ഇംഗ്ലണ്ടിന്റെ രാജാവായിരുന്ന റിച്ചഡ് മൂന്നാമൻ വില്യം ഷെയ്ക്‌സ്പിയറിന് തികഞ്ഞ വില്ലനായിരുന്നു, സിംഹാസനം പിടിച്ചെടുക്കാനായി കൊലപാതക പദ്ധതികളും വഞ്ചനകളും അരുംകൊലകളും നടത്തിയ നീചൻ. റിച്ചഡ് മൂന്നാമൻ യുദ്ധത്തിൽ കൊല്ലപ്പെട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞാണ് ഷെയ്ക്‌സ്പിയർ നാടകമെഴുതിയത്. അന്ന് ഇംഗ്ലണ്ട് ഭരിക്കുകയായിരുന്ന ട്യൂഡർ രാജവംശത്തിന്റെയും ആവശ്യം റിച്ചഡ് മൂന്നാമന്റെ ദുഷ്ടബിംബമായിരുന്നു. രൂപലാവണ്യത്തിൽ പ്രകൃതി എന്നെ കബളിപ്പിച്ചു, വിരൂപനും അപൂർണനുമായി സമയമാകും മുമ്പേ ഭൂമിയിൽ പിറന്നുവീണുവെന്ന് ആത്മഗതം ചെയ്യുന്ന റിച്ചഡ് മൂന്നാമൻ ചതികളിലൂടെ കിരീടം പിടിച്ചെടുത്ത് ഒടുവിൽ ബോസ്‌വർത്ത് ഫീൽഡ് എന്ന സ്ഥലത്തു നടന്ന യുദ്ധത്തിൽ കൊല്ലപ്പെടുന്നതുവരെയാണ് ഷെയ്ക്‌സ്പിയർ നാടകത്തിൽ അവതരിപ്പിച്ചത്. 'യുട്ടോപ്യ'യുടെ കർത്താവായ ഇംഗ്ലിഷ് നിയമജ്ഞൻ തോമസ് മൂർ എഴുതിയ 'ഹിസ്റ്ററി ഓഫ് കിങ് റിച്ചഡ് III' എന്ന ജീവചരിത്രവും ട്യൂഡർ കാലത്തെ മറ്റു കൃതികളുമാണ് ഷെയ്ക്‌സ്പിയറിനു പ്രചോദനമായത്. ആ പുസ്തകങ്ങളിലും റിച്ചഡ് വിരൂപനും ചതിയനുമായ കൊലയാളിയായിരുന്നു; രാജാവാകുന്നതിനുവേണ്ടി തന്റെ സഹോദരന്റെ പന്ത്രണ്ടും ഒമ്പതും വയസ്സുള്ള പുത്രന്മാരെ കൊന്ന കൊടുംഭീകരൻ. 1485 ഓഗസ്റ്റ് 22-ന് മുപ്പത്തി രണ്ടാമത്തെ വയസ്സിൽ റിച്ചഡ് കൊല്ലപ്പെട്ടതോടെ ഇംഗ്ലണ്ടിലെ പ്ലാന്റാജെനറ്റ് രാജവംശത്തിന്റെ ഭരണവും 'റോസാപ്പൂയുദ്ധ' (വാർ ഓഫ് ദ റോസസ്) മെന്നറിയപ്പെടുന്ന അധികാരത്തർക്കവും അവസാനിച്ചു. വെറുക്കപ്പെട്ട നീചനായി റിച്ചഡ് മൂന്നാമൻ ചരിത്രത്തിൽ മറഞ്ഞു.
എന്നാൽ റിച്ചഡ് അങ്ങനെയൊരാളായിരുന്നുവോ എന്ന സംശയമുയർത്തിയത് നൂറ്റാണ്ടുകൾക്കുശേഷം 1924-ൽ ലിവർപൂളിൽ ആരംഭിച്ച 'ദ ഫെലോഷിപ്പ് ഓഫ് ദ വൈറ്റ് ബോർ' എന്ന സംഘടനയാണ് (റിച്ചഡ് മൂന്നാമന്റെയും അദ്ദേഹത്തിന്റെ കുടുംബശാഖയായ യോർക്കുകളുടെ സൈന്യത്തിന്റെയും മുദ്രയായിരുന്നു വെള്ളക്കരടി). റിച്ചഡിന്റെ ജീവിതം പുനഃപരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു സംഘടനയുടെ ലക്ഷ്യമെങ്കിലും വലുതായൊന്നും മുന്നോട്ടുപോകാൻ അവർക്കു കഴിഞ്ഞില്ല. രണ്ടാംലോകയുദ്ധ കാലമായതോടെ സംഘടന ഏതാണ്ടു നിശ്ചലമായി. ആ സമയത്താണ് ഒരു അപസർപ്പക നോവലുമായി ജോസഫൈൻ ടേയ് പ്രത്യക്ഷപ്പെട്ടത് -- 'ഡോട്ടർ ഓഫ് ടൈം' (1951). റിച്ചഡ് മൂന്നാമൻ കൊലയാളിയോ ദുഷ്ടനോ ആയിരുന്നില്ലെന്ന് തെളിവുകൾ നിരത്തി വാദിച്ച 'ഡോട്ടർ ഓഫ് ടൈം' ചരിത്രം തിരിച്ചിട്ടു. നാലുവർഷം കഴിഞ്ഞ് ഷെയ്ക്‌സ്പിയറുടെ നാടകത്തെ ആധാരമാക്കി ലോറൻസ് ഒലിവിയർ (റിച്ചഡായി അഭിനയച്ചതും ഒലിവിയർതന്നെ) സംവിധാനം ചെയ്ത 'റിച്ചഡ് കകക' എന്ന സിനിമകൂടി പുറത്തുവന്നതോടെ ചത്തു കിടക്കുകയായിരുന്ന ഫെലോഷിപ്പ് ഓഫ് ദ വൈറ്റ് ബോർ ഉയിർത്തെഴുന്നേറ്റു. 1959-ൽ റിച്ചഡ് കകക സൊസൈറ്റി എന്നു പേരുമാറ്റിയ അത് പ്രവർത്തന നിരതമായി. യുദ്ധഭൂമിയിൽ മരിച്ചുവീണ് ആചാരങ്ങളൊന്നും കൂടാതെ കുഴിച്ചിടപ്പെടുകയും കാലാന്തരത്തിൽ ശവക്കല്ലറപോലും അപ്രത്യക്ഷമാവുകയും ചെയ്ത റിച്ചഡ് മൂന്നാമനെ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ സൊസൈറ്റി ആരംഭിച്ചു. ഈ കഥയുടെ അടുത്ത അദ്ധ്യായം 2012 സെപ്തംബർ 12-നു തുടങ്ങുന്നു. റിച്ചഡ് കകക സൊസൈറ്റിയുടെയും യൂണിവേഴ്‌സിറ്റി ഓഫ് ലെസ്റ്ററിന്റെയും ലെസ്റ്റർ സിറ്റി കൗൺസിലിന്റെയും നേതൃത്വത്തിൽ ഒരു സംഘം പുരാവസ്തുശാസ്ത്രജ്ഞർ റിച്ചഡ് മൂന്നാമന്റെ അസ്ഥികൂടം കണ്ടെത്തിയത് ആ ദിവസമാണ്. തുടർന്നു നടന്ന ഡി.എൻ.എ. പരിശോധനകൾ അത് റിച്ചാർഡിന്റേതാണെന്നു സ്ഥിരീകരിച്ചു. അഞ്ചു നൂറ്റാണ്ടിനുശേഷം അദ്ദേഹത്തെ ലെസ്റ്റർ കത്തീഡ്രലിൽ സർവാദരങ്ങളോടെയും പുനഃസംസ്‌കരിച്ചു. അവിടെ ഇന്നൊരു റിച്ചഡ് മൂന്നാമൻ മ്യൂസിയവുമുണ്ട്.
