വലിയ പേരയ്ക്കകൾ പഴുത്ത് തൂങ്ങിനിൽക്കുന്ന ഒരു പേരമരമുണ്ട് ഗോവയുടെ ഒരറ്റത്ത്. തമിഴ് പട്ടർ നടത്തിപ്പോരുന്ന കോട്ടേജിന്റെ പൊതുകക്കൂസിന്റെ പുറകിൽ.
പൊന്നാനിയിൽ പോയി മതം മാറി വന്ന് ഉമ്മയെ നിക്കാഹ് ചെയ്തെങ്കിലും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥയായതിനാൽ ഉമ്മയെയുംകൊണ്ട് ഉപ്പ വന്നത് ഗോവയിലേക്കാണ്. ചെറുപ്പത്തിൽ നാടുവിട്ടോടിപ്പോയിരുന്ന ഉപ്പ ഗോവയിലൊരു മിഠായി ഫാക്ടറിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ആ പരിചയത്തിൻ്റെ പുറത്താണ് നേരെ ഉമ്മയെയുംകൊണ്ട് ഗോവയിലേക്ക് വരുന്നത്.
തമിഴ് പട്ടർ നടത്തിയിരുന്ന ഒരു കോട്ടേജിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. വാടക കൊടുക്കണമെങ്കിലും ഉപ്പയുടെ തുച്ഛവരുമാനത്തിന്റെ ശേഷിക്കുറവും അമിതമദ്യപാനവും ഉമ്മയുടെ തോരാത്ത കണ്ണീരും കോട്ടേജ് നടത്തിയിരുന്ന പാട്ടിയമ്മയുടെ മനസ്സലിയിക്കും. നല്ല കറികൾ കൂട്ടി ചോറുണ്ട ഓർമ്മയൊന്നും എനിക്കില്ല. പച്ചരിയുടെ ചോറുണ്ടാകും. അതൊരു പ്ലേറ്റിലെടുത്ത് ഉപ്പിട്ട് കുറെ വെള്ളവുമൊഴിച്ച് ഉമ്മ മുന്നിൽ വെച്ചുതരും. വിതുമ്പിക്കൊണ്ട് പച്ചരിച്ചോറ് വെള്ളത്തിൽ നിന്ന് പിഴിഞ്ഞെടുത്ത് കുനിഞ്ഞിരുന്ന് വാരിത്തിന്നുമ്പോൾ ഒരു ശോഷിച്ച കൈ ചെറിയൊരു പിഞ്ഞാണം മുന്നിൽ കൊണ്ടുവയ്ക്കും. തലയുയർത്തിനോക്കുമ്പോൾ പിഞ്ഞാണം മാത്രമേ കാണൂ. ആളെക്കാണില്ല. കൊണ്ടുവച്ച കറിയുടെ സ്വാദ് ഇന്നും എൻ്റെ നാവിലുണ്ട്.
