കണ്ണുനീർതുള്ളികളിൽ തെളിഞ്ഞു കാണുന്ന ചിരികൾ
എറ്റ്ഗാർ കെരറ്റ്

World of Letters

കണ്ണുനീർതുള്ളികളിൽ തെളിഞ്ഞു കാണുന്ന ചിരികൾ


പോൾ തെറൂ (Paul Theroux) എന്ന അമേരിക്കൻ എഴുത്തുകാരന്റെ ഞാൻ വായിക്കുന്ന ആദ്യ കൃതി, The Mosquito Coast എന്ന പ്രസിദ്ധമായ നോവലാണ്. ഹോണ്ടുറാസിലെ കാടുകളിലേക്ക് കുടിയേറുന്ന ഒരു കുടുംബത്തിന്റെ അനുഭവങ്ങൾ ഒരാൺകുട്ടിയുടെ കണ്ണുകളിലൂടെ കാണുന്നതാണ് ആ നോവൽ. പുറകെ, Girls at Play എന്ന നോവലും വായിച്ചു. പിന്നെ കയ്യിൽ തടഞ്ഞത് The Great Railway Bazaar എന്ന സഞ്ചാരസാഹിത്യം, ആ കൃതി നീണ്ടുനീണ്ടു പോകുന്ന ഒരു യാത്രയാണ്. ലണ്ടനിൽ നിന്ന് ഇംഗ്ലീഷ് ചാനലിന്റെ കരയിലെ ഡോവറിലേക്ക്, ചാനൽ കുറുകെ കടന്ന് കലെയ് (Calais) എന്ന ഫ്രഞ്ച് നഗരത്തിലേക്ക്, അവിടെ നിന്ന് പാരിസിലേക്ക്, പിന്നെ ഓറിയന്റ് എക്സ്പ്രെസ്സിൽ - അഗത ക്രിസ്റ്റിയുടെ Murder on the Orient Express ലെ ഓറിയന്റ് എക്സ്പ്രസ്സ് തന്നെ - ഇസ്താൻബുളിലേക്ക്, മിഡിൽ ഈസ്റ്റിലേക്ക്, ഇന്ത്യയിലേക്ക്, ശ്രീലങ്കയിലേക്ക്, അങ്ങനെ അങ്ങനെ ട്രാൻസ് സൈബീരിയൻ ട്രെയിനിന്റെ വഴികളിലൂടെ മടക്കം, അതാണ് ആ നോവലിന്റെ യാത്രാഗതിയും കഥാഗതിയും. മദ്രാസിലെ റെയിൽവേ സ്റ്റേഷനിൽ വച്ച് തമിഴരുടെ സംഭാഷണം സംഗീതമായി ആസ്വദിക്കുന്ന തെറൂവിനേയും ഇതിനിടയിൽ കാണാം.

യാത്ര അനുഭൂതിയാണെന്ന് തിരിച്ചറിഞ്ഞത് ഈ കൃതിയും, പുറകെ The Old Patagonian Express -(ഇതും തെറുവിന്റെ തന്നെ) എന്ന കൃതിയും വായിച്ചതിന് ശേഷമാണ്. കുറെ കാലം കഴിഞ്ഞപ്പോൾ സഞ്ചാരങ്ങൾ എനിക്കും കുറച്ചൊക്കെ സാധ്യമായി, ഒറ്റയ്ക്കും, കൂട്ടായും. ഇടയ്ക്കിടെയുള്ള യാത്രകൾ എൻ്റെ ജീവിതത്തിന്റെ മിടിപ്പുകളായി മാറി. ഒരുപാട് നല്ല ഓർമ്മകൾ ആ സഞ്ചാരങ്ങൾ തന്നിട്ടുമുണ്ട്. മറിച്ചൊരു ചിന്തയുണ്ടാകുന്നത് അപരൻ വിഷമാണെന്ന് നമ്മളെ പഠിപ്പിക്കാൻ ശ്രമിച്ച കോവിഡ് കാലത്താണ്. അപ്പോഴേക്കും (പ്രായവും കാരണമായിട്ടുണ്ടാവാം) യാത്ര തളർച്ച മാത്രം തരുന്ന ഒന്നായി മാറി, അത്യാവശ്യമല്ലെങ്കില്‍ യാത്രയില്ലാതായായി. ഈയിടെ നടത്തിയ, അത്തരം ഒരു യാത്രയ്ക്ക് ശേഷം തളർന്നിരിക്കുമ്പോഴാണ് പി എഫ് മാത്യൂസ് ആ വാട്സ്ആപ് സന്ദേശമയക്കുന്നത്, ഒരു ചെറിയ കുറിപ്പും ഒരു പി ഡി എഫ് ഫയലും. ആ ഫയൽ ഒരു ചെറുകഥയായിരുന്നു.


Related Articles