അതീതലോകത്തിൽനിന്ന് അനുഭവലോകത്തിലേക്ക്

World of Letters

അതീതലോകത്തിൽനിന്ന് അനുഭവലോകത്തിലേക്ക്


പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, യൂറോപ്പിലെ നവോത്ഥാനകാലത്ത് റാഫേൽ വരച്ച ഒരു ചിത്രമുണ്ട്: ദ് സ്കൂൾ ഓഫ് ഏതൻസ്. പ്രാചീന ഗ്രീസിലെ തത്ത്വചിന്തകരെയും ശാസ്ത്രജ്ഞരെയും അവതരിപ്പിച്ചുകൊണ്ട് സത്യാന്വേഷണത്തിന്റെ വൈവിധ്യമാർന്ന മാർഗങ്ങൾ ദൃശ്യപ്പെടുത്തുന്ന കലാനിർമ്മിതിയാണിത്. പൈതഗോറസും യൂക്ലിഡും ഹെരാക്ലിറ്റസും സോക്രട്ടീസുമെല്ലാം ഈ ചിത്രത്തിലുണ്ട്. അവർ ഓരോരുത്തരും പ്രതിനിധീകരിക്കുന്ന ആശയലോകം വിവിധ നിലകളിലൂടെ ചിത്രത്തിൽ അടയാളപ്പെടുന്നു. ചിത്രത്തിൻ്റെ കേന്ദ്രത്തിൽ രണ്ടു പേരുണ്ട്; പ്ലാറ്റോയും അരിസ്റ്റോട്ടിലും. പ്ലാറ്റോ കൈ ഉയർത്തി മുകളിലേക്കു ചൂണ്ടുന്നു. ഇന്ദ്രിയാനുഭവങ്ങളുടെ ലോകത്തിനതീതമായ, മൂലരൂപങ്ങളുടെ ശാശ്വതലോകമാണ് സത്യം എന്ന ആശയത്തിൻ്റെ സൂചനയാണിത്. അരിസ്റ്റോട്ടിൽ ഇതിനുള്ള മറുപടി എന്നവണ്ണം കൈ താഴേയ്ക്കു ചൂണ്ടുന്നു; യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ ഈ ലോകത്തിലെ വസ്തുക്കളെയും അവയുടെ സ്വഭാവങ്ങളെയും കാരണങ്ങളെയുമാണ് പരിശോധിക്കേണ്ടത് എന്നാണ് ഈ നിലയുടെ സൂചന. പ്ലാറ്റോയുടെ കൈയിൽ ഒരു പുസ്തകമുണ്ട്; ടൈമിയസ്. അരിസ്റ്റോട്ടിലിൻ്റെ കൈയിൽ നിക്കോമാക്കിയൻ എത്തിക്സ് എന്ന പുസ്തകവും. ചുരുക്കത്തിൽ പ്ലാറ്റോ പ്രപഞ്ചസൃഷ്ടിയുടെയും സത്യത്തിൻ്റെയും ഇന്ദ്രിയാതീതമായ തലങ്ങളിലേക്കു വിരൽ ചൂണ്ടുമ്പോൾ അരിസ്റ്റോട്ടിൽ പ്രാപഞ്ചികമായ വസ്തുക്കളുടെയും മനുഷ്യജീവിതത്തിന്റെയും വിവിധതലങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കുകയാണ്. സത്യാന്വേഷണം എന്ന ഒരേ ലക്ഷ്യമുള്ളതിനാൽ ഇരുവരും ഒരേ ദിശയിലേക്കാണു സഞ്ചരിക്കുന്നത് എന്നുകൂടി ഈ ചിത്രം സൂചിപ്പിക്കുന്നു.

ദ് സ്കൂൾ ഓഫ് ഏതൻസ്.: റാഫേൽ
ദ് സ്കൂൾ ഓഫ് ഏതൻസ്.: റാഫേൽ

 


Related Articles