മിന്നൽക്കഥകളും ഞാനും

World of Letters

മിന്നൽക്കഥകളും ഞാനും


ഫാറൂഖ് കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് എന്റെ ആദ്യ കഥ വെളിച്ചം കാണുന്നത്. അത് 'വിസ'യെന്ന പേരിലെഴുതിയ ഒരു ചെറിയ കഥയായിരുന്നു. ആദ്യ കഥയുടെ ആദ്യാനുഭവമാണ് ഞാൻ നിരന്തരം ചെറുതിൽ ചെറുതായ കഥകളെഴുതാൻ കാരണമെന്ന് തോന്നാറുണ്ട്. എഴുപതുകളിൽ ഞങ്ങളുടെയൊക്കെ ഗ്രാമങ്ങളിൽ നിന്ന് ധാരാളം പേർ ഗൾഫ് രാജ്യങ്ങളിലേക്ക് പോയിരുന്നു. ആ ഒരു പശ്ചാത്തലത്തിൽ ആയിരുന്നു 'വിസ' എന്ന കഥ. കഥ ഇങ്ങനെ, ഒരാൾ മരിക്കുന്നു. മരിച്ച വീട്ടിൽ ചന്ദനത്തിരിയുടെ ഗന്ധം. ഖുർആൻ സൂക്തങ്ങളുടെ ഈണം. റോത്മാൻസിന്റെ പുകച്ചുരുളുകൾ. പെർഫ്യൂമിന്റെ സുഗന്ധം. മരിച്ച വീട്ടിൽ കള്ളിക്കുപ്പായമിട്ട നാട്ടുകാർ രാഷ്ട്രീയം പറഞ്ഞിരിക്കുന്നു. മരിച്ചയാൾ മയ്യിത്ത് കട്ടിലിൽ കിടക്കുകയാണ്. അവിടെ പോസ്റ്റ്‌മാൻ അച്യുതൻ കയറി വരുന്നു. മയ്യത്ത് കട്ടിലിൽ നിന്ന് മരിച്ചയാൾ ചാടിയെഴുന്നേറ്റ് ചോദിക്കുന്നു."എന്റെ വിസ വന്നോ?" ഇത്രയുമാണ് കഥ.

നിർദോഷമായ ഈ കുഞ്ഞു കഥ അന്ന് നാട്ടിൽ വലിയ ബഹളമുണ്ടാക്കി. ഞാൻ കഥയിൽ ഒരു ഗ്രാമത്തിന്റെ പേര് പറഞ്ഞിരുന്നു. അന്ന് അവിടെ കഥയുടെ പേരിൽ ഒരു പ്രതിഷേധയോഗം ചേർന്നു. "നീയെന്തിനാണ് ഞങ്ങളുടെ ഗ്രാമത്തെ അപമാനിച്ചത്? "പാറക്കടവ് അങ്ങാടിയിൽ നിന്ന് ചിലർ എന്നോട് ചോദിച്ചു. കുടുംബപരമായും അല്ലാതെയും സുഹൃത്തുകളടക്കം കുറേപ്പേർ എന്നോടൊപ്പവും ഉണ്ടായിരുന്നു. കഥയുടെ പേരിൽ ഒരു ചേരി തിരിവ്. കഥക്കേസ് കാലക്രമേണ രാജിയായി. കാലം കുറേ കഴിഞ്ഞപ്പോൾ, എനിക്ക് ഒരു പുരസ്കാരം ലഭിച്ചപ്പോൾ പ്രതിഷേധ യോഗം ചേർന്ന അതേ സ്ഥലത്ത് വെച്ച് തന്നെ അവർ തന്നെ എനിക്ക് സ്വീകരണവും നൽകി.

പിൽക്കാലത്ത് ഇതേ കുറിച്ച് ഒരു സുഹൃത്ത്‌ ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിൽ 'സൽമാൻ റുഷ്ദി കുറുവന്തേരിയിൽ ' എന്ന പേരിൽ രസകരമായ ഒരു ഫീച്ചർ ചെയ്തതോർക്കുന്നു. കാമ്പസുകളിലൊക്കെ പരിപാടികളിൽ പങ്കെടുക്കുകയും കഥകൾ വായിക്കുകയും ചെയ്യുമ്പോൾ കേൾക്കുന്ന ഒരു ചോദ്യം 'എന്ത് കൊണ്ട്‌ ചെറിയ കഥകൾ എഴുതുന്നു ' എന്നാണ്. 'വിസ' എന്ന ഒരു പന്ത്രണ്ട് വരിക്കഥ കൊണ്ട്‌ ഒരു ഗ്രാമത്തെ ഇളക്കി മറിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ, 'ചെറിയ കഥയാണ് വലിയ കഥ' എന്ന് എന്റെ അബോധ മനസ്സിൽ ആരോ കുറിച്ചിട്ടിട്ടുണ്ടാകണം. അത് കൊണ്ടാണ് ഞാൻ നിരന്തരമായി മിന്നൽക്കഥകൾ എഴുതികൊണ്ടിരിക്കുന്നത്.


Related Articles