ഓരോ വണ്ടിക്കും ഓരോ ജീവിതം പറയാനുണ്ട്. ജീവനുള്ളതിനല്ലേ ജീവിതമുണ്ടാകൂ എന്ന യുക്തിക്കു സ്ഥാനമില്ലാത്തവിധം അങ്ങേയറ്റം വ്യത്യസ്തത നിറഞ്ഞ നിഗൂഢ കഥകളുമായി ജീവിക്കുന്ന വണ്ടികൾ—കോണ്ടെസ്സ എന്ന എന്റെ മൂന്നാമത്തെ നോവൽ വേറിട്ടതാകുന്നതിങ്ങനെയാണെന്ന് ഞാൻ കരുതുന്നു.
ഉറക്കപ്പിശാച്, വരത്തുപോക്ക് എന്നീ ബെസ്റ്റ്സെല്ലർ നോവലുകൾക്ക് ശേഷമാണ് ഞാൻ 'കോണ്ടെസ്സ' എഴുതുന്നത്. ഒരുകാലത്ത് ഇന്ത്യയുടെ ഹൃദയം കവർന്ന കാറിന്റെ പേര് തന്നെയാണ് നോവലിനുമെന്നത് യാദൃശ്ചികതയല്ല. പല കാലങ്ങളിലെ ഇന്ത്യൻ ജീവിതങ്ങളിലൂടെയും യാഥാർഥ്യങ്ങളിലൂടെയും വായനക്കാരനെ സവാരി ചെയ്യിക്കുന്ന നോവലിൽ ലക്ഷ്യസ്ഥാനം പ്രവചിക്കാൻ കഴിയാത്തത്ര ആകാംക്ഷയും കൗതുകവും ദുരൂഹതയും അമ്പരപ്പും കഥാവൈവിധ്യവുമെല്ലാം തരംപോലെ നിറയ്ക്കുവാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.
ആദ്യകൃതികളിൽ മാജിക്കൽ റിയലിസമായിരുന്നു എന്റെ രചനാസങ്കേതമെങ്കിൽ കോണ്ടെസ്സയിൽ അനുഭവിക്കാനാകുന്നത് തികച്ചും വേറിട്ട കാഴ്ചകളും അനുഭവങ്ങളുമാണ്. ‘ഒരത്തൻ’ എന്ന ഒറ്റപ്പേരിനു പിന്നിൽ സമുദ്രഹിമപർവ്വതം പോലെ മറഞ്ഞുകിടക്കുന്ന ഒരു വ്യവസായസാമ്രാജ്യത്തിൽനിന്നാണ് നോവലിന്റെ യാത്രയുടെ തുടക്കം. മുതൽ വിട്ടൊരു കളിക്കു തയ്യാറല്ലാത്ത ഒരത്തന്റെ മൂക്കിന്റെ കീഴിൽനിന്നും അമൂല്യമായൊരു സാധനം അപ്രത്യക്ഷമാകുന്നു. പല നാടുകളിൽ, പല പേരുകളിൽ, പലതരം ദൗത്യങ്ങൾ ശീലമാക്കിയ ഫിലിപ്പും ജോഷ്വയും ഒരത്തനു വേണ്ടി അന്വേഷണദൗത്യം ഏറ്റെടുക്കുന്നു. കുത്തുകൾ യോജിപ്പിക്കുന്ന കളി പോലെ ഓരോരോ നാടുകളിൽ നിന്ന് ഓരോരോ സൂചനകൾ കണ്ടെടുത്ത് അവർ ആ അമൂല്യസാധനം പിന്തുടരുന്നു. ആരാണ് ഒരത്തൻ? എന്താണ് അയാൾക്കു നഷ്ടപ്പെട്ടത്? ആരാണതിനു പിന്നിൽ? ദുർഘടദൗത്യം ഫിലിപ്പും ജോഷ്വയും ഏറ്റെടുക്കാൻ എന്താണ് കാരണം? ഇത്തരം അനേക ചോദ്യങ്ങൾക്കുള്ള ഉത്തരം തേടൽ കൂടിയാണ് കോണ്ടെസ്സയിലൂടെയുള്ള യാത്ര.
