ആകാശത്തിലൂടെ പൊട്ടുപോലെ പറക്കുന്ന, രാത്രി കാലങ്ങളിൽ കറുത്ത മേഘങ്ങൾക്കിടയിലൂടെ ചുവന്ന് മിന്നിപ്പായുന്ന വിമാനത്തിൽ കയറണമെന്ന് കൊതിക്കാത്ത ബാല്യങ്ങളുണ്ടാവില്ല. ഭാവിയിൽ വളർന്നു വലുതായി വിമാനത്തിൽ കയറിയ ആദ്യാനുഭവം ഓർത്തുവയ്ക്കുന്നവരാണ് അധികമാളുകളും. ആ ഓർമ്മ ആസ്വദിക്കുന്നവരാണ് ഏറെപ്പേരും.
ഞാനോർത്തുവക്കുന്നത് പക്ഷേ വിമാനയാത്രയല്ല. ഭൂമിക്ക് മുകളിൽ, ആകാശത്തിനു കീഴിൽ ഒരു ബൈക്ക് യാത്ര!
എൻ്റെ വേദനകളും വിഷമങ്ങളുമറിഞ്ഞ് കീറിയതും നിറം മങ്ങിയതുമായ ഞാനിടുന്ന വസ്ത്രങ്ങളുടെ പഴക്കം കണ്ട് വരൂ നമുക്ക് ടൗൺ വരെയൊന്ന് പോകാമെന്ന് പറഞ്ഞ് എന്നെ കൂട്ടിക്കൊണ്ട് പോവുകയാണ് ചെല്ലൂർ യു.പി. സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന സോമനാഥൻ മാഷ്. ഞങ്ങൾ കുട്ടികൾ സ്‌നേഹത്തോടെ അദ്ദേഹത്തെ സോമാഷ് എന്ന് വിളിച്ചു.
“ബൈക്കിലാണ് നമ്മൾ പോകുന്നത്. പേടിയാവില്ലല്ലോ?”
