ഓർമ്മ വേദനയാകുന്നു

World of Letters

ഓർമ്മ വേദനയാകുന്നു


"അന്തിമോന്തി ഞാൻ ചൊല്ലുന്നു
കേശവാ-
ജീവിതം, ഹാ! ഇത്രയേയുള്ളൂ!

(ഇത്രയേയുള്ളൂ - ഷെൽവി)

ഇത്രയേയുള്ളൂ ജീവിതമെന്ന് വേദനയോടെ ഇപ്പോഴറിയുന്നു. വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1993 ഡിസംബർ 31 ന്റെ സന്ധ്യക്ക് കോഴിക്കോട് ആര്യഭവനിലെ മുറിയിൽ ഞങ്ങൾ വളരെകുറച്ച് സുഹൃത്തുക്കൾ ഒത്തുചേർന്നിരുന്നു. കൊച്ചുബാവ, രാമനുണ്ണി, ശിഹാബ്, സുരേന്ദ്രൻ, സുധീഷ്, നൗഷാദ്, രാമൻ തുടങ്ങി കുറച്ചുപേർ. അന്ന് ഷെൽവി വായിച്ച സ്വന്തം കവിത ഇതായിരുന്നു.

അന്ന് നിന്റെ ആദ്യ കവിതാ സമാഹരമായ നൊസ്റ്റാൾജിയയുടെ പ്രകാശനമായിരുന്നു. പുറത്താരെയും അറിയിക്കാതെ, പത്രക്കാരോ ക്യാമറക്കാരോ ഇല്ലാതെ തന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളെ വിളിച്ചു വരുത്തി കവിത വായിച്ചു കൊണ്ടൊരു പുസ്തക പ്രകാശനചടങ്ങ്. കവിത നിനക്ക് തിമർത്തു പെയ്യുന്ന ആഘോഷമായിരുന്നില്ല. നീ നിന്നോട് തന്നെ നടത്തുന്ന സ്വകാര്യ സംഭാഷണമായിരുന്നു. ചില ദിവസങ്ങളിൽ രാത്രി പത്ത് മണിക്ക് ശേഷം നിന്റെ വിളിയുണ്ടാകും. ലഹരിയുടെ ചിറകിലേറിയ വാക്കുകൾ. പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചുള്ള പരിഭവങ്ങൾ, വളരെ നിസ്സാരമായ കാര്യങ്ങളെക്കുറിച്ചുള്ള വേവലാതികൾ, ഏതോ ശത്രുവിനെ മെനഞ്ഞെടുത്തു നടത്തുന്ന ആക്രോശങ്ങൾ. ചിലപ്പോൾ സത്യമായും ക്ഷമ കെട്ടു പോയിട്ടുണ്ട്. അങ്ങനെയുള്ള ഒരവസരത്തിൽ ഒരിക്കൽ ഞാൻ പറഞ്ഞു."​ഇനി നീയെന്നെ വിളിക്കരുത്" അന്ന് ഞാനങ്ങനെ പരുഷമായി പറഞ്ഞെന്ന് പറഞ്ഞ് രാമനുണ്ണിയോട് വല്ലാതെ ദു:ഖത്തോടെ പരിഭവം പറഞ്ഞു നീ. പിറ്റേന്ന് വൈകുന്നേരം ഈ ബഹളം കാട്ടിയതൊന്നും ഞാനല്ലെന്ന നാട്യത്തിൽ ആര്യഭവനിലിരുന്ന് ചായക്കോപ്പകൾക്ക് മുന്നിൽ ഒരു മുയൽകുഞ്ഞ്. അപ്പോഴും എപ്പോഴും നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. നന്മ നിറഞ്ഞവൻ, ഹൃദയവിശുദ്ധിയുള്ളവൻ നീ.


Related Articles