പുസ്തകങ്ങൾ ഇല്ലാത്ത ലോകത്തിലെ സ്വപ്നം

World of Letters

പുസ്തകങ്ങൾ ഇല്ലാത്ത ലോകത്തിലെ സ്വപ്നം


‘മാനവികമരണാനന്തരം ഗാഥ' എന്ന നോവലിലൂടെ ഒരു നഷ്ടത്തെപ്പറ്റിയാണ് ഞാൻ എഴുതാൻ തുടങ്ങിയത്. പതുക്കെപ്പതുക്കെ ചോർന്നുപോവുകയും എന്നാൽ കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയാത്തതുമായ ഒരു നഷ്ടം. മാനവികവിഷയങ്ങൾ അനാവശ്യമാണ് എന്ന ചിന്ത എപ്പോഴേ ആളുകളുടെ പൊതുബോധത്തിൽ ഉടലെടുത്തുകഴിഞ്ഞിരിക്കുന്നു. ആഗോളതലത്തിൽ സാഹിത്യം, തത്ത്വചിന്ത, ചരിത്രം, കവിത, പുരാണം, കല എന്നിവയൊക്കെ ഉൾപ്പെടുന്ന മാനവികവിജ്ഞാനശാഖകൾക്ക് പേരുകേട്ട പല സർവകലാശാലകളും പ്രതിസന്ധികൾ നേരിടുന്ന അവസ്ഥ ഇങ്ങെത്തിക്കഴിഞ്ഞു. ഈ പഠനമേഖലകൾ ഉടനെയുള്ള സാമ്പത്തികലാഭം സൃഷ്ടിക്കുന്നില്ല. അവയെ എളുപ്പത്തിൽ അളക്കാനാകില്ല. ഇന്നത്തെ ലോകം ആവശ്യപ്പെടുന്ന പ്രൊഡക്റ്റിവിറ്റി അളവുകോലിലേക്ക് അവയെ വിവർത്തനം ചെയ്യാൻ ബുദ്ധിമുട്ടാണ്. മാത്രമല്ല, ഇത്തരം വിഷയങ്ങൾ പഠിക്കുന്നയാളുകൾ ചിന്തിക്കുകയും ചോദ്യം ചെയ്യുകയും ഒക്കെ ചെയ്യുന്നു. അതും ഒരു അസൗകര്യംതന്നെ.

എന്താണ് പ്രൊഡക്റ്റിവിറ്റി? ഇക്കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഈ വാക്കിന്റെ അർഥമെന്താണ്? ഇന്ന് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന പല പുസ്തകങ്ങളും സെൽഫ് ഹെൽപ്പ് എന്ന ഗണത്തിൽ പെടും. ഉത്പാദനക്ഷമത വർധിപ്പിക്കാനുള്ള ഉപദേശങ്ങളാണ് അത്തരം പുസ്തകങ്ങളിൽ സാധാരണയായി കാണാറുള്ളത്. കൂടുതൽ കാര്യക്ഷമത, കൂടുതൽ ഉത്പാദനം, അളന്നുതിട്ടപ്പെടുത്താൻ കഴിയുന്ന ജീവിതവിജയം! ഒറ്റനോട്ടത്തിൽ ഇതെല്ലാം നല്ല കാര്യങ്ങളാണ് എന്ന് തോന്നുകയും ചെയ്യും. മടിപിടിച്ച് ഇരിക്കുന്നത് ഒരു നല്ല കാര്യമല്ലല്ലോ. പക്ഷേ, പ്രശ്നം ഈ ഉത്പാദനക്ഷമതയല്ല, മറിച്ച് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനമൂല്യത്തെ മുഴുവൻ കച്ചവടകേന്ദ്രിതമായ ഒരു ഉത്പാദനക്ഷമതാ കണക്കെടുപ്പിലേക്ക് ചുരുക്കാൻ തുടങ്ങുന്നതാണ്. ഒരു മനുഷ്യന്റെ മൂല്യം അയാളുടെ ഉത്പാദനത്തിന്റെ അളവ് മാത്രമാണ് എന്നതിലേക്ക് ചുരുങ്ങുമ്പോൾ മനുഷ്യൻ പതുക്കെ ഒരു യന്ത്രമായി മാറുന്നു.

കച്ചവടകേന്ദ്രിതമായ ഈ സമ്പ്രദായം ഏത് മനുഷ്യപ്രവൃത്തിയെ കണ്ടാലും ചില സ്ഥിരം ചോദ്യങ്ങൾ ചോദിക്കും. "എന്താണ് ഇതിന്റെ പ്രയോജനം? ഇതിൽനിന്ന് ലാഭമുണ്ടാക്കാൻ കഴിയുമോ? എത്ര ലാഭമുണ്ടാകും എന്ന് അളക്കാൻ കഴിയുമോ? ആ ലാഭം ഇരട്ടിയാക്കാനും പത്തിരട്ടിയാക്കാനും നൂറിരട്ടിയാക്കാനും കഴിയുമോ?' ഒരു വ്യക്തി അവരുടെ മാനസികോല്ലാസത്തിനും അല്പം ആശ്വാസത്തിനുമൊക്കെവേണ്ടി ഒരു ചിത്രം വരച്ചാൽ, അത് ഒരു ബിസിനസ് ആക്കി മാറ്റിക്കൂടേ? ഒരു ഓൺലൈൻ സ്റ്റോർ എങ്കിലും? എന്ന ചോദ്യം വരികയും അതൊരു സ്വാഭാവിക ചിന്തയാവുകയും ചെയ്യുന്നുണ്ട് ഇപ്പോൾ. ഇത്തരം ചോദ്യങ്ങൾ ബിസിനസ് ലോകത്തിൽ പ്രായോഗികമാണ്. എന്നാൽ മനുഷ്യജീവിതത്തിന്റെ മുഴുവൻ മേഖലകളെയും ഇതേ കച്ചവടയുക്തി നിയന്ത്രിക്കാൻ തുടങ്ങുമ്പോൾ അവിടെ നികത്താനാകാത്ത ഒരു ആത്മീയശൂന്യത രൂപപ്പെടുന്നു.


Related Articles