പച്ചമരത്തണലുകൾ

World of Letters

പച്ചമരത്തണലുകൾ


ഹാനായ ബ്രിട്ടീഷ് ചരിത്രകാരൻ ഇ പി തോംസൺ ഒരിക്കൽ അഭിപ്രായ​പ്പെട്ടു, "ഇന്ത്യയെ ഒരു പ്രധാന രാജ്യമെന്നല്ല, മറിച്ച്, ഈ ലോകത്തിന്റെ ഭാവിയുടെ കാര്യത്തിൽ ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട രാജ്യമെന്നാണു പറയേണ്ടത്. ആരുടെയും ഔദാര്യം കാത്തുനിൽക്കേണ്ട ഗതി​കേടി​ല്ലാത്ത ഒരു രാജ്യമാണ് ഇന്ത്യ. ഹൈന്ദവ, ഇസ്‌ലാമിക, ക്രിസ്തീയ, മതേതര, സ്റ്റാലിനിസ്റ്റ്, ലിബറൽ, മാവോവാദി, സോഷ്യലിസ്റ്റ് ജനാധിപത്യ, ഗാന്ധിയൻ തുടങ്ങിയ ലോകത്തിന്റെ എല്ലാ സംയോജിതസ്വാധീനങ്ങളും ഈ സമൂഹ​ത്തിന്റെ സിരകളിലൂടെ ഒഴുകുന്നു. ഇന്ത്യയുടെ മനസ്സിൽ സജീവ​മല്ലാത്ത ഒരു ആശയധാരയും പടിഞ്ഞാറോ കിഴക്കോ നിലനിൽക്കുന്നില്ല.'

ലോകത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയാണ് (അല്ലെങ്കിൽ ആയിരുന്നു) "ഏറ്റവും പ്രാധാന്യം' അർഹിക്കുന്ന രാജ്യം എന്ന ഇ പി തോംസൺ ആശയവാദത്തെ ചിലർ എതിർത്തേക്കാം. എന്നാൽ ഞാൻ അദ്ദേഹത്തിന്റെ മറ്റൊരു അഭിപ്രായത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്: അത്ഭുതാവഹമായ വൈജാത്യങ്ങൾ ഇന്ത്യൻ ബൗദ്ധികചിന്താമണ്ഡലത്തിൽ നിലനിൽക്കുന്നു എന്ന വാദത്തിലേക്ക്. ഈ വൈജാത്യ​ങ്ങൾ, ഈ രാജ്യത്തിന്റെ വിസ്തൃതി, ഇവിടത്തെ സാംസ്‌കാരിക വൈവിധ്യം, അധികാരശ്രേണീവ്യവസ്ഥ ആഴ്ന്നിറങ്ങിയ ഈ സമൂഹത്തിൽ ഒരു ജനാധിപത്യസംവിധാനം (കുറ്റമറ്റതല്ലെങ്കിൽപോലും) കെട്ടിപ്പടുക്കാൻ ശ്രമിക്കാൻ കാണിച്ച ചങ്കൂറ്റം എന്നിവയുടെ പരിണതഫലങ്ങളാണ്. "ഗ്ലോബൽ സൗത്ത്' എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ബൗദ്ധികപാരമ്പര്യത്തിന്റെ ഊർജ്ജസ്വലതകൊണ്ടും നവീനതകൊണ്ടും ആത്മവിശ്വാസംകൊണ്ടും സവിശേഷ ശ്രദ്ധയർഹിക്കുന്ന രാജ്യമാണ് തീർച്ചയായും ഇന്ത്യ. ഈ കാര്യത്തിൽ ഇന്ത്യ ഇതരരാജ്യങ്ങളെ അപേക്ഷിച്ച് മികച്ചു നിൽക്കുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾമാത്രമല്ല, ഇന്ത്യയെക്കാൾ വലിപ്പമേറിയ അയൽരാജ്യമായ ചൈനയുമായി തുലനം ചെയ്യുമ്പോൾ​പോലും; ചൈനയിലെ വൈജ്ഞാനിക പൈതൃകങ്ങളൊക്കെയും ഏകാധിപത്യഭരണകൂടങ്ങൾ നിഷ്‌കരുണം അമർച്ച ചെയ്തുകളഞ്ഞു.

ഇന്ത്യൻ ബൗദ്ധികജീവിതത്തിലെ പ്രാധാന്യം അർഹിക്കുന്ന, എന്നാൽ അത്ര പരിഗണന ലഭിച്ചിട്ടില്ലാത്ത ഒരു ചിന്താധാരയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഭൂതവർത്തമാനകാലങ്ങളുമായും സാധ്യമായ ഭാവികാലവുമായി ബന്ധപ്പെട്ട ഒരു വിഷയം. യാഥാസ്ഥിതിക സാമൂഹികശാസ്ത്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഒരു പാരിസ്ഥിതിക അവബോധം ഉണ്ടാവാൻ ഇടയില്ലാത്തതാണ്. "പാരിസ്ഥിതിക നിലപാടുകൾ സ്വീകരിക്കാൻവയ്യാത്തത്ര ദരിദ്രം' എന്നൊരു കാഴ്ചപ്പാടാണ് ഇത്തരം രാജ്യങ്ങളെക്കുറിച്ച് നിലനിൽക്കുന്നത്. 1980–ൽ എം ഐ ടി​യിലെ സാമ്പത്തികശാസ്ത്രജ്ഞനായ ലെസ്റ്റർ തുറോ നടത്തിയ "പരിസ്ഥിതിവാദത്തിൽ തത്പരരായ രാജ്യങ്ങളെയോ ഓരോ രാജ്യത്തിനകത്തുള്ള അത്തരം വ്യക്തികളെയോ എടുത്തുനോക്കിയാൽ, പരിസ്ഥിതിവാദം എത്രത്തോളം ഒരു മധ്യവർഗ്ഗതാത്പര്യമാണെന്നതിൽ അതിശയം തോന്നും. ദരിദ്രരാജ്യങ്ങൾക്കോ ദരിദ്രരായ ആളുകൾക്കോ അതിൽ ഒരു താത്പര്യവുമില്ല'എന്ന ഏറെ പ്രസിദ്ധി (അല്ലെങ്കിൽ കുപ്രസിദ്ധി) നേടിയ പരാമർശംപോലെ.


Related Articles