രാമകൃഷ്ണന്‍ കൊച്ചാട്ടന്‍ എന്റെ നാട്ടുകാരനും വീട്ടുകാരനുമായിരുന്നു. ഞങ്ങള്‍ നല്ല അടുപ്പക്കാരും. ഒന്നിച്ച് യാത്രകള്‍ പോകും, കഥകള്‍ പറയും, സിനിമ കാണും, അമ്പലങ്ങളില്‍ പോകും... എനിക്കന്ന് പ്രായം ഇരുപത്തിമൂന്ന്, കൊച്ചാട്ടന് എഴുപത്തിയെട്ടോ എഴുപത്തിയൊന്‍
പതോ. ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാകാത്തൊരു ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു.
ഉദയാ സ്റ്റുഡിയോ തുടങ്ങുന്ന വാര്‍ത്ത കണ്ട് കൈയില്‍ കിട്ടിയതൊക്കെ എടുത്ത് വളരെ ചെറുപ്പത്തില്‍ത്തന്നെ ആലപ്പുഴയ്ക്ക് വണ്ടി കയറിയതാണ് കൊച്ചാട്ടന്‍. കുഞ്ചാക്കോയുടെ നിര്‍ദേശപ്രകരാം എഡിറ്റിങ് പഠിച്ചു. പിന്നെ അങ്ങോട്ടുള്ള ആ ജീവിതം സിനിമയെക്കാള്‍ ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നു. ഇടയ്‌ക്കൊന്നു മിനുങ്ങുമ്പോള്‍ കൊച്ചാട്ടന്‍ പഴയ കഥകള്‍ പറയും. പ്രേംനസീറും സത്യനും ഉദയായും ശശികുമാറും തിക്കുറിശ്ശിയുമൊക്കെ കഥകളില്‍ നിറഞ്ഞാടും. എല്ലാം ഒരമ്പരപ്പോടെ ഞാന്‍ കേട്ടിരിക്കും. തള്ളുകഥകളെന്ന് പറഞ്ഞ് അതിനെ ചിലരൊക്കെ കളിയാക്കി. പക്ഷേ, ഞാന്‍ കണ്ടിട്ടുണ്ട്, എല്ലാ കഥകള്‍ക്കും ഒടുവില്‍ നിശ്ശബ്ദനായിപ്പോയി കണ്ണുനിറയുന്ന കൊച്ചാട്ടനെ.
ജേണലിസം പഠിക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് രാമകൃഷ്ണന്‍ കൊച്ചാട്ടന്റെ ജീവിതം ഒരു ഡോക്യുമെന്ററിയാക്കി. ‘മേഘം മൂടിയ താരകം...' അക്കാലത്ത് ഞങ്ങള്‍ക്കിടയില്‍ സിനിമ മാത്രം ചര്‍ച്ചയായി. രാമകൃഷ്ണന്‍ കൊച്ചാട്ടന്റെ വേരുകളന്വേഷിച്ച് യാത്ര തിരിച്ചു. അങ്ങനെ കൊച്ചാട്ടനൊപ്പം ഞങ്ങള്‍ സംവിധായകന്‍ ശശികുമാര്‍ സാറിനെയും ക്യാമറാമാന്‍ ടി. എന്‍. കൃഷ്ണന്‍കുട്ടി സാറിനെയും കണ്ടു. ആ കൂടിക്കാഴ്ച എനിക്കൊരു ഞെട്ടലായിരുന്നു. രാമകൃഷ്ണന്‍ കൊച്ചാട്ടന്റെ പോയകാലത്തെ കഥകള്‍, അനുഭവങ്ങള്‍ ഒക്കെ അവര്‍ വാതാരോതെ പറഞ്ഞുകൊണ്ടിരുന്നു. അന്ന് തിരികെപ്പോരുമ്പോള്‍ ശശികുമാര്‍ സാര്‍ ചോദിച്ചു, "രാമകൃഷ്ണാ നിനക്ക് എന്ത് വേണമെടാ' എന്ന്... കൊച്ചാട്ടന്‍ അന്ന് പറഞ്ഞത്, "എന്റെ ആശാന്‍ എന്റെ ചെറക്കനെ ഒന്ന് അനുഗ്രഹിച്ചാ മതി'യെന്നാണ്... അതായിരുന്നു രാമകൃഷ്ണന്‍ കൊച്ചാട്ടന്‍. ഇങ്ങനെയും മനുഷ്യരുണ്ട് ഈ ഭൂമിയില്‍!
കൊച്ചാട്ടന്റെ തുടക്കം മുതലുള്ള കഥകള്‍ കേള്‍ക്കുന്നത് എനിക്ക് വലിയ ആവേശമായിരുന്നു. ഞാനത് പലരോടും പറഞ്ഞും എഴുതിയും ആഘോഷമാക്കി. ‘പ്രേമം' സിനിമ ഇറങ്ങിയ സമയം. കൊച്ചാട്ടന് വയ്യാതെ കിടപ്പിലാണ്. ഒരു ദിവസം വീട്ടിലേക്ക് വിളിച്ചു. കട്ടിലില്‍ തളര്‍ന്നു കിടക്കുമ്പോഴും എന്നോട് പറഞ്ഞത്, ആ സിനിമയുടെ എഡിറ്റിങ്ങിനെക്കുറിച്ചായിരുന്നു. അത്രമാത്രം ആ മനുഷ്യന്‍ സിനിമയെ ജീവിതമാക്കിയിരുന്നു.
ആദ്യകാല സിനിമാപ്രവര്‍ത്തകന്‍, മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച പ്രതിഭ, തെളിമയുള്ള സിനിമാക്കാരന്‍... പക്ഷേ, കൊച്ചാട്ടനെ സിനിമയില്‍ അടയാളപ്പെടുത്താതെ പോയി. ചില ചിത്രങ്ങള്‍ എഡിറ്റ് ചെയ്‌തെങ്കിലും അതില്‍ പേരു ചേര്‍ത്തില്ല. ഒടുവില്‍ രാമകൃഷ്ണന്‍ നായരെന്ന സിനിമാക്കാരന് സര്‍ക്കാര്‍ രേഖകളില്‍ അംഗീകാരം കിട്ടാന്‍ തിക്കുറിശ്ശി സുകുമാരന്‍നായരുടെ കത്ത് വേണ്ടി വന്നു എന്നത് നിര്‍ഭാഗ്യം എന്നല്ലാതെ എന്തുപറയാന്‍. സിനിമയെ നെഞ്ചേറ്റി, താഴൂരമ്മയെ എപ്പോഴും വിളിച്ച് നടന്ന രാമകൃഷ്ണന്‍ കൊച്ചാട്ടന്‍ ഇപ്പോഴും സ്‌നേഹിച്ചവരുടെ എല്ലാം മനസ്സിലുണ്ട്. കൊച്ചാട്ടനെ ആദരവോടെ, അതിനെക്കാള്‍ സ്‌നേഹത്തോടെ ഓര്‍ക്കുകയാണ്.
പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് ഒരിക്കല്‍ രാമകൃഷ്ണന്‍ കൊച്ചാട്ടന്റെ കഥകള്‍ ഞാന്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ അരുണ്‍ എഴുത്തച്ഛനോട് പങ്കുവച്ചു. അങ്ങനെ അരുണ്‍ചേട്ടന്റെ നിര്‍ദേശപ്രകാരം മലയാള മനോരമയിലെ ‘നാടുകാണി'യില്‍ കൊച്ചാട്ടനെക്കുറിച്ച് ചെറിയൊരു ലേഖനം എഴുതി പ്രസിദ്ധീകരിച്ചു. പിന്നീട് പലപ്പോഴും കൊച്ചാട്ടനെ കാണാന്‍ എനിക്കൊപ്പം അരുണ്‍ചേട്ടനുമെത്തി.
കാലം കുറേക്കഴിഞ്ഞ് ഞങ്ങള്‍ക്കിടയില്‍ വീണ്ടും കൊച്ചാട്ടന്‍ ചര്‍ച്ചാവിഷയമായി. ഇത് എവിടെയെങ്കിലും എഴുതി സൂക്ഷിക്കണമെന്ന് അരുണ്‍ചേട്ടനാണ് ആദ്യം പറയുന്നത്. അത് നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു. എങ്കിലിത് ഒരു നോവലായി എഴുതൂ എന്നായി പിന്നെ. ഞാനത് ശരിവെച്ചെങ്കിലും അത്ര ഗൗരവം കൊടുത്തില്ല. പിന്നെയും പിന്നെയും നിര്‍ബന്ധിച്ചുകൊണ്ടിരുന്നു, എന്തായി എന്ന എല്ലാ ദിവസത്തെയും ചോദ്യം നോവലിലേക്ക് എത്തിച്ചു. ഇതിന്റെ ഓരോ ഘട്ടത്തെയും നയിച്ചു. എല്ലാ തിരക്കുകള്‍ക്കിടയിലും ഒപ്പം ചേര്‍ന്നു. അത്രത്തോളം ഈ നോവലില്‍ അരുണ്‍ചേട്ടന്‍ എന്നോടു ചേര്‍ന്നു നിന്നു. നന്ദി എന്ന വാക്കിനും അപ്പുറമാണ് ആ ബന്ധം.
Summary: P Ayyappadas writes about his novel, Nakshathrangal Sakshi-Oru Cinemakkarante Jeevitham
