നാടുകടത്തപ്പെട്ട വായനാർഥികൾ

World of Letters

നാടുകടത്തപ്പെട്ട വായനാർഥികൾ


തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെ നീളൻശരീരത്തിലെ ക്രമം തെറ്റിയ അവയവങ്ങളായിരുന്നു പുസ്തകങ്ങൾ. കഥകൾക്കിടയിൽ കവിതയും നോവലുകൾക്കിടയിൽ ആത്മകഥയും കലർന്ന കുഴമറിച്ചിലിലായിരുന്നു ആ ശരീരം, തന്റെ പഴയ നെഞ്ചിൻ​കൂടുയർത്തി, നിശ്ശബ്ദത ശ്വസിച്ച് ജീവൻ നിലനിർത്തിയിരുന്നത്. അടച്ചിട്ട ജനവാതിലിനുള്ളിൽ നീരുകെട്ടിവീർത്ത വായു, ഒച്ച താഴ്ത്തി കണ്ണടഞ്ഞുപോയ വെളിച്ചം, വെരുകിനെപ്പോലെ സ്വന്തം ഗന്ധം സ്രവിപ്പിക്കുന്ന പഴങ്കടലാസുകൾ, ഈ വിചിത്രകാഴ്ച–ഗന്ധത്തിനുള്ളിലൂടെ പുസ്തകം തിരഞ്ഞെത്തുന്ന കൈക്കുള്ളിലേക്ക് അപ്രതീക്ഷിതമായി പെറ്റുവീണേക്കാവുന്ന ഒരദ്ഭുതം അടുക്കുംചിട്ടകൾ തെറ്റിപ്പോയ ഈ ശരീരത്തിനുണ്ടായിരുന്നു. അങ്ങനെ, മാർഗറീതാ ദുറായുടെ ദ ലവറിന്റെ തിരച്ചിലിൽ നോവലുകൾക്കിടയിൽനിന്നും എന്റെ കണ്ണിലേക്കുവീണ ആത്മപുസ്തകമായിരുന്നു ആൻഡ്രിയ ഡ്വാർക്കിന്റെ ഹാർട്ട് ബ്രേക്ക്: ദ പൊളിറ്റിക്കൽ മെമ്മേയർ ഓഫ് എ ഫെമിനിസ്റ്റ് മിലിറ്റന്റ്.

ചെറിയ ചെറിയ അധ്യായങ്ങൾ, കടുപ്പം കുറഞ്ഞ ഭാഷ, ​പ്രകോപിപ്പിക്കുന്ന ധാർഷ്ട്യം, എഴുത്തിലുടനീളം ആഴമുള്ള വായന​ക്കാരിയുടെ നിഴൽ, പെൺനോട്ടത്തിന്റെ കാമ്പ് ഈ സവിശേഷതകളാവാം ഒരു രാത്രിയുടെ നീളം തീരുംമുൻപ് ആൻഡ്രിയയുടെ ആത്മകഥയുടെ അവസാനത്തെ വരിവരെ കണ്ണെത്തിച്ചത്. ഈ പുസ്തകത്തിലെ രണ്ടധ്യായങ്ങൾ, അടഞ്ഞതും തുറന്നതുമായ രണ്ടു വായനാനുഭവലോകത്തെക്കുറിച്ചുള്ളതാണ്. ഒന്ന്: സ്കൂൾ ലൈബ്രറി. രണ്ട്: പുസ്തകശാല.

സ്കൂൾ ലൈബ്രറിയെന്ന അധ്യായത്തെ ഇങ്ങനെ ചുരുക്കിയെഴുതാം: എന്റെ സ്കൂൾ ലൈബ്രറിക്ക് നല്ല ഉയരമുണ്ടായിരുന്നു. പുസ്തകങ്ങളായിരുന്നു അതിന്റെ മേൽക്കൂര താങ്ങിനിർത്തുന്നതെന്നു തോന്നും. അന്നത്തെ ലൈബ്രേറിയന്മാർ ‘അശ്ലീല’​സാഹിത്യത്തിനെതിരേ കോടതിയെ സമീപിച്ചിരുന്നു. അവർക്ക് അത്തരം പുസ്തകങ്ങൾ ലൈബ്രറികളിൽ സൂക്ഷിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. പുസ്തകങ്ങൾ കുട്ടികളിൽ എത്തിക്കാതിരിക്കാനായി അവർ പട്ടാളമേധാവികളെപ്പോലെയാണു പെരുമാറിയിരുന്നത്. എന്നാൽ, ഇവരുടെ സഹായമില്ലാതെതന്നെ ഞാൻ ഡാർവിനൊപ്പം HMS ബീഗിളിൽ യാത്രചെയ്തു. ഫ്രോയ്ഡിനൊപ്പം മനസ്സിലേക്ക് എടുത്തുചാടി. എങ്ങനെ ദാരിദ്ര്യം അവസാനിപ്പിക്കാമെന്ന് മാർക്സിനൊപ്പം അറിഞ്ഞു.


Related Articles