പട്ടുനൂൽപ്പുഴു: അദ്ധ്യായം ഒന്ന്

World of Letters

പട്ടുനൂൽപ്പുഴു: അദ്ധ്യായം ഒന്ന്


രു ദിവസം ഉറങ്ങി എഴുന്നേറ്റപ്പോൾ പതിവില്ലാത്തമട്ടിൽ, പുലർച്ചെയുള്ള സ്വപ്നം താൻമാത്രമല്ല, മറ്റൊരാൾകൂടി കണ്ടുകൊണ്ടിരുന്നതായി സാംസയ്ക്ക് അനുഭവപ്പെട്ടു. അതുകൊണ്ട് എക്കാലവും ഓർത്തിരിക്കുന്ന ദിവസം ഇതുതന്നെയായിരിക്കുമെന്ന് പകുതി ഉണർച്ചയിലേ അവന് തോന്നി. പക്ഷേ, അതൊരു സാധാരണ ദിവസംപോലെയായിരുന്നു.

അവധിദിവസമായതുകൊണ്ട് സ്കൂളിൽ പോകേണ്ടതില്ല. നടുവിൽ കുഴിവുള്ളതുകാരണം തൊട്ടിൽപോലെ സങ്കല്പിക്കാവുന്ന കട്ടിലിൽ അവൻ കുറച്ചധികനേരം കിടന്നു. കിടക്കയുടെ താഴെ കയറിന്റെ കെട്ടുകൾ മുറിഞ്ഞ് സാമാന്യം വലിയൊരു തുളയുണ്ടായിട്ടുണ്ട്. ചില രാത്രികളിലെ സ്വപ്നങ്ങളിൽ അവന്റെ പാദം അതിലേ കടന്ന് കുടുങ്ങിപ്പോകാറുണ്ട്. ദുഃസ്വപ്നങ്ങളിലാണെങ്കിൽ കാലനക്കി ഓടാൻ വയ്യാതെ വിഷമിക്കാറുണ്ട്. എന്നാലും ഒരു പ്രത്യേക രീതിയിൽ വശംചെരിഞ്ഞ് കിടക്കാൻ സുഖമാണ്. മുറിയിൽ ഇരുട്ടുതന്നെയാണെങ്കിലും പുറത്ത് നേരം നന്നായി വെളുത്തുകഴിഞ്ഞെന്ന് സാംസയ്ക്ക് മനസ്സിലായി. ചില ഒച്ചകൾ നിലയ്ക്കുകയും ചിലത് ഉണ്ടാകുകയും ചെയ്തിരിക്കുന്നു.

അവൻ അവിടെത്തന്നെ കിടന്ന്, ആരാണ് ഒപ്പം സ്വപ്നം കണ്ടതെന്ന് അത്ഭുതപ്പെട്ടുകൊണ്ട് മുകൾഭാഗത്തെ തടികളിലേക്കു നോക്കി. ഉടനെ വീട് പുതുക്കിപ്പണിയാനായി അച്ഛൻ അറുപ്പിച്ചെടുത്ത ആഞ്ഞിലിത്തടിയുടെ കഷണങ്ങളാണ്. പലകകൾ, കട്ടിളയ്ക്ക് പറ്റിയ കഷണങ്ങൾ, ഉത്തരം വയ്ക്കാനുള്ള വലിയ മുറികൾ, പട്ടികയടിക്കാനുള്ള ചെറിയ നീളൻഭാഗങ്ങൾ, ബാക്കിവന്ന തടിയുടെ എന്തെങ്കിലും ഉപകാരമുണ്ടാകാൻ സാദ്ധ്യതയുള്ള പുറംഭാഗങ്ങൾ. പണിനടക്കാതെവന്നപ്പോൾ അച്ഛനത് വീടിന് മുകളിലേക്ക് കയറ്റിവെച്ച് താത്കാലികമായ ഒരു മച്ചുപോലെയാക്കി. മഴ നനയാതെ തടികളവിടെ സുരക്ഷിതമായിക്കൊള്ളും. കുറേനാൾ ചെന്നപ്പോൾ അതൊരു തട്ടിൻപുറംതന്നെയാണെന്ന് എല്ലാവരും വിചാരിച്ചു. എന്നെങ്കിലും നടക്കാനിടയുള്ള വീടുപണിയെ മറന്നു. അതിനു മുകളിലേക്ക് ഉടനെ ആവശ്യമില്ലെന്ന് തോന്നിയതെല്ലാം കയറ്റി​വെച്ചു. പഴയ ചില പാത്രങ്ങൾ, ഒരുപയോഗവുമില്ലാത്ത ആണികൾ, പാട്ടകൾ. അവൻ പലതവണ വായിച്ചുമടുത്ത കുറച്ച് കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങൾ ഒരു ചാക്കിലാക്കിയതുമുണ്ട്. ചില ദിവസങ്ങളിൽ വീടിന്റെ നഗ്നമായ ഭാഗങ്ങളിലെ കഴുക്കോലുകൾവഴി ഇഴഞ്ഞ് ഒരു പാമ്പ് അങ്ങോട്ട് കയറിപ്പോകുന്നത് സാംസ കണ്ടിട്ടുണ്ട്. പിന്നെ ശ്രദ്ധിച്ചാൽ അവിടെനിന്ന് വിശപ്പടക്കാനും ജീവൻ രക്ഷിക്കാനുമുള്ള ബഹളങ്ങൾ ഒരേസമയം കേൾക്കാം. അവൻ എലിയെപ്പിടിക്കുന്നതായിരിക്കും. സാംസ​യത് ആരോടും പറഞ്ഞില്ല. രഹസ്യമായിരിക്കട്ടെ. ചിലപ്പോ എല്ലാവരും ഏതെങ്കിലുമൊക്കെ സമയത്ത് ഇത് കണ്ടുകാണും. അവരും രഹസ്യമാക്കി വെക്കുന്നതായിരിക്കും.


Related Articles