രണ്ട് ഗുരുക്കന്മാർ, രണ്ട് പുസ്തകങ്ങൾ, മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന ഒരു പഠനയാത്ര

World of Letters

രണ്ട് ഗുരുക്കന്മാർ, രണ്ട് പുസ്തകങ്ങൾ, മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന ഒരു പഠനയാത്ര


വിവരസാങ്കേതികവിദ്യയിൽ വിദഗ്ധനല്ലാത്ത ഞാൻ നിർമിതബുദ്ധിയെക്കുറിച്ച് ഒരു പുസ്തകം എഴുതുകയും അത് ഡി സി ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്തതിൽ (നിർമ്മിതബുദ്ധിയെ മനസ്സിലാക്കുക: ശാസ്ത്രം, സാങ്കേതിക വിദ്യ, മനുഷ്യൻ്റെ ഭാവി) എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നാൽ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവേളയിൽ പ്രത്യേകം ഓർക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യേണ്ട രണ്ട് വ്യക്തികളുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിലെ മുൻ ലൈബ്രേറിയൻ കെ. രവീന്ദ്രൻ സാറും ഡി സി കിഴക്കേമുറിയും.

എന്റെ വിവരസാങ്കേതികവിദ്യാ പഠനത്തിന്റെ തുടക്കം ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്കുമുമ്പാണ്. 1992 മുതൽ 2000 വരെ കോട്ടയം മെഡിക്കൽ കോളേജിൽ ജോലി ചെയ്തിരുന്ന കാലം. മെഡിക്കൽ കോളേജിൽനിന്ന് വളരെ അടുത്തായിരുന്നു മഹാത്മാഗാന്ധി സർവകലാശാല. ഞങ്ങളുടെ ശസ്ത്രക്രിയാ ദിവസങ്ങളിൽ ഓപ്പറേഷൻ കഴിഞ്ഞ് രോഗികളുടെ പോസ്റ്റ് ഓപ്പറേറ്റീവ് റൗണ്ട്സിന് പോകുന്നതിനു മുമ്പുള്ള സമയം പലപ്പോഴും വലിയ മാനസിക സംഘർഷത്തിന്റേതായിരിക്കും. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളും ആകാംക്ഷകളുമാണ് മനസ്സിൽ. ആ ഇടവേളകളിൽ മിക്ക ദിവസങ്ങളിലും ഞാൻ എം.ജി. സർവകലാശാലാ ലൈബ്രറിയിലേക്ക് പോകുമായിരുന്നു.

അങ്ങനെയൊരു ദിവസം ലൈബ്രറിയിൽ എത്തിയപ്പോൾ, ഉയരം കുറഞ്ഞ ഒരാൾ എന്റെ അടുത്തുവന്ന് ഒരു പുസ്തകം നീട്ടിക്കൊണ്ട് ചോദിച്ചു: “ഡോക്ടർ, ഈ പുസ്തകം വായിച്ചിട്ടുണ്ടോ?”


Related Articles