ചില പ്രണയങ്ങൾ ഇങ്ങനെയുമാകാം

World of Letters

ചില പ്രണയങ്ങൾ ഇങ്ങനെയുമാകാം


സാന്ത്വനശുശ്രൂഷയ്ക്കിടെ അസാധാരണമാം വിധം സൗഹൃദത്തിലാവുന്ന ഡോക്ടറുടെയും പെൺകുട്ടിയുടെയും കഥ വർഷങ്ങളായി മനസ്സിലുള്ളതാണ്. ആ കഥയ്ക്ക് തങ്ങൾപോലുമറിയാതെ ആത്മാവ് പകർന്ന രണ്ടുപേരെ ആദരപൂർവ്വം ഓർമ്മിക്കുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ജോലിചെയ്തിരുന്ന സമയത്ത് എറണാകുളത്തെ വീട്ടിലേക്ക് ദീർഘനേരം ബസ്സിലിരിക്കുമ്പോൾ എനിക്ക് കൂട്ടായിരുന്ന ‘സഫലമീ യാത്ര' രചിച്ച കവി എൻ.എൻ. കക്കാട് ആണ് ഇതിൽ ഒന്നാമൻ. റിപ്പീറ്റ് മോഡിൽ കേട്ടിരുന്ന ആ കവിത എന്നെ ജീവിതത്തിന്റെ ക്ഷണികതയോടൊപ്പം സമയത്തെ കൂടുതൽ ഫലവത്തായി ഉപയോഗിക്കാനും ലോകത്തെ കൂടുതൽ സൂക്ഷ്മമായി സ്നേഹിക്കാനും നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. ഒടുവിൽ ഒരു ഏപ്രിൽമാസത്തിൽ കുറച്ച് ദിവസത്തേക്കുമാത്രം പൂത്തുലഞ്ഞ കൊന്നപ്പൂക്കൾ ‘വെറും വഴിയോരക്കാഴ്ചകളായി പിറകിലേക്ക് ഓടിമറയുമ്പോൾ’ ചെവിയിൽ അലയടിച്ച ആ വരികളിൽനിന്ന് അവൾ രൂപംകൊണ്ടു–വിഷു എന്ന പെൺകുട്ടി... പ്രിയപ്പെട്ട കവിയുടെ സ്മരണകൾക്ക് മുന്നിൽ ഞാൻ ഈ എളിയ പുസ്തകം സമർപ്പിക്കുന്നു.


കഥാതന്തു പൂർത്തിയായിക്കഴിഞ്ഞതിനുശേഷമാണ് ആദിത്യന്റെ അദ്ധ്യാപകനായി ഞാൻ സൃഷ്ടിച്ച ഡോക്ടർ ശരത്ചന്ദ്രനെക്കാൾ മികച്ച ഒരു വ്യക്തിത്വത്തോടൊപ്പം കുറച്ചുനാൾ ജോലിചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്–കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർ ഇന്ദുപ്രഭ യാദവ്. സീനിയർ സർജനായ അദ്ദേഹം തന്റെ ഡ്യൂട്ടിസമയത്തിനുശേഷം പാലിയേറ്റീവ് കെയർ ഒ.പി. കൂടി കൈകാര്യം ചെയ്തുപോരുന്നു. കേരളത്തിൽ സാന്ത്വനശുശ്രൂഷയുടെ അങ്ങേയറ്റം ഉദാത്തമായ മോഡൽ നിർമ്മിച്ച ‘പാലിയം ഇന്ത്യ'യുടെ കീഴിൽ സജ്ജീകരിച്ച ആ ഒ.പിയിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനം നൽകിയിരുന്നത് ആർക്കാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. രോഗീശുശ്രൂഷയ്‌ക്കായി യാദവ്സാറിനൊപ്പം നടത്തിയ ഹോം വിസിറ്റുകൾ പലരീതികളിൽ എന്റെ കണ്ണുതുറപ്പിച്ചു എന്നുപറയാം. വാർദ്ധക്യസഹജവും രോഗസംബന്ധിയായും ഉള്ള കാരണങ്ങൾ മൂലം മരണം ഉറപ്പാവുന്ന സാഹചര്യങ്ങളിൽ ആശുപത്രിയിലെ ഐ.സി.യുവിന് പകരം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മരണം വരിക്കാനുള്ള ഏതൊരാളുടെയും അവകാശത്തെ ഉറപ്പിക്കാനുള്ള ‘ലിവിങ് വിൽ’ എന്ന പ്രക്രിയയുടെ കേരളത്തിലെ മാർഗ്ഗദർശികൂടിയാണ് ഡോക്ടർ യാദവ്. ശരത്ചന്ദ്രൻ എന്ന കഥാപാത്രത്തെ ഉടച്ചുവാർക്കുന്നതിൽ അദ്ദേഹം വലിയ പങ്കുതന്നെ വഹിച്ചു എന്ന് പറയാതെ വയ്യ.


Related Articles