സൈബറെഴുത്ത് സമകാല മലയാളഫിക്ഷനിൽ

World of Letters

സൈബറെഴുത്ത് സമകാല മലയാളഫിക്ഷനിൽ


ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനദശകത്തിൽ മലയാളനോവലുകൾ ചർച്ച ചെയ്യാൻ ശ്രമിച്ച പല സാമൂഹികപ്രവണതകളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആദ്യദശകത്തിൽ വളരെ ശക്തമാകുന്നതാണ് നാം കണ്ടത്.  മുതലാളിത്തത്തെ തച്ചുടയ്ക്കാനെന്ന് പറഞ്ഞുവന്ന കമ്മ്യൂണിസം ആഗോളവൽക്കരണത്തെ ചേർത്തുപിടിച്ചു. ആഗോളവൽക്കരണത്തിൻ്റെ സാംസ്കാരിക ഫലമായ വലിച്ചെറിയലിൽ പ്രാദേശികസ്വത്വങ്ങൾ അപ്രസക്തമായി. നവോത്ഥാനത്തിലൂടെ നേടിയെടുത്തെന്ന് കരുതിയതൊക്കെ തൊലിപ്പുറത്തുള്ള ചികിത്സമാത്രമാണെന്ന് തിരിച്ചറിഞ്ഞു. ഇത്തരത്തിലുള്ള തിരിച്ചറിവുകളുടെ ഫലമായി ദളിത്ജീവിതവും അപകോളനീകരണവും പരിസ്ഥിതിസൗന്ദര്യശാസ്ത്രവും സ്ത്രീപരിസ്ഥിതിവാദവും ഫാസിസ്റ്റ് വിരുദ്ധമനോഭാവവും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ എഴുത്തിൽ പ്രബലമായി. പെണ്ണും പ്രകൃതിയും ദളിത് ജീവിതവും എന്നല്ല അരികുവൽക്കരിക്കപ്പെടുന്ന എന്തിനോടുമൊപ്പമാണ് എഴുത്തെന്ന് മലയാളനോവൽ പ്രഖ്യാപിച്ചു. 

വിവരസാങ്കേതികവിദ്യയുടെ സ്ഫോടനാത്മകമായ വളർച്ചാസാധ്യതകൾ മലയാളനോവലുകളിൽ പ്രകടമായിത്തുടങ്ങിയതും ഈ കാലത്താണ്. എം. മുകുന്ദൻ രണ്ടായിരത്തിൽ രചിച്ച നോവലാണ് നൃത്തം. വിവരസാങ്കേതിക രംഗത്തുണ്ടായ വിപ്ലവം നോവലിൽ ആദ്യമായി ആവിഷ്കൃതമായതിനാൽ നൃത്തത്തെ ആദ്യത്തെ സൈബർനോവലെന്ന്  വിളിച്ചു. സൈബർലോകം സൃഷ്ടിക്കുന്ന പ്രതീതിയാഥാർത്ഥ്യത്തിന് അടിമയായിപ്പോകുന്ന നായകനെയാണ് നൃത്തത്തിൽ അവതരിപ്പിച്ചത്. നോവലിൻ്റെ ഇതിവൃത്തത്തിലേക്കാണ് മുകുന്ദൻ വിവരസാങ്കേതികവിദ്യയെ സ്വീകരിച്ചത്. പ്രമേയത്തിൽ മാത്രമല്ല ആവിഷ്കരണത്തിൻ്റെ തലത്തിലും സാങ്കേതികതയുടെ നൂതനമാർഗ്ഗങ്ങൾ നോവലിലിന്ന് പ്രകടമാണ്.

സൈബറിടങ്ങളായ ബ്ലോഗ്, ഇ മാഗസിനുകൾ, ഓൺലൈൻ പ്ലാറ്റ് ഫോമുകൾ, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയവയിൽ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളെ സൈബർ സാഹിത്യത്തിൽ ഉൾപ്പെടുത്തിയിട്ട് വർഷങ്ങളായി. രണ്ടായിരത്തിലെ  മൂന്നാം ദശകത്തിൻ്റെ ആദ്യ പടവുകളിലെത്തുമ്പോൾ  ചില നോവലുകളിലെങ്കിലും താരം സാമൂഹ്യമാധ്യമങ്ങളാണ്. അവ വെറും മാധ്യമങ്ങൾ മാത്രമല്ലെന്നും സമകാലത്തിൻ്റെ വ്യക്തിസ്വത്വത്തേയും പൊതുബോധത്തെയും രൂപപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന പങ്ക് നിഷേധിക്കാനാവാത്തതാണെന്നും നമുക്കറിയാം. ദിവസേന കുറച്ചു മണിക്കൂറുകൾ ഏതെങ്കിലും സാമൂഹ്യമാധ്യമത്തിന്റെ ഉമ്മറത്ത് കാറ്റുകൊള്ളാനിരിക്കാത്ത മലയാളി ഇന്നൊരപൂർവ്വ ജനുസ്സാണെന്ന് പറയാതെ വയ്യ. മനസ്സടക്കി വച്ചിരിക്കുന്ന അസൂയയും അസംതൃപ്തിയും ആത്മീയനാട്യങ്ങളും ആത്മരതിയും അവിടെ ചങ്ങല പൊട്ടിക്കുന്നു. വ്യക്തിഹത്യയും സദാചാരഗുണ്ടായിസവും മറനീക്കുന്നു. ചിന്തകൾ പങ്കുവെയ്ക്കപ്പെടുന്നതും പുതിയവ രൂപപ്പെടുന്നതും  പ്രചരിപ്പിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും ഇന്ന് ആ ഉമ്മറത്താണ്.  ജീവിതത്തിൻ്റെ ദർപ്പണമാണ് സാഹിത്യം എന്നതുകൊണ്ട്  നവമാധ്യമങ്ങളുടെ സാംസ്കാരിക ഭാവുകത്വനിർമ്മിതി നോവലിൽ പ്രതിബിംബിക്കുന്നതിൽ അതിശയിക്കാൻ ഒന്നും തന്നെയില്ല.


Related Articles