കവിതയും കാർണിവലും

World of Letters

കവിതയും കാർണിവലും


മകളുടെ കല്യാണത്തിനു വരാൻ പറ്റാത്ത കാരണമറിയിച്ചുകൊണ്ട് വിനയചന്ദ്രന്റെ കത്തുകിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: 'ലിവറിനെ ബാധിച്ച ചെറിയ ഒരു ഞെരുക്കംകാരണം ഒരാഴ്ച ആശുപത്രിയിൽ ആയിരുന്നു. യാത്ര വിലക്കിയതുകൊണ്ടു കല്യാണത്തിനു വരാൻ പറ്റിയില്ല. എല്ലാ അനുഗ്രഹാശിസ്സുകളും നേരുന്നു.' പിന്നെ കത്ത് ഇങ്ങനെ തുടരുന്നു: 'ആകാശം മാലാഖമാർ മുത്തമിടട്ടെ. ഭൂമി തൊടാതെനില്ക്കുന്ന നക്ഷത്രങ്ങൾ ഹവ്വയുടെ ജ്വലിക്കുന്ന പഴങ്ങൾ. സ്ഫുട്‌നിക് നിരായുധനല്ല. കവിതയുടെ കവാടത്തിലൂടെ അതിനു പ്രവേശനാനുമതിയുണ്ട്.' വിനയചന്ദ്രന്റെ എല്ലാ കത്തുകളും എഴുത്തുകളും ഇങ്ങനെ ആയിരിക്കും സമാപിക്കുക. ആ ഭാഷ എപ്രകാരമാണു പെരുമാറുകയെന്നു പറയുക വയ്യ. മനുഷ്യനായി ജനിച്ചു കവിയായി ജീവിച്ചവരാണു ഭൂമിയിൽ അധികം. എന്നാൽ, കവിയായി ജനിച്ചു മനുഷ്യനായി ജീവിക്കുന്നതു വിനയൻമാഷേപ്പോലെ കുറച്ചുപേരെയുള്ളൂ. ദീർഘകാലം അധ്യാപകനായി ജീവിച്ച വിനയചന്ദ്രൻ ക്ലാസ്സിനകത്തുമാത്രമല്ല പുറത്തും അധ്യാപകനായിരുന്നു. ഒഴികഴിവുകൾ പറഞ്ഞ് (ഒഴികഴിവുകളുടെ പച്ചവിറകിന്മേൽ ജന്മദീർഘമായ ശവദാഹം -- കെ.ജി. ശങ്കരപ്പിള്ള പറഞ്ഞപ്രകാരം) ഓട്ടയടക്കുന്ന ശീലം ആ അധ്യാപകനുണ്ടായിരുന്നില്ല.

ഭൂമിയിൽ മംഗളമുഹൂർത്തങ്ങൾ കൊതിക്കുകയും ആ മംഗളമുഹൂർത്തങ്ങളിൽ എല്ലാവരെയും അനുഗ്രഹിക്കുകയും ആശീർവദിക്കുകയും ചെയ്യുന്ന ഗുരുമനോഭാവം വിനയചന്ദ്രന്റെ കൂടപ്പിറപ്പായിരുന്നു.

ആധുനികതയുടെ മദ്ധ്യാഹ്നത്തിലാണ് വിനയചന്ദ്രന്റെ കവിതകൾ അതിന്റെ ആകാശക്കോട്ടകൾ പണിതത്. മലയാളത്തിലെ ആധുനികതയ്ക്കകത്തു പലതരം ശീതസമരങ്ങൾ ഉണ്ടായിട്ടുണ്ട്. ആശയപരമായ അസ്തിത്വവ്യഥകളിൽ ആധുനികത നന്നായി അഭിരമിക്കുകയുണ്ടായി. എന്നാൽ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അശാമ്യമായ ബന്ധങ്ങളെ പ്രകാശിപ്പിക്കാനാണ് വിനയചന്ദ്രന്റെയും അയ്യപ്പന്റെയും കവിതകൾ കാര്യമായി ഒരുങ്ങിയത്. ഈ കവികളുടെ ജീവിതം നോക്കിയാൽ ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്. ഇരുവരും ഒറ്റയ്ക്കാണു ജീവിച്ചത്. ഗൃഹാതുരതയെ എഴുതലല്ല കവിത; വാക്കുകൊണ്ടു വർത്തമാനത്തെ പുനഃസൃഷ്ടിക്കുന്ന ക്രിയയാണത്. വാക്കിന്റെ മൂർച്ചയുള്ള തിളക്കവും തന്മയത്വവുംകൊണ്ട്, കവിതയെ ചരിത്രസഞ്ചാരമാക്കുകയുണ്ടായി വൈലോപ്പിള്ളി. 'ഓണപ്പാട്ടുകാരി'ലുംമറ്റും കാണുന്ന ഗൃഹാതുരഭാവംപോലും മനുഷ്യജീവിതത്തെക്കുറിച്ചുള്ള ചരിത്രപരമായ പൂരണമത്രേ. അഖണ്ഡദേശീയതയും അതു നിർമ്മിച്ച മുഖ്യധാരാസംസ്‌കാരവും ഗൃഹാതുരത നിറഞ്ഞ ഭാഷയിൽ കവിതയിൽ കൊണ്ടാടിയവരുണ്ട്. പി.യുടെ പല കവിതകളിലും ഈ മട്ട് കാണാം. കോളനീകൃതവിദ്യാഭ്യാസത്തോടും അതു നിർമ്മിച്ച അധീശവ്യവഹാരങ്ങളോടും അഖണ്ഡഭാരതീയമായ ഓർമ്മകൾകൊണ്ടു ഗൃഹാതുരപൂർവ്വമായ ചിത്രങ്ങൾ പി.യുടെ കവിതകളിൽ നിറഞ്ഞുകിടപ്പുണ്ട്. ആധുനികതയുടെ കാലത്തു പരിസ്ഥിതിക്കവിത എന്നറിയപ്പെടുന്ന ഒരു ജനുസ്സുപോലും സജീവമായി. പ്രകൃതിയെയും മരങ്ങളെയും ഗൃഹാതുരപൂർവ്വം ആഘോഷിക്കപ്പെട്ടതിന്റെ സജീവമായ അടയാളംകൂടിയായിരുന്നു അവ. സുഗതകുമാരിക്കും വിഷ്ണുവിനും കടമ്മനിട്ടയ്ക്കും എന്തിനധികം, അയ്യപ്പപ്പണിക്കർക്കുപോലും ഈയൊരു കാവ്യസരിത്തിൽനിന്നു രക്ഷപ്പെടാനായില്ല. ചൊൽക്കാഴ്ച സജീവമായ കാലത്തും 'മരക്കവിത'കൾക്കു കുറെക്കൂടി മുഴക്കങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. എന്നാൽ, '90-കൾക്കുശേഷമുള്ള ആഗോളീകൃതമായ സമ്പദ്‌വ്യവസ്ഥയുടെ കൂത്തരങ്ങിൽ ഇക്കവിതകൾക്ക് അടിവേരില്ലാത്തതുകൊണ്ടായിരിക്കാം തകർന്നുപോകാനായിരുന്നു വിധി.


Related Articles