായകളും മാറാപ്പുകളും പാചക സാമഗ്രികളുമായി പരാതിക്കാര്‍ അവിടെ സകുടുംബം തമ്പടിക്കുന്നു. ചരടുകള്‍ കെട്ടി ഉണങ്ങാനിട്ട തുണികള്‍, പുക ഉയരുന്ന അടുപ്പുകള്‍, വെള്ളം കോരിക്കൊണ്ടു വന്ന് കുളിക്കുന്ന മുതിര്‍ന്നവര്‍, ഓടിക്കളിക്കുന്ന കുട്ടികള്‍. നീതിക്കുവേണ്ടിയുള്ള ഈ നീണ്ട കാത്തിരിപ്പിനെ സമര്‍ത്ഥിക്കുന്നതാണ് ഈ കുടിപാര്‍പ്പുകാരുടെ നിത്യാവശ്യങ്ങള്‍ക്കായി അവര്‍ക്ക് ചുറ്റും വളര്‍ന്നു വന്നിട്ടുള്ള ചന്തകള്‍. അവര്‍ക്ക് ഭക്ഷിക്കുവാന്‍ ഭക്ഷണശാലകള്‍, പഴകുന്ന ഉടുപ്പുകള്‍ മാറ്റുവാന്‍ തുണിക്കടകള്‍, വളരുന്ന മുടിവെട്ടാന്‍ ബാര്‍ബര്‍ഷാപ്പുകള്‍, എന്തിന് കൊഴിയുന്ന പല്ലുകള്‍ എടുക്കുവാന്‍ ദന്തവൈദ്യന്മാര്‍വരെ.
ഈ കാര്യങ്ങളൊക്കെ സ്വരൂപിച്ചുകൂട്ടി കുറെക്കാലം മുമ്പ് ഞാനൊരു കഥയെഴുതുകയുണ്ടായി. വര്‍ഷങ്ങളായി പെറുക്കിക്കൂട്ടിയ കാശുമായി തന്റെ ഭൂമി തട്ടിപ്പറിച്ച ആര്‍ക്കോ എതിരെ അന്യായം കൊടുക്കുവാനായി, വിരലില്‍ തൂങ്ങിയ ചെറിയ കുട്ടിയുമായി കച്ചേരിയിലെത്തുന്ന ഒരു ഗ്രാമീണനെപ്പറ്റി. വക്കീലിന്റെ ഫീസ് കൊടുത്തതിനു ശേഷം മടിശ്ശീലയില്‍ അവശേഷിച്ചത് ഗുമസ്തനു കൊടുക്കുവാന്‍ തികയുകയില്ലെന്നു കണ്ട് അയാള്‍ കോടതിവളപ്പിലൂടെ എന്തു ചെയ്യണമെന്നറിയാതെ ചുറ്റിനടക്കുന്നു. കുട്ടിക്ക് വിശപ്പടക്കാന്‍ എന്തോ വാങ്ങിക്കൊടുത്തതിനു ശേഷം, നിറവേറ്റാനാകാതെ കിടന്നിരുന്ന കൊച്ചുകൊച്ച് ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച് അവശേഷിച്ച കാശ് ആ വിധം ചെലവാക്കി, ഗുമസ്തനെ ഏല്പിക്കുവാന്‍ കഴിയാത്ത ഹര്‍ജി കൈയില്‍ വെച്ച് അയാള്‍ ഗ്രാമത്തിലേക്കു മടങ്ങുന്നു.
