പെൺകാമനകൾ: നിശ്ശബ്ദതയുടെ ചങ്ങല പൊട്ടുമ്പോൾ

World of Letters

പെൺകാമനകൾ: നിശ്ശബ്ദതയുടെ ചങ്ങല പൊട്ടുമ്പോൾ


"അരുതാത്തതൊന്നുമതിലില്ലയെന്നാലും
അരുതെന്ന വാക്കാൽ വിലക്കുന്നു നീ എന്നെ.
ഇനിയെന്റെയുള്ളിലെ മൃഗമുണർന്നീടുകിൽ
ഇരുമ്പഴിക്കൂടുകൾ തകർത്തു ഞാൻ പോകും!'

– വിജയലക്ഷ്മി (മൃഗശിക്ഷകൻ)

മനുഷ്യജീവിതത്തിന്റെ ഏറ്റവും വലിയ ചാലകശക്തി എന്തെന്ന ചോദ്യത്തിന് കാലം നൽകിയ ഒരൊറ്റ ഉത്തരമേയുള്ളൂ, "കാമന'. എന്നാൽ ഈ വാക്കിനെ എക്കാലത്തും പുരുഷന്റെ യുക്ത്യധിഷ്ഠി​തമായ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം വ്യാഖ്യാനിക്കാനാണ് പുരുഷകേന്ദ്രീകൃതമായ അറിവ് ശ്രമിച്ചിട്ടുള്ളത്. പുരുഷന്റെ നോട്ടത്തിൽ കാമന എന്നത് ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് മാത്രം നേർരേഖയിൽ സഞ്ചരിക്കുന്ന ഒന്നാണ്. എന്നാൽ "പെൺകാമന' എന്നത് കേവലം ഒരു ശാരീരിക ആവശ്യമോ സംതൃപ്തിയോ മാത്രമല്ല. മറിച്ച് അത് ഉടലും മസ്തിഷ്കവും സംസ്കാരവും അധികാരവും അബോധപൂർവ്വമായി പരസ്പരം കൈകോർക്കുന്ന ഒരു വലിയ പ്രപഞ്ചമാണ്.

മനോവിശ്ലേഷണരംഗത്ത് സിഗ്‌മണ്ട് ഫ്രോയിഡ് സ്ത്രീലൈംഗികതയെ "ഇരുണ്ട ഭൂഖണ്ഡം' എന്ന് വിളിച്ച് കൈയൊഴിഞ്ഞിടത്തുനിന്നാണ് ജാക്വസ് ലക്കാൻ കാമനയ്ക്ക് പുതിയൊരു ദർശനം നൽകുന്നത്. ലക്കാന്റെ ചിന്തയിൽ കാമന എന്നത് ഏതെങ്കിലും ഒരു ഭൗതികവസ്തുവിന്റെ കുറവല്ല, മറിച്ച് നമ്മുടെ അസ്തിത്വത്തിന്റെതന്നെ അടിസ്ഥാനമായ ഒരു ശൂന്യതയാണ്. പുരുഷൻ തന്റെ അധികാര അതിരുകൾക്കുള്ളിൽ ഒതുങ്ങുമ്പോൾ, സ്ത്രീ ഈ അതിരുകൾക്ക് പിടികൊടുക്കാത്തവളാണ്. ലക്കാന്റെ ഭാഷ​യിൽ അവൾ "എല്ലാവരുമല്ല' (Not–All). അതുകൊണ്ടുതന്നെ അവളെ ഒരു നിശ്ചിത സദാചാരപ്പെട്ടിയിലോ സാർവത്രിക നിർ​വചനത്തിലോ അടച്ചുപൂട്ടാൻ പുരുഷന്റെ ഭാഷയ്ക്ക് കഴിയില്ല. പെൺകാമന എന്നത് പുരുഷന്റെ ലക്ഷ്യബോധത്തിന് അപ്പുറം നിൽക്കുന്ന, വാക്കു​ക​ളാൽ പൂർണ്ണമായി വിവരിക്കാൻ സാധി​ക്കാത്ത, അനന്തവും ഗോപ്യ​വുമായ "മറ്റൊരു ആനന്ദമാണ്' (Feminine Jouissance). ജൂലിയ ക്രിസ്തേവ ഇതിനെ ഭാഷയുടെയും സാമൂഹിക നിയമങ്ങ​ളുടെയും വരവിന് മുൻപുള്ള അമ്മയുടെ ശരീരത്തോടുള്ള പെൺകുട്ടിയുടെ അതിഗാഢമായ വൈകാരിക ലയനവുമായി (Semiotic Fusion) ചേർത്തുവായിക്കുന്നു.


Related Articles