പേടി കുടയുന്നു

World of Letters

പേടി കുടയുന്നു


യം എക്കാലവും എന്നെ പിന്തുടർന്നിരുന്നു. കുട്ടിക്കാലം കൗമാരം യൗവ്വനം തുടങ്ങി എല്ലാകാലത്തും പേടിച്ചാണ് ഞാൻ ജീവിച്ചത്. 

കുട്ടിയായിരിക്കുമ്പോൾ ആരെങ്കിലും എപ്പോൾ വേണമെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകുമെന്നും കണ്ണു രണ്ടും ചൂഴ്ന്നെടുത്ത് ഭിക്ഷയെടുക്കാൻ വിടുമെന്നും കരുതിയിരുന്നു. സ്വപ്നങ്ങളൊക്കെയും അത്തരത്തിൽ ഉള്ളവയായിരുന്നു. ഒരു കൂട്ടം ആളുകൾ പിടിച്ചോണ്ട് പോയി തലയിൽ കൂർത്ത മുനയുള്ള മരക്കഷ്ണം ചുറ്റിക കൊണ്ട് അടിച്ചിറക്കുന്നത് സ്വപ്നം കണ്ടത് ഇപ്പോഴും ഓർമ്മയിലുണ്ട്. ആ മുറിവിപ്പോഴും ഉണങ്ങിയിട്ടില്ല. നീറ്റലും മാറിയിട്ടില്ല.

ആരെങ്കിലും ഉപദ്രവിക്കുമെന്നുള്ള, ഉപ്പ മദ്യപിച്ച് വന്ന് ഉമ്മയെ ഉപദ്രവിക്കുമെന്നുള്ള, ഉമ്മ ആത്മഹത്യ ചെയ്യുമെന്നുള്ള, ലഹരിക്കടിമയായ അനിയനെക്കുറിച്ചുള്ള, ബസിൽ കയറിയാൽ അത് മറിയുമെന്നുള്ള അങ്ങനെയങ്ങനെ പേടികൾ കൊണ്ട് മാത്രം വരിഞ്ഞ് മുറുകപ്പെട്ട ജീവിതമായിരുന്നു എൻ്റേത്. 

പ്ലസ് ടു പഠനകാലത്ത് എനിക്കൊരു വയറുവേദന വന്നു. അതികഠിനമായ വേദന. ആശുപത്രികളിൽ മാറിമാറി ചികിത്സിച്ചിട്ടും വേദനയുടെ കൃത്യമായ കാരണം കണ്ടെത്താനായില്ല. ഒടുവിൽ സൈക്യാട്രി ഡിപ്പാർട്ട്മെൻ്റിൽ എത്തി. അക്കാലം വരെ ഞാൻ അനുഭവിച്ച വേദനയുടെ ആകെത്തുകയായി ഞാനൊരു മാനസികരോഗി ആയെന്ന് തിരിച്ചറിഞ്ഞ ദിവസം. ഇമോഷൻസ് കരഞ്ഞു പോലും പുറത്തുകളയില്ലായിരുന്നു ഞാൻ. എല്ലാ വേദനകളും കെട്ടിക്കിടന്ന് ശരീരം അതെല്ലാം പുറത്തുകളയാൻ ശ്രമിച്ചതായിരുന്നു വയറുവേദനയായി വന്നത്. അന്ന് കൃത്യമായി രോഗം സ്ഥിരീകരിച്ചത് എനിക്കോർമ്മയില്ല. കുറച്ചു കാലം മരുന്നു കഴിച്ചു. തുടർചികിത്സ ഉണ്ടായില്ല. അതിനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. ഡോക്‌ടറോട് തനിയെ സംസാരിച്ച സമയത്ത് ഉപ്പ കുടുംബം നോക്കാത്തതും കവിതയിൽ നിന്നും കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നതെന്നും പറഞ്ഞിരുന്നു. അത് ഉപ്പയ്ക്ക് വലിയ അഭിമാനക്ഷതമായി. ഉപ്പയെന്നോട് കുറേ ദിവസം മിണ്ടാതിരുന്നു.


Related Articles