കുറ്റാന്വേഷണ കഥയിലെ ആധുനികത

World of Letters

കുറ്റാന്വേഷണ കഥയിലെ ആധുനികത


പതിനേഴ് തൂലികാനാമങ്ങളിലായി മുന്നൂളോളം അപസർപ്പക- മിസ്റ്ററി നോവലുകൾ. അവയിൽ ഒരു കുറ്റാന്വേഷകനെത്തന്നെ കേന്ദ്രമാക്കിയവയുടെ എണ്ണം നൂറ്റിയെഴുപത്തഞ്ച്. സ്വന്തം ഭാഷയായ ഫ്രഞ്ചിൽ മാത്രം വിറ്റഴിഞ്ഞത് ഇരുപതുകോടിയിലധികം പുസ്തകങ്ങൾ-- ഫ്രഞ്ച് അപസർപ്പക നോവലിസ്റ്റായ ഫ്രെഡറിക് ദാർദി (Frederic Dard 1921-2000) ന്റെ ഉത്കണ്ഠാനിർമാണ ഫാക്ടറിയിൽ വലിയ കണക്കുകളേയുള്ളൂ. ഉത്പാദന ക്ഷമതയിൽ മറ്റൊരു ഫ്രഞ്ചുകാരനു മാത്രമേ ദാർദിനെ കവച്ചുവയ്ക്കാനായിട്ടുള്ളൂ. ഇൻസ്‌പെക്ടർ മൈഗ്രെ നോവലുകളിലൂടെ ചരിത്രം സൃഷ്ടിച്ച ഷോർഷെ സിമ്‌നോണിന്. ബെൽജിയംകാരനെങ്കിലും ഫ്രഞ്ചിൽ എഴുതിയ സിമ്‌നോൺ (George Simenon, 1903-1989) അഞ്ഞൂറ് നോവലുകളെങ്കിലും എഴുതിയിട്ടുണ്ടാകുമെന്നാണു കണക്ക്. ഇരുപതിലധികം പേരുകളിൽ എഴുതിയ സിമ്‌നോണിന് മറ്റു ശാഖകളിലും പുസ്തകങ്ങളുണ്ട്. ഇംഗ്ലിഷിലും പ്രിയങ്കരനായ സിമ്‌നോൺ ആയിരുന്നു ദാർദിന്റെ വഴികാട്ടിയും ആദർശമാതൃകയും. വലിയ എഴുത്തുകാർക്കുപോലും പ്രിയമുള്ള സിമ്‌നോമിൽ നിന്നു വ്യത്യസ്തനാണ് ദാർദ്. വളരെകുറച്ചു വാക്കുകൾ മാത്രം ഉപയോഗിക്കുന്ന ലളിതമായ ആഖ്യാനങ്ങളാണ് ദാർദിന്റെ കൊലപാതക കഥകൾ. നിരാർഭാടമായ കഥപറച്ചിൽ. ശൈലീഭദ്രതയും അലങ്കാരവും ഉത്കണ്ഠ വർധിപ്പിക്കലുമൊന്നുമില്ല ദാർദിന്റെ കഥാലോകത്ത്. എന്നാൽ ദാർദിന്റെ നോവലുകൾ (വലിപ്പവും കുറവാണവയ്ക്ക്) വായിക്കാൻ തുടങ്ങിയാൽ നിങ്ങളവ നിലത്തു വയ്ക്കില്ല.

ഇംഗ്ലീഷിൽ അധികം വിവർത്തനങ്ങളും വലിയ പ്രശസ്തിയുമൊന്നുമില്ലാതെ ഫ്രെഡറിക് ദാർദിന്റെ കുറ്റാന്വേഷണകഥകൾ 2016 തൊട്ടാണ് ഇംഗ്ലിഷിൽ വായിക്കുന്നവർക്കു ലഭ്യമായിത്തുടങ്ങിയത്. (1960 കളിൽ ചില പരിഭാഷകൾ വന്നെങ്കിലും ശ്രദ്ധ കിട്ടിയില്ല.) കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിനുശേഷം വ്യാപകമായ ജനപ്രീതി നേടിയ ദാർദിന്റെ ഇംഗ്ലീഷ് വഴിയുള്ള ഈ പുനർജന്മം നോയിർ ഫിക്ഷൻ (Noir fiction) എന്ന കുറ്റാന്വേഷണ ശാഖയുടെ സവിശേഷതകൾ കൂടി വെളിപ്പെടുത്തുന്നു. കുറ്റകൃത്യത്തെയും കുറ്റവാളിയെയും ശരിതെറ്റുകളുടെ അടിസ്ഥാനത്തിൽ വിഭജിച്ച് ശരിയുടെയും നീതിയുടെ വിജയപഥത്തിൽ എത്തിച്ചേരുന്ന പരമ്പരാഗത അപസർപ്പക കഥാരീതിയിൽനിന്നു വ്യത്യസ്തമാണ് നോയിൽ നോവലുകളുടെ വഴി. ഇരുണ്ടത്, കറുത്തത് എന്നൊക്കെ അർത്ഥമുള്ള ഫ്രഞ്ച് പദമാണ് നോയിർ ('നുവാ' എന്നതാണ് ഏകദേശമായ ഫ്രഞ്ച് ഉച്ചാരണം). നോയിർ നോവലുകളിലെ കേന്ദ്ര കഥാപാത്രം കുറ്റവാളിയോ കുറ്റകൃത്യത്തിന്റെ അല്ലെങ്കിൽ ദുഷ്ടമായ സാമൂഹികാവസ്ഥയുടെ ഇരയോ ആയിരിക്കും. ലൈംഗികതയും അക്രമാസക്തിയും നിറഞ്ഞു കവിയുന്ന ആ ലോകത്ത് തകർന്നടിയുന്ന വ്യക്തിത്വവുമായി കഴിയുന്നവനാണ് മുഖ്യകഥാപാത്രം. ധാർമികതയില്ലാത്ത അവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന നോയിർ നോവലുകൾ വ്യത്യസ്തമായ ഒരുതരം അസംബന്ധദർശനമാണ് അവതരിപ്പിക്കുന്നത്. ഫ്രെഡറിക് ദാർദിന്റെ നോവലുകളിൽ കാണാവുന്നതും അതുതന്നെ. 'ദി എക്‌സിക്യൂഷണർ വീപ്‌സ്', 'ദ ഗ്രേവ്ഡിഗ്ഗേഴ്‌സ് ബ്രഡ്', 'ദ വിക്കഡ് ഗോ ടു ഹെൽ', 'കിങ് ഓഫ് ഫൂൾസ്', 'ബേഡ് ഇൻ എ കേജ്' എന്നീ നോവലുകളാണ് ഇപ്പോൾ ഇംഗ്ലിഷിൽ വന്നിട്ടുള്ളത്. കുറ്റവാളികളെയാണ് ദാർദ് ഈ കൃതികളിൽ പിന്തുടരുന്നത്. ആസക്തികളിലൂടെ കുഴപ്പങ്ങളിൽ ചെന്നുചാടുന്ന ധാർമികശക്തിയില്ലാത്തവരുടെ വിചിത്രലോകമാണത്.


Related Articles