ഇന്ന് ഏതാണ്ട് കാലഹരണപ്പെട്ട വാക്കാണ് ജിപ്സി. ഈജിപ്റ്റിൽനിന്ന് വിശുദ്ധനഗരമായ ജറുസലേമിലേക്ക് പുറപ്പെട്ട ജനതയാണെന്ന് കരുതിയാണ് ജിപ്സികൾ എന്ന് അവരെ യൂറോപ്പുകാർ വിളിച്ചത്. (ഈജിപ്റ്റ്/ഈജിപ്ഷ്യൻ /ജിപ്സി എന്നീ വാക്കുകൾ തമ്മിലുള്ള അടുപ്പം ശ്രദ്ധിക്കുക.ഇംഗ്ലിഷിൽ Gypsy എന്നും Gipsy എന്നും എഴുതിക്കണ്ടിട്ടുണ്ട്. Gypsy എന്നുതന്നെയാണ് സാധാരണ എഴുതുന്നത്. 18-ാം നൂറ്റാണ്ടിലാണ് ജിപ്സികൾ ഇന്ത്യാക്കാരാണെന്ന് തിരിച്ചറിഞ്ഞത്. ജിപ്സികൾ പാകിസ്താനിൽനിന്നു പോയവരാണെന്നും ചില പുസ്തകങ്ങളിൽ കാണുന്നുണ്ട്. പാകിസ്താൻ ഇന്ത്യയുടെ ഭാഗമായിരുന്നല്ലോ. അത് അറിയാതെയാവാം അങ്ങനെ പറയുന്നത്.
യഹൂദന്മാരെപ്പോലെ സ്വന്തമായി ചരിത്രം എഴുതിയ ജനതയല്ല ജിപ്സികൾ. അവർക്ക് എഴുത്തറിയില്ലായിരുന്നു. കിഴക്കൻ യൂറോപ്പിൽ എത്തിയതിനുശേഷമേ അവരെക്കുറിച്ച് പരാമർശം ഉണ്ടായിട്ടുള്ളൂ. അതിനുമേലേ അവർക്ക് ചരിത്രമുള്ളൂ. അതിനാൽ അവരെക്കുറിച്ച് എഴുതപ്പെട്ട ചരിത്രങ്ങളിലാകട്ടെ ഊഹാപോഹങ്ങൾ ധാരാളമായി കടന്നുകൂടിയിട്ടുണ്ട്. ആ യാത്രയിൽ വഴിതെറ്റി അലഞ്ഞുപോയവരാണവർ എന്ന് യൂറോപ്പുകാർ കരുതി. അതിന്റെ പേരിൽ ജിപ്സികൾക്ക് ആദ്യകാലത്ത് ആദരവ് കിട്ടിയിട്ടുണ്ട്. പിന്നീട് നരകജീവിതമാണ് അവർ നയിച്ചത്. "ജിപ്സി' എന്ന് വിളിക്കപ്പെടാൻ അവർ ഇന്ന് ആഗ്രഹിക്കുന്നില്ല. മനുഷ്യൻ എന്നർത്ഥമുള്ള റൊമാനി (Romani or Romanes) എന്ന് വിളിക്കപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഇംഗ്ലിഷിൽ Romani എന്നും Romany എന്നും എഴുതും. റോം (Rom-ഏകവചനം) റോമ (Roma-ബഹുവചനം). റോമാജനതയാണവർ. (അവരെ ഡോം എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ഡോം റോമായി മാറി. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും അവരെ ഡോം, ഡോമി എന്നാണ് വിളിക്കുന്നത്.) റോമാക്കാരുമായോ റൊമാനിയക്കാരുമായോ ഈ പേരിന് ഒരു ബന്ധവുമില്ല. പൊതുവേ ലോകത്തിന്, മലയാളികൾക്ക് പരിചിതമായ പേര് ജിപ്സി എന്നാകയാൽ ഇവിടെ ഗ്രന്ഥനാമമായി അത് ഉപയോഗിക്കുന്നു എന്നേയുള്ളൂ. (ജിപ്സികളെ നമുക്ക് ഏറെ പരിച യമുള്ള ഒരു സന്ദർഭം ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ "ഏകാന്തതയുടെ നൂറു വർഷങ്ങളു'ടെ തുടക്കത്തിൽത്തന്നെ ഉണ്ടല്ലോ. “ആണ്ടുതോറും മാർച്ചു മാസത്തിൽ മുഷിഞ്ഞ തുണികളണിഞ്ഞ ജിപ്സികളുടെ ഒരു കുടുംബം ഗ്രാമത്തിനടുത്തായി കൂടാരങ്ങൾ കെട്ടുമായിരുന്നു. പൈപ്പുകളുടെയും കെറ്റിൽ ഡ്രമ്മുകളുടെയും ഒച്ചപ്പാടോടെ അവർ പുതിയ കണ്ടുപിടിത്തങ്ങൾ പ്രദർശിപ്പിക്കും. ആദ്യം അവർ കാന്തം കൊണ്ടുവന്നു. മെൽക്വെയ്‌ഡ്‌സ് എന്ന് സ്വയം പരിചയപ്പെടുത്തിയ, മെരുങ്ങാത്ത താടിയും കുരുവിക്കൈകളുമുള്ള ഒരു കനത്ത ജിപ്‌സി, മാസിഡോണിയയിലെ ആൽക്കെ മിസ്റ്റുകളുടെ എട്ടാമത്തെ അത്ഭുതം എന്ന് താൻതന്നെ വിളിച്ചതിന്റെ ധീരമായ ഒരു പൊതുപ്രകടനം നടത്തി...”)
പല പുസ്തകങ്ങളിലും ഗ്രന്ഥകാരന്മാർ ഇതേ ന്യായത്താൽ അങ്ങനെ ചെയ്തിട്ടുണ്ട്. ഈ പുസ്തകം വായിച്ചുകഴിയുമ്പോൾ അത് റോമയുടെ ചരിത്രമായി മാറുകയും ചെയ്യും. ജിപ്സികളെപ്പറ്റി അംഗസ് ഫ്രേസർ (Angus Fraser) എഴുതിയ ദി ജിപ്സീസ് (The Gypsies) എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: “അവർ (ജിപ്സികൾ) ഒരു വ്യത്യസ്തമായ സ്വത്വം കാത്തുപോന്നു. ജിപ്സികളുടെ ചരിത്രം അവരുടെ ഭാഷ
യിലാണ്. യൂറോപ്യൻ റൊമാനിയെ റോം (Rom), അമേരിക്കൻ റൊമാനിയെ ലോം (Lom) സിറിയൻ, പേർഷ്യൻ റൊമാനിയെ ഡോം (Dom) എന്ന് വിളിക്കുന്നു. സംസ്കൃതത്തിലെ ഡോംബയിൽനിന്ന് ഉണ്ടായതാണിത്.ആധുനിക ഇന്ത്യൻ ഭാഷകളിൽ dom, dum എന്നും പറയുന്നു. doms സംഗീതജ്ഞർ ആയിരുന്നു. പാട്ടുപാടി ജീവിക്കുന്നവർ എന്നാണ് സംസ്കൃതത്തിൽ അർത്ഥം.”
