ഗണിതശാസ്ത്രജ്ഞനു നേരേ ഭൗതികശാസ്ത്രജ്ഞൻ ഒരു ചോദ്യമെറിയുന്നു: ''ഏതാണു കഠിനം: നിർധാരണം ചെയ്യാനാവാത്ത ഒരു ഗണിതപ്രശ്നം സൃഷ്ടിക്കലോ അതു നിർധാരണം ചെയ്യലോ?'' ചെയ്യാനാവാത്ത കണക്കും അതു ചെയ്യാനുള്ള ശ്രമവും കൂടുതൽ സങ്കീർണമാകുന്നത് ആ കണക്ക് ഒരു കപടസൂത്രമാകുമ്പോഴാണ്. യഥാർത്ഥത്തിൽ ബീജഗണിതപ്രശ്നമാണെങ്കിലും പുറമേ ജ്യാമിതീയപ്രശ്നമാണെന്നു തോന്നിക്കുന്ന ഒരു കണക്കു ചെയ്യാൻ കിട്ടുന്ന വിദ്യാർത്ഥി ആ കെണിയിൽപ്പെട്ടു വഴിതെറ്റുമ്പോലെയാകും അത്തരമൊരു കുറ്റകൃത്യത്തിനു മുന്നിൽപ്പെടുന്ന അപസർപ്പകന്റെ സ്ഥിതിയും. ആ ഗണിതസൂത്രത്തിന്റെ രീതിയിൽ ഒരുക്കപ്പെട്ട ഒരു കുറ്റകൃത്യത്തിന്റെ കഥയാണ് ജാപ്പനീസ് എഴുത്തുകാരനായ കൈഗോ ഹിഗാഷിനോയുടെ 'ദ ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ്' എന്ന് ഇംഗ്ലിഷ് പരിഭാഷയിൽ പേരുള്ള (The Devotion of suspect x, Keigo Higashino, trans. from Japanese to English by Alexander O. Smith, London: Little Brown, 2011) അപസർപ്പകനോവൽ പറയുന്നത്.
മൂല്യം അജ്ഞാതമായ സംഖ്യയെ സൂചിപ്പിക്കുന്ന "x'' എന്ന ബീജഗണിതപ്രതീകത്തിന്റെ സാന്നിദ്ധ്യം ഈ നോവലിന്റെ ശീർഷകത്തെ 'സംശയിക്കപ്പെടുന്ന അജ്ഞാതന്റെ സമർപ്പണ'മെന്നോ മറ്റോ പരിഭാഷപ്പെടുത്താനുള്ള ശ്രമത്തെ തടയുന്നു. അപസർപ്പകനോവൽ വാഗ്ദാനം ചെയ്യുന്ന നിഗൂഢതയുടെ സൗന്ദര്യം തകർത്തുകളയുന്നതാവും ആ വിവർത്തനശ്രമം. എന്നാൽ നോവലിലാകട്ടെ സംശയിക്കപ്പെടുന്ന കുറ്റവാളി എന്ന എക്സ് ഘടകം ഒരു നിഗൂഢതയോ ഒളിച്ചുവച്ച രഹസ്യമോ അല്ലതാനും. കുറ്റകൃത്യം തുടക്കത്തിൽ അവതരിപ്പിക്കുകയും കുറ്റവാളിയെ ഒടുക്കത്തിൽ മാത്രം വെളിപ്പെടുത്തുകയും ചെയ്യുന്ന അപസർപ്പകനോവലിന്റെ സമവാക്യം ഉപേക്ഷിച്ച് തുടക്കത്തിൽത്തന്നെ കുറ്റവാളികളെ വായനക്കാർക്കു വെളിപ്പെടുത്തിത്തരുന്ന 'സസ്പെക്ട് x'ന്റെ രസസൂത്രം കുറ്റവാളിയും അപസർപ്പകനും തമ്മിൽ നടത്തുന്ന കുരുക്കുണ്ടാക്കലും കുരുക്കഴിക്കലുമാണ്. ചെയ്യാനാവാത്ത ഗണിതപ്രശ്നം സൃഷ്ടിക്കാനും അത് അഴിച്ചെടുക്കാനുമുള്ള കണക്കിലെ കളി. കുറ്റവാളി ഗണിതജ്ഞനും അന്വേഷകൻ ഭൗതികശാസ്ത്രജ്ഞനുമായ ഈ കഥാഖ്യാനത്തിൽ വഴിയെഴുതിച്ചെയ്യുന്ന ഒരു കണക്കായി മാറുന്നു അപസർപ്പണം.
