കൃതികളിലെ പ്രത്യക്ഷമല്ലാത്ത തലങ്ങളും രഹസ്യവാതിലുകളും സൂചനകളും അന്വേഷിക്കുന്നതുകൊണ്ടാവണം സാഹിത്യനിരൂപകർ പണ്ടേതന്നെ അപസർപ്പകകഥകൾ വായിച്ചു രസിച്ചത്. മലയാളത്തിൽ നോവൽഎന്ന ജനുസ്സിനെ സാങ്കേതികമായും സൈദ്ധാന്തികമായും ആദ്യമായി അപഗ്രഥിക്കാൻ ശ്രമിച്ച എം.പി. പോളിൽനിന്നാണ് അതിന്റെ തുടക്കം. ഷെർലക് ഹോംസിനുള്ള ഫ്രഞ്ച് മറുപടിയായ അർസേൻ ല്യൂപാങ് (Arsene Lupin) എന്ന മാന്യനായ തസ്കരനെക്കുറിച്ച് 1930-ൽതന്നെ പോൾ എഴുതി. മൊറീസ് മറീ എമീൽ ല്ബ്ലോങ് (Maurice Marie Lablanc,1864-1941) എഴുതിയ ല്യൂപോങ് കഥകളിൽ ചിലത് അദ്ദേഹം മലയാളത്തിൽ സ്വതന്ത്രമായി വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയും ചെയ്തു.പശ്ചാത്തലവും കഥാപാത്രനാമങ്ങളുമെല്ലാം ഭാരതീയമാക്കി മാറ്റിയ ആ പരിഭാഷകളെ 'ഛായാനുവാദം' എന്നാണ് പോൾ വിളിച്ചത്. അദ്ദേഹത്തിന്റെ 'സാരിത്തുമ്പ്', 'ഒളിച്ചുപോയ സ്ത്രീ', 'രത്നാംഗുലീയം' എന്നീ ചെറുകഥകൾ അങ്ങനെയുണ്ടായവയാണ്. എഡ്ഗർ അലൻ പോയുടെ കഥകളുടെ ഛായാനുവാദവും പോൾ നിർവഹിച്ചിട്ടുണ്ട്. 'ഗദ്യഗതി' എന്ന പ്രബന്ധ സമാഹാരത്തിൽ ല്യൂപോങ് കഥകളെപ്പറ്റിയുള്ള 'ല്യൂപ്പിൻ' എന്ന ലേഖനവും കാണാം. (ഫ്രഞ്ച് ഉച്ചാരണത്തിൽ മുറുകെപ്പിടിക്കാതെ 'ല്യൂപ്പിൻ' എന്നും 'ലബ്ലാങ്ക്' എന്നുമാണ് പോൾ എഴുതിയത്).
ആ ലേഖനത്തിൽ ല്യൂപോങ്ങിനെ എം.പി. പോൾ ഇങ്ങനെ അവതരിപ്പിച്ചു. ''ഒരു തസ്കരനെ ഡിറ്റക്ടീവാക്കുകയോ? കളവു കണ്ടുപിടിക്കുവാൻ കള്ളനെത്തന്നെ നിയോഗിക്കുകയോ? പക്ഷേ, അങ്ങനെയാണ് ഫ്രഞ്ച് കഥാകാരനായ ലബ്ലാങ്ക് ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ കഥാനായകൻ ലോകൈക 'കേഡി'യായ ആഴ്സീൻല്യൂപ്പിൻ എന്നയാളാണ്. യുവാവ്, സുമുഖൻ, വശ്യഭാഷണൻ, രാജ്യാഭിമാനി, ആശ്രിതവത്സൻ, ദരിദ്രബന്ധു, കായികാഭ്യാസനിപുണൻ, നിശിതബുദ്ധി, അഭിനയ പടു,വേഷവിധാനവിചക്ഷണൻ, കർമകുശലൻ, സാഹസികൻഎന്നീ നിലകളിൽ ല്യൂപ്പിൻ ആരുടെ ഹൃദയവും വശീകരിക്കും. സുപ്രസന്നവദനനായിട്ടേ ല്യൂപ്പിനെ നാം കാണാറുള്ളൂ. മഹാവിപത്തുകളിലും ദുർഘടസന്ധികളിലുമാണ് അയാളുടെ സ്വപ്രത്യയസ്ഥൈര്യം കാണേണ്ടത്. എന്തൊരു അമാനുഷപ്രഭാവം! എന്നാൽ ഈ അസാധാരണ ഗുണങ്ങൾ ഒത്തിണങ്ങി നമ്മുടെ ഹൃദയങ്ങളെ ആവർജിക്കുന്ന മനുഷ്യന്റെ തൊഴിൽ ഭവനഭേദനവും കൂട്ടായ്മക്കവർച്ചയുമാണ്. ചില്ലറപ്പിടുങ്ങലൊന്നുമല്ല, ലക്ഷക്കണക്കിന് വരുമാനം. നല്ല നല്ല ചിത്രങ്ങൾ, ലോകോത്തരങ്ങളായ ശില്പവിലാസങ്ങൾ, അസുലഭമായ കൈയെഴുത്തുപ്രതികൾ, അഭൂതപൂർവമായ പരവതാനികൾ മുതലായവയിൽ ല്യൂപ്പിനു വലിയ വാസനയാണ്. അവ എവിടെ സൂക്ഷിച്ചുവെച്ചാലും ശരി, ഒടുവിൽ അവ ല്യൂപ്പിന്റെകൈവശം വന്നുചേരാതിരിക്കുകയില്ല. ശുദ്ധ തട്ടിപ്പുകാരും പൊങ്ങച്ചക്കാരും കുലീനതാനാട്യക്കാരുമായ വമ്പന്മാരെ കൊള്ളയടിക്കുകയും വൻകള്ളന്മാരെ പിടിക്കാൻചിലപ്പോൾ പോലീസിനെ സഹായിച്ച് അപസർപ്പകനായിത്തീരുകയും ചെയ്യുന്ന ല്യൂപോങ് എന്ന കഥാപാത്രത്തെപ്പറ്റി പോൾ എഴുതി. ആഴ്സീൻ ല്യൂപ്പിൻ, റോബിൻ ഹുഡ്, കായകുളം കൊച്ചുണ്ണി മുതലായ സമുദായശത്രുക്കളുടെ പരാക്രമങ്ങളെക്കുറിച്ചുള്ള കഥകൾ വായിക്കുമ്പോൾ നമുക്ക് വെറുപ്പും കോപവും ഉണ്ടാകുന്നതിനുപകരം നാം അവരെ ബഹുമാനിക്കുകയും അവർക്ക്ആപത്തൊന്നും വരാതിരിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? നമ്മുടെ സാമുദായികബോധം സമ്പൂർണ്ണമായതുകൊണ്ടാണോ നമ്മുടെ പൗരമര്യാദ തൊലിപ്പുറമേ മാത്രമേയുള്ളൂ എന്നു വരുമോ? ആർക്കറിയാം?'' എം.പി. പോൾ ശരിയായിത്തന്നെ ചൂണ്ടിക്കാട്ടിയതിനപ്പുറം മറ്റു ചിലതുകൂടിയുണ്ട് അർസേന് ല്യൂപാങ് കഥകളിൽ.
