അർദ്ധനാരീശ്വരനിലെ നായകനായ കാളി തൻ്റെ ഭാര്യവീടിൻ്റെ മുറ്റത്ത് ഒരു പൂവരശിൻകമ്പ് നടുന്നുണ്ട്. പന്ത്രണ്ടടി നീളമുള്ളൊരു കമ്പ്. അത് പതിയെ പൊട്ടിമുളച്ച് വളർന്നുവലുതായി, ശതശാഖകൾ പടർത്തി ആ മുറ്റത്താകെ തണൽ വിരിക്കുന്നു. പന്ത്രണ്ട് വർഷക്കാലത്തിനിടെ നോവലിൻ്റെ കഥയ്ക്കൊപ്പം ആ മരവും വളരുന്നു. ഏതാണ്ടിതേ പോലെയാണ് മലയാളത്തിൽ പെരുമാൾ മുരുകനെന്ന നോവലിസ്റ്റിൻ്റെ വളർച്ചയും. അർദ്ധനാരീശ്വരനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കൊപ്പമാണ് മലയാളി ആ എഴുത്തുകാരൻ്റെ പേര് ആദ്യമായി കേൾക്കുന്നത്. നോവലിലെ പൂവരശിൻകമ്പ് മറ്റൊരു മുറ്റത്ത് നട്ടുപിടിപ്പിച്ചതുപോലെ മലയാളത്തിൻ്റെ മുറ്റത്തും അന്ന് ഒരക്ഷരക്കമ്പ് നടുകയായിരുന്നു കാലം. ഏതാണ്ട് ഒരു വ്യാഴവട്ടം കഴിഞ്ഞപ്പോൾ കാളിയുടെ പൂവരശിനെപ്പോലെ നോവലിൻ്റെ സ്രഷ്ടാവും മലയാളിയുടെ വായനാലോകത്ത് ശാഖോപശാഖകൾ വിടർത്തി തണൽ പരത്തി നില്ക്കുന്നു.
വെറുമൊരു വിവാദത്തിലൂന്നിയ സഹതാപമായിരുന്നില്ല മലയാളിക്ക് പെരുമാൾ മുരുകനോടു തോന്നിയത്. നാമിന്നുവരെ കാണാത്തതും അനുഭവിക്കാത്തതുമായ ഒരു ലോകം. നമുക്ക് തീരെ അപരിചിതമെങ്കിലും ആത്മബന്ധം സ്ഥാപിതമാകുന്ന കഥാപാത്രങ്ങൾ. 'വളർന്ന' മലയാളിക്ക് 'വളരാത്ത' തമിഴ് ഗ്രാമങ്ങൾ കാണുന്നതിലുള്ള കൗതുകം. ഇങ്ങനെ ഒട്ടനവധി കാരണങ്ങൾ ഈ അടുപ്പത്തിനു പിന്നിലുണ്ട്. തമിഴിലും മലയാളത്തിലുമുള്ള ചിലരെങ്കിലും അദ്ദേഹത്തിനെതിരെ ഉന്നയിക്കുന്ന ഒരു വിമർശനമുണ്ട്. ആദ്യനോവലായ 'നിഴൽ മുറ്റം' മുതലുള്ള എല്ലാ കൃതികളിലും ജാതിപ്രശ്നങ്ങളാണ് കാതലായ വിഷയമെന്നും ഈ ലോകത്തുള്ള മറ്റൊന്നും അദ്ദേഹം കാണുന്നില്ല എന്നും അവർ ആരോപിക്കുന്നു. ഈ വ്യവസ്ഥിതി സമൂഹത്തിൽ നിലനില്ക്കുന്നതുവരെ താനിതു തുടരുമെന്ന് ഇതിനു മറുപടയായി സമീപകാലത്ത് അദ്ദേഹം പറയുകയും ചെയ്തു.
എഴുത്തിൽ സമൂഹത്തോടുള്ള ഒരു ചോദ്യമോ സമൂഹത്തിൻ്റെ ഒരു ചോദ്യത്തിനെങ്കിലുമുള്ള ഉത്തരമോ ഉണ്ടായാൽ മാത്രമേ അത് ജീവനുള്ള സാഹിത്യമാകൂ എന്നതാണ് ഒരു വായനക്കാരനെന്ന നിലയിൽ എൻ്റെ പക്ഷം. അതനുസരിച്ചു നോക്കുമ്പോൾ അദ്ദേഹത്തിൻ്റെ നിലപാടുകൾ ശരിയാണെന്നു നമുക്ക് ബോധ്യമാകും.
