തണുപ്പിൽനിന്നു വന്ന ചാരൻ

World of Letters

തണുപ്പിൽനിന്നു വന്ന ചാരൻ


ജോൺ ലെ കാരെയുടെ 'തണുപ്പിൽനിന്നു വന്ന ചാരൻ 'The spy who came in from the cold, 1963) ഇന്നു വീണ്ടും വായിക്കുമ്പോൾ ശീതയുദ്ധവും സോവിയറ്റ് യൂണിയനും ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് (ജി.ഡി.ആർ.) എന്ന കിഴക്കൻ ജർമ്മനിയും ബർലിൻ മതിലും സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി.യുമില്ല. ഇന്നത്തേതിൽനിന്നു തീർത്തും വ്യത്യസ്തമായ ഭൂപടങ്ങളും ഭൗമരാഷ്ട്രീയവും ശാക്തികചേരികളും നിലനിന്ന ആറുപതിറ്റാണ്ടുമുമ്പുള്ള ലോകത്തിലെ ആ ചാരക്കഥ പക്ഷേ, പുതിയ വായനയിലും ഉദ്വേഗവും പാഠത്തിനുള്ളിലെ പുതിയ പാഠങ്ങളും സൃഷ്ടിച്ചുകൊണ്ടു നിൽക്കുന്നു. ചാരക്കഥകളും ത്രില്ലറുകളുമൊക്കെയടങ്ങിയ കുറ്റാന്വേഷണ സാഹിത്യത്തിനു പൊതുവേ ഇല്ലാത്ത സാഹിത്യഗുണമാണ് 'സ്‌പൈ'യ്ക്ക് ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഇംഗ്ലിഷ് നോവലുകളെക്കുറിച്ചുള്ള പട്ടികകളിൽ ഇടം നൽകുന്നത്. ജെയിംസ് ബോൺഡിന്റെ മാതൃകയിലുള്ള വീരനായകനായ ചാരനെയല്ല, 'ചാരന്മാരെപ്പറ്റി നിങ്ങളെന്താ കരുതുന്നത്, അവർ വികാരിയച്ചന്മാരോ പുണ്യാളന്മാരോ രക്തസാക്ഷികളോ ആണെന്നാണോ? അവർ പൊങ്ങച്ചക്കാരായ വിഡ്ഢികളുടെ ഒരു കുത്സിതസംഘവും ചതിയന്മാരുമാണ്, അതെ, പരദ്രോഹികളും കുടിയന്മാരും' എന്നു പറയുന്ന പരാജിതനും ഭ്രഷ്ടനുമായ ചാരനെയാണ് ലെ കാരെ സൃഷ്ടിച്ചത്. 'എനിക്കറിയാം, പ്രൊഫഷണൽ ജീവിതത്തിൽ അസന്തുഷ്ടനാണു ഞാൻ, ഒറ്റപ്പെടലിന്റെയും വ്യക്തിപരമായ ആശയക്കുഴപ്പത്തിന്റെയും അറ്റത്താണ് ഞാൻ' എന്നു സ്വയം വിലയിരുത്തുന്ന അലെക് ലീമസാണ് തണുപ്പിൽനിന്നു വന്ന ആ ചാരൻ.

സോവിയറ്റ്-അമേരിക്കൻ ശാക്തികചേരികൾ പരസ്പരസംശയവും ശത്രുതയുമായി ചാരപ്പണിയും ആയുധസംഭരണവും പ്രച്ഛന്ന യുദ്ധങ്ങളുമായി നിൽക്കുകയായിരുന്ന, ശീതയുദ്ധകാലത്തിന്റെ പരകോടിയായിരുന്ന 1960-കളുടെ തുടക്കമാണ് 'സ്‌പൈ ഹു കെയ്ം ഇൻ ഫ്രം ദ കോൾഡി'ന്റെ പശ്ചാത്തലം. രണ്ടാം ലോകയുദ്ധത്തിനുശേഷം (മുതലാളിത്ത) പശ്ചിമജർമ്മനിയും (കമ്മ്യൂണിസ്റ്റ്) കിഴക്കൻ ജർമ്മനിയുമായി പിളർക്കപ്പെട്ട ജർമ്മനിയുടെയും ആ രണ്ടു രാജ്യങ്ങളെ വേർതിരിച്ചുകൊണ്ട് ബർലിൻ നഗരത്തിൽ ഉയർന്ന 'ബർലിൻ വാൾ' എന്ന പടുകൂറ്റൻ മതിലിന്റെയും ചരിത്രമോർത്താൽ മാത്രമേ നോവൽ ഉയർത്തുന്ന പ്രശ്‌നങ്ങൾ പൂർണ്ണമായും മനസ്സിലാകൂ. നോവലിലെ പ്രധാനപ്പെട്ട പ്രതീകമാണ് ബർലിൻ മതിൽ, 'കോൾഡി'നെപ്പോലെതന്നെ. 1961 തൊട്ട് 1989 വരെ നിലനിന്ന ബർലിൻ മതിലിനെ 'ഫാഷിസ്റ്റ് വിരുദ്ധ സംരക്ഷണക്കൊത്തള' (Anti-Fascist Protection Rampart) മെന്ന് കിഴക്കൻ ജർമ്മനിയും 'നാണക്കേടിന്റെ മതിൽ' എന്ന് പശ്ചിമജർമ്മനിയും വിളിച്ചു. ഒട്ടേറെ കാവൽഗോപുരങ്ങളും ഏതാനും കവാടങ്ങളുമുണ്ടായിരുന്ന ആ പടുകൂറ്റൻ കോൺക്രീറ്റ് ചുമരിന് 140 കിലോമീറ്ററിലധികം നീളവും നാലു മീറ്ററോളം പൊക്കവുമുണ്ടായിരുന്നു. മുകളിൽ മുൾക്കമ്പികളുറപ്പിച്ച ആ മതിൽ ചാടി പടിഞ്ഞാറൻ ജർമ്മനിയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ച ഇരുന്നൂറോളം പേർ പല കാലങ്ങളിലായി വെടിയേറ്റു മരിച്ചിട്ടുണ്ട്.


Related Articles