ഓർഹൻ പാമുക്കിന്റെ പ്ലേഗിന്റെ രാത്രികൾ (Nights of Plague) ഇംഗ്ലീഷ് വിവർത്തനം ഡിസി ബുക്‌സിൽ നിന്ന് അയച്ചുകിട്ടിയപ്പോൾ, ശീലം കാരണം, ആദ്യം ആലോചിച്ചത് തുർക്കിഷ് മൂലകൃതി കിട്ടാനെന്തു വഴി എന്നാണ്. എന്തിനും ഏതിനും വഴിയുണ്ടാക്കാറുള്ള പ്രിയ സുഹൃത്തും വലിയ വായനക്കാരനുമായ സച്ചു തോമസ് തുർക്കിയിലുള്ള അവന്റെ സുഹൃത്ത് റിയാസിനെ ശട്ടം കെട്ടി, ആ യുവസുഹൃത്ത് വെബാ ഗെജലെരി അയച്ചുതന്നു. എന്നോട് തുർക്കിഷ് ഒരക്ഷരം പോലും മിണ്ടില്ല, അതല്ല കാര്യം, ഒരു തുർക്കിഷ് നോവലാണിത് എന്ന് എന്നെത്തന്നെ എല്ലായ്‌പ്പോഴും ബോധ്യപ്പെടുത്തണമായിരുന്നു. ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ആഗസ്തിൽ കാണാം എന്ന 'മരണാനന്തര നോവൽ' തർജ്ജമ ചെയ്തപ്പോഴും En Agosto Nos Vemos സ്പാനിഷ് മൂലകൃതി ഒപ്പമുണ്ടായിരുന്നു. കാരണം മുമ്പു പറഞ്ഞതുതന്നെ.
ഒരാഴ്ചയെടുത്ത് നോവൽ കമ്പോടുകമ്പു വായിച്ചു. വിവർത്തനം ചെയ്യാനുദ്ദേശിക്കുന്ന കൃതി വിവർത്തനം ചെയ്തുകൊണ്ടിരിക്കുമ്പോൾ മാത്രമേ വായിക്കാവൂ എന്നൊരു 'ട്രേഡ് സീക്രട്ട്' പ്രിയപ്പെട്ട വി.പി. ശിവകുമാർ പണ്ടെനിക്കു പറഞ്ഞുതന്നിരുന്നു. അത് ഒന്നാന്തരമൊരു ആശയമാണെങ്കിലും ഞാനതു പാലിക്കാറില്ല. ഭാവനാകല്പിതമായ ഒരു ചരിത്രനോവലിലേക്കിറങ്ങിച്ചെല്ലാൻ അതു മുഴുവനായി വായിക്കുക മാത്രമേ വഴിയുള്ളൂ. അതു 'കൈക്കുടന്ന'യിലാക്കിയാൽ മാത്രമേ വിവർത്തനവും നന്നാവൂ.
